Thursday, November 29, 2007

അന്തഃസ്യ കുന്തഃസ്യ ദേവസ്യ !

“നേരം പന്ത്രണ്ട് കഴിഞ്ഞു.... അതിയാനെവിടെപ്പോയിക്കിടക്കാണാവോ...? എവിടേലും പോകുമ്പോള്‍ ഒന്ന് പറഞ്ഞിട്ട് പോകാ..ഏഹേ... അങ്ങനൊരു പതിവില്ലലോ... എന്നും വന്ന് എന്റെ കൈയ്യീന്ന് രണ്ട് ചീത്ത കേട്ടാലേ അതിയാനു സമാധാനമാകൂ... “

ജനവാതിലിലൂടെ പുറത്തേക്ക് നോക്കി മറിയാമച്ചേട്ടത്തി ആരോടെന്നില്ലാതെ പറഞ്ഞു.

ചേട്ടത്തിയ്ക്ക് വയസ്സ് അമ്പതിനടുത്തായി...ഭര്‍ത്താവ് കറിയാച്ചനും മൂന്ന് മക്കളും... രണ്ടാണും അവരുടെ മധ്യത്തില്‍ ഒരു പെണ്ണും.... അതു തന്നെ അവരുടെ ലോകം..... തനി നാട്ടിന്‍പുറത്തുകാരി... ആരേലും കുരുത്തക്കേടിനു ചേട്ടത്ത്യേ മക്കളൊക്കെ എന്നാ പറയുന്നൂ എന്നെങ്ങാനും ചോദിച്ചാല്‍...പിന്നെ തുടങ്ങായി ....

“ മോളങ്ങ് ബാംഗ്ളൂരാ... കെട്ട്യോനോടോപ്പേ.... അവനെന്തോ പത്രാസുള്ള പണിയാ... നമ്മുടെ വായിലൊന്നും ഒതുങ്ങുകേലാന്നേ.... അവള്‍ക്ക് രണ്ട് പിള്ളേരുണ്ട്... ഒരു മോനും ഒരു മോളും...“

“ പിന്നെ മൂത്തോന്‍ അടുത്തുന്നെന്യാ കെട്ടിയേക്കണേ... പെണ്ണിനു പണിയൊന്നുമില്ലന്നേ... എന്തോ പൂട്ടീഷനോ മറ്റോ പഠിച്ചൂന്നൊക്കെ പറയണകേട്ടൂ...ആ അതങ്ങനെ കിടക്കണൂ... പിന്നേ സ്നേഹള്ളോളാ... ( ഉറങ്ങുമ്പോള്‍).... വീട്ടിലെ പണിയെല്ലാം എടുത്തോളും... (ഇല്ലേല്‍ പട്ടിണിക്കിടക്കേണ്ടി വരും) അവനു പിള്ളേരു നാലാ... നാലാമ്പിള്ളേരാ...“

“ ഒരു പെണ്‍കുട്ടി വേണ്ടതായിരുന്നു...“


“ ഉം... ഒന്നീന്ന് തുടങ്ങീതാ... ഇത് പെണ്ണാ...ഇത് പെണ്ണാന്ന് പറച്ചില്‍... ഒരോ വയസ്സിന്റെ വ്യതാസത്തില്‍ നാലണ്ണമിങ്ങു പോന്നു... അപ്പൊ ഞാനാ പറഞ്ഞേ... എടാ ജോമോനേ... അവളുടെ പ്രസവങ്ങ് നിറുത്തിയേരടാന്ന്...“


“ അതെന്നാ ചേട്ടത്തീ അങ്ങനെ...? “


“പിന്നെ...ഇതന്നെ ഒരു പണിയായ ശരിയാവോ? അവസാനം അതുങ്ങള്‍ക്കായി സ്വന്തമായൊരു സ്ക്കൂള്‍ ഞാന്‍ തുടങ്ങേണ്ടി വരും... അല്ലേല്‍ തന്നെ ആളുകള്‍ പറഞ്ഞു തുടങ്ങി, ചേട്ടത്ത്യേ.... വീട്ടിലിപ്പൊ നല്ല രാസാല്ല്യോ... സ്ക്കൂളു വിട്ട പോലല്ല്യോ പിള്ളാരുകള്‍... അവന്‍ ഇവിടെ ആ കടയും നടത്തി സുഖായിട്ട് പോണു...(അപ്പച്ചനില്ലേല്‍ കാണാം.... കടകൊണ്ടൊന്നും വലിയ കാര്യമില്ലാന്നേ)“

“പിന്നെ താഴ്യൊള്ളോന്‍.... ജോസ്.... അവനിപ്പൊ ഇവിടൊരു കമ്പനീലാ ജോലി...(അവന്റെ കമ്പനിയൊന്നു കുറഞ്ഞാല്‍ മതിയായുന്നു) അവന്റേം കെട്ട് കഴിഞ്ഞു.... പുതു മോട്യല്ലേ.... അവരങ്ങനെ നടക്കാ.... പെണ്ണ് എന്തൊക്കെയ്യ്യോ പഠിച്ചിട്ട്ണ്ട്...ജോലി നോക്കണുണ്ട്....“

അങ്ങനെപ്പോകും... ചോദിച്ചാള്‍ക്ക് അബദ്ധായി എന്ന് സ്വയം തോന്നി അയാള്‍ രക്ഷപ്പെട്ട് കൊള്ളണം... ഇല്ലേല്‍ കട്ടപൊക. കാര്യമിതൊക്കെയാണേലും എല്ലാരേം സ്നേഹാ ചേട്ടത്തിയ്ക്ക് ചേട്ടത്തിയെ നാട്ടുകര്‍ക്കും...

ആളൊരു തികഞ്ഞ സത്യ ക്രിസ്ത്യാനിയാ... എന്നും ചേട്ടത്തി രാവിലെ പള്ളീല്‍ പോകും കാലപൂജ പങ്കുകൊള്ളാന്‍... അവിടെപ്പോയിരുന്ന് പകുതി ഉറക്കത്തിലായോരോട് അല്‍പ്പ സ്വല്‍പ്പം കുശുമ്പും പുന്നായ്മയും പറഞ്ഞാലേ ഒരു സുഖള്ളൂ.... അല്ലാതെ വെളുപ്പിനെ ഉള്ള അഛ്ചന്റെ സുവിശേഷം കേള്‍ക്കലൊന്ന്വല്ല ലക്ഷ്യം... അതിനു ചേട്ടത്തിയെ പറഞ്ഞിട്ടും കാര്യമില്ല,
അഛ്ചന്റെ സുവിശേഷപ്രസംഗത്തിന്റെ വിശേഷത്തെപ്പറ്റി നാട്ടിലുള്ള കഥ ഇങ്ങനെ,
ഒരിക്കല്‍ കര്‍ത്താവ് ഈശോ മിശിഹ ഒരു സാധാരണക്കാരന്റെ വേഷത്തില്‍ ഇദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗത്തില്‍ പങ്കുകൊണ്ടു... അല്‍പ്പ നേരത്തിനു ശേഷം കണ്ണുകള്‍ നിറച്ചുകൊണ്ട് കര്‍ത്താവ് പറഞ്ഞത്രേ....,
“പിതാവേ, ഇദ്ദേഹം പറയുന്നതെന്തെന്ന് ഇദ്ദേഹം പോലും അറിയുന്നില്ല.... ഇദ്ദേഹത്തോട് നീ സദയം ക്ഷമിക്കേണമേ.....!“


സത്യകൃസ്ത്യാനിയായ തികഞ്ഞ ദൈവ ഭക്തയായ ചേട്ടത്തി എന്തുണ്ടായലും കര്‍ത്താവിനു സ്വൈര്യം കൊടുക്കുകേലാ... ഭര്‍ത്താവിനും...!


ചേട്ടത്തി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് 'ഈഈഈശോ' വിളിയിലാണ്...

“ഈഈഈശോ ദേ കരണ്ട് പോയി... ഈഈഈശോ ഗ്യാസ് തീര്‍ന്നാ.... ഈഈഈശോ ഇതെന്തോന്നാ ഈ ചെറുക്കന്‍ കാണിക്കുന്നേ... അങ്ങനെ... ഇനിയിപ്പൊ ആരേലും കണ്ടാലോ...അപ്പോഴും ഇതന്നെ.... ഈഈഈശോ ഇതാരു..ത്രേസ്യാക്കുട്ട്യല്ലേ...? “

എന്തായാലും കര്‍ത്താവ് ഈശോ മിശിഹാക്ക് ഇരിക്കപ്പൊറുതി ഇല്ല. ഇനി “മറിയേ... നീ ഇങ്ങനെ കടുപ്പത്തില്‍ വിളിക്കാതേ..., എനിക്കിത്തിരി മനഃസമാധാനം താ “ എന്നു പറയാന്‍ സാക്ഷാല്‍ കര്‍ത്താവ് നേരിട്ട് വന്നാലും ചേട്ടത്തി ഇങ്ങനെ പറയും...,

“ഈഈഈശോ... ദേ യേശു...!“



“ ഞായറാഴ്ചയായിട്ട് പിള്ളേരെല്ലാം അങ്ങ് കെട്ട്യോളുമാരുടെ വീട്ടിലോട്ട് പോയി...അവിടെ എന്നതാണാവോ...? ഇതിയാനും ഇതെവിടെപ്പോയിക്കിടക്കുവാ...“ ചേട്ടത്തി വീണ്ടും മുറ്റത്തോട്ട് നോക്കിയിരുപ്പായി...


ആ ഇരുപ്പില്‍ ചേട്ടത്തി നേരെ പോയത് തന്റെ വീട്ടിലേക്ക്... തന്റെ കുട്ടിക്കാലവും, യൗവ്വനവും എല്ലാം മനസ്സില്ലൂടെ ഓടിപ്പോയി. പണ്ടെന്നെക്കാണാന്‍ എന്നാ ചേലായിരുന്നൂ... എന്നെക്കാണാന്‍ വേണ്ടിമാത്രം പള്ളീല്‍ വന്നിരുന്നോരും ഉണ്ട്. ങ്ങ് ഹാ.. അതൊക്കെ ഒരു കാലം... പിന്നെ ഇതിയാന്‍ കെട്ടി ഇങ്ങോട്ട് കൊണ്ട് പോന്നു. അന്ന് മുതല്‍ വടക്കേതിലെ സരസുവാണ് ആകെ ഒരു കൂട്ട്. തമ്പിയേട്ടനും സരസുവും തൊട്ടയല്‍പ്പക്കം... ഒരു കുടുംബം പോലെ ഒരു ചെറുമതിലിന്റെ തിരിവ്... അവിടുത്തെ ശ്രീമോളും ഇവിടുത്തെ മോളും ഒരേ പ്രായാ... ജോസും ശ്രീക്കുട്ടനും ഏതാണ്ടൊരേ പ്രായം തന്നെ. അവന്റെ കല്യാണായീ‍... ഇനി അതും ഒരാഘോഷാക്കണം.


ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ചേട്ടത്തിയ്ക്ക് ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലായി... എല്ലാരും പി സി എന്ന് വിളിക്കുന്ന ദല്ലാള് ദേവസ്സി.


‘ഈഈഈഈഇശോ.... ദ്താരാ‍ദ്... പീസ്യാ‍....“

ചേട്ടത്തി കതക് തുറന്ന് പുറത്തേയ്ക്ക് വന്നു.

“ആ.... എന്നാ ഒക്കെ ഉണ്ട് ചേട്ടത്ത്യേ...? കറിയച്ചായനില്ലായോ...?“


“ഓ... അതിയാന്‍ രാവിലെ എങ്ങാണ്ട് പോയതാ... എങ്ങാണ്ടാന്നാര്‍ക്കറിയാം...?“


“പിള്ളാരോ... ആരേം കാണാനില്ലല്ലോ... ഒറ്റയ്ക്കേ ഒള്ളോ‍...?“


“അവന്മാര് പെമ്പ്രന്ന്യോത്തിമാരുടെ വീടുകളേ പോയി...‘


“എന്നതാ വിശേഷം...?“

“ഓ...ചുമ്മാ... വല്ലപ്പോഴുമൊക്കെ പോയി വരും....“

“പുതുപ്പെണ്ണ് എങ്ങിനെ..?“


“പാവാന്നേ... ഇത്രേം സ്നേഹള്ള പിള്ളാരുണ്ടോ ഈ കാലത്ത്... "


" എന്ത് കിട്ടീ ചേട്ടത്ത്യേ... ഞാങ്കൊണ്ടര്‍ണ ആലോചനകളൊന്നും പോരായിരുന്നൂലോ...!“

“ ഓ... എന്ത് പറയാനാ പീസ്യേ... ഞങ്ങളൊന്നും ചോദിച്ചില്ലാന്നേ... അവര്‍ക്കിഷ്ടള്ളത് അവര്‍ കൊടുത്തു... പിന്നെ അവര് സന്തോഷായിട്ട് തന്നപ്പോ വേണ്ടാന്നു നമ്മളും പറഞ്ഞില്ല... അവര്‍ക്ക് വിഷമാകത്തില്ല്യോ...”

“അത് പോട്ടേ പീസ്യെന്താ ഇതിലേ, ഇപ്പൊ കാണാറില്ലല്ലോ...“

“ഞാനാ ചന്ത മുക്ക് വരെ ഒന്ന് വന്നതാ ... എന്നാപിന്നെ ചേട്ടത്ത്യേം , കറിയാച്ചായനേം ഒന്ന് കാണാന്ന് വച്ചു.“

“അത് നന്നായി... എന്നതാ ചന്തമുക്കില്...? ”

“ചെക്കനൊരു ഫാന്റും ഷേര്‍ട്ടും തയിക്കാനായിട്ട് നമ്മടെ ഭാസീടെ കൈയ്യില്‍ കൊടുത്തായിരുന്നു,അത് വാങ്ങാന്‍ പോയതാ...അതിന്റെ കാര്യമൊന്നും പറയാണ്ടിരിക്കാ ഭേദം... എനിക്കങ്ങ് ചൊറിഞ്ഞ് കേറണുണ്ട്”

അതെന്നതാടാ പീസി...?


അല്ലേ ഞാന്‍ തച്ചതെല്ലാം വാങ്ങി കാശ് ചോദിച്ചപ്പോ അവന്റോടെ മാത്രം 20 രൂപാ ഓരോന്നിനും കൂടുതല്‍, കൊച്ചപ്പേട്ടനും, വേലായുധനുമെല്ലാം ഇവിടെ കാലങ്ങളായി ഉള്ളതല്ല്യോ... അവര്‍ക്കൊന്നുമില്ലാത്ത ഒരു കൂടുതലെന്താ ഇവന്...!


നീ ചോ‍ദിച്ചില്ലായോ...?


പിന്നേ..അപ്പൊ അവന്‍ പറയുവാ.... എന്റെ ദേവസ്യേട്ടോ കട ഏസിയല്ലേ... അതാ കാശ് കൂടുതലെന്ന്...!

ഞാന്‍ പറഞ്ഞു , നെന്നോട് ഞാന്‍ പറഞ്ഞില്ലല്ലോ എനിക്ക് ഏസിയിലിരുന്ന് തയിച്ച ഫാന്റ് വേണമെന്ന്... എനിക്ക് ഏസിയിലിരിന്നു തയിക്കാത്ത ഫാന്റ് മതി”


“അങ്ങനെ പറഞ്ഞാ പറ്റില്ലാന്ന് അവനും”

“അവസാനം ഞാന്‍ കൊടുക്കാറുള്ള സാ‍ധാരണ കൂലി കൊടുത്ത് ഇങ്ങ് പോന്നു... അല്ലാപിന്നെ ഏസിയിലിരുന്ന് തയിച്ചാ 20 രൂപ കൂടുതലേ...”

ഐ... അത് മോശായില്ലായോ പിസി... അവര് പണീയെടുത്ത കാശല്ലയോ....

“അല്ലേ ഈ ചേട്ടത്തി ഇതെന്നതാ ഈ പറയുന്നേ...
ഭാസി ഏസിയിലിരുന്ന് പണിയണേന് പിസിയെന്തിനാ ഫീസ് കൊടുക്കണേ....!“

“ഉം...അതും ശരിയാ... നീയറിഞ്ഞില്ലായോ... നമ്മടെ അപ്പറത്തെ ശ്രീക്കുട്ടന്റെ കല്യാണായി...“


“ഓ അറിഞ്ഞു... ഞാനത് വേണ്ടാന്ന് വച്ച കേസാ...“


“അതെന്തേ...?“


“ചെറുക്കനത്ര ശരിയല്ലാന്നേ... പെമ്പിള്ളാരേ വഴിയേ നടക്കാന്‍ സമ്മതിക്കുകേലാ... എപ്പോഴും ഒരു ഫോണും കൊണ്ടാ നടപ്പ്“

“ഈഈഈശോ എന്തനാവശ്യാ നീയീ പറയണേ... അവനൊരു പാവല്ലേ... ആയ കാലത്ത് നീയും, ഇവിടുത്തെ ഇതിയാനും അപ്പറത്തെ തമ്പിയേട്ടനും ഇതൊക്കെ തന്നല്ലാരുന്നോ പരുവം...“

“ഹി ഹി ഹി അത് പിന്നെ അന്നത്തെ ഒരു...“


“അത് തന്നല്ലേ ഇത്... ഇന്ന് ലോകം മാറി... ഇപ്പൊ വേലിയ്ക്ക് നിന്ന് കത്ത് കൊടുക്കലൊന്നുല്ല്യ... എല്ലാരുടേലും തീപ്പട്ടി ഫോണില്ലിയോ..മൊഫീല്.... ഇപ്പൊ അതിലല്ലയോ‍ പ്രേമോം പാട്ട് മത്സരോം എല്ലാം, പാടിയില്ലേലും ആടിയില്ലേലും കുഴപ്പില്ല... സ്മെസ് കിട്ടിയാ ജയിക്കും... ഇനി എന്നാണാവോ‍ പത്താം തരം പരീക്ഷേം ഈ രീതിലാക്കണേ... കൂടുതല് സ്മെസ് കിട്ടണാള്ക്ക് ഒന്നാം സ്ഥാനം... പഠിച്ചില്ലേലും കൊഴപ്പില്ലാന്നാകും...”

“എന്തോന്നാ ഈ സ്മെസ്...?”

“ആ മൊഫീലീന്ന് അയക്കണ സാനം... അത് കിട്ടണതിനനുസരിച്ചാത്രെ ജയം...”


“ഉം... പിന്നെ നാ‍ട്ടില് കറിയാചേട്ടനെപ്പറ്റി അത്ര സുഖല്ല്യാത്ത സംസാരം നടക്കണ്ട്...”

“ഓ...അതെന്താ... ഇത്ര പ്രായായിട്ടും ആളോള് വിടണീല്ലേ...“

“അല്ല അവരെ പറഞ്ഞിട്ടും കാര്യല്ല്യ... കറിയാച്ചായന്‍ എന്തിനാ ആ വടക്കേതിലെ പയ്യന്റെ കല്യാണത്തിന്റെ പിന്നാലെ നടക്കണേ...“

“അവനിവിടുത്തെ പയ്യനല്ല്യോ... ഇവിടെ കളിച്ച് വളര്‍ന്നതാ...“

“എന്നാ നാട്ട്‌കാരതല്ല പറയണേ... അവന്‍ കറിയാച്ചന്റെ തനി ഛായയാന്നാ...“

“ഓ..അത് കുശുമ്പ്‌ള്ളോര് പറയണതല്ലേ....“

“അത് മാത്രല്ല ... ഇവിടുത്തെ ജോസൂട്ടിയ്ക്ക് ....“


“ജോസൂട്ടിയ്ക്ക്...?“

“നമ്മടെ ... തമ്പിചേട്ടന്റെ ഛായയില്ലേന്നും ഒരു..ഒരു....“

“അതൊക്കെ കേള്‍ക്കാനും പറയാനും നിന്നാല്‍ അതിനേ നേരം കാണൂ....”

“എന്നാലും അതല്ലല്ലോ ചേട്ടത്തി.... അവര് പറയുമ്പോ....“

“ഓ... അതിനൊക്കെ ഇപ്പൊ എന്നാ മറൂപടി പറയാനാ ദേവസ്സ്യേ... രണ്ട് കണ്ടോം അടുത്തടുത്തടത്തല്ലേ കിടക്കണേ... വിത്ത് വീശിയെറിഞ്ഞപ്പോ ചിലപ്പോ അങ്ങോട്ടുമിങ്ങോട്ടും വീണതാകും. എന്തായാലും വെളഞ്ഞു... പതിരാകാതിരിന്നാ മതി...“

ഇതും പറഞ്ഞ് ചേട്ടത്തി എണീ‍റ്റ് വീടിനകത്തേയ്ക്ക് നീങ്ങി....

വായും പൊളിച്ച് ദേവസ്സിയും....

തിരുമേനിടെ ഭാഷേ പറഞ്ഞാല്‍... “അന്തഃസ്യ കുന്തഃസ്യ ദേവസ്യ !“

“അന്തം വിട്ട് കുന്തം വിഴുങ്ങ്യ പോലെ ദേവസ്സി നിന്നൂന്ന് സാരം...!“

Tuesday, November 13, 2007

ഫ്ലാഗ് ചെയ്ത ബ്ലോഗ്...!

പതിവിലും നേരത്തേ എണീറ്റ് കുളിച്ച്, സ്വന്തം മോന്തയ്ക്ക് തന്നെ കമന്റിടുന്ന തിരക്കിലായിരുന്നു അവന്‍. മുന്നിലേയ്ക്ക് കിടക്കുന്ന മുടി വളച്ച് പിരിച്ച് ഒരു പരുവത്തിലാക്കീട്ടും... ഒരു ശരിയാകായ്മ... എങ്ങനെ സെറ്റ് ചെയ്തിട്ടും മനസ്സിന് തൃപ്തിയാകാത്ത ടെമ്പ്ലേറ്റ് പോലെ... സുന്ദരാണെങ്കിലും ഒരു പോരായ്മ.... എങ്ങനെ ശരിയാകും ഇന്ന് ഒരു പുതിയ ബ്ലോഗറെ കാണാന്‍ പോകല്ലേ... ഒരു പുതിയ പോസ്റ്റിന്റെ തുടക്കം... എന്നു വച്ചാ പെണ്ണുകാണാന്‍ പോകാന്നര്‍ത്ഥം.

ഇവന്‍ ഉല്ലല്ലേഷ്. ഒരു ചെറുകിട ബ്ലോഗര്‍... ബോറടിമാറ്റാന്‍ ബുക്കില്ലാതെ ബുദ്ധിമുട്ടില്ലാതെ ബൂലോകത്തേയ്ക്കെത്തി ല്ലേശ് എന്ന പേരിലെഴുതുന്നു, കമന്റുന്നു.

“ജോലികിട്ടി എന്നാല്‍ ഒരു പെണ്ണിനേകൂടി കിട്ടിയിരുന്നേല്‍ എന്ന് വെറുതേ ഒരു കമന്റിട്ടതാ...“ അമ്മ അതേറ്റു പിടിച്ചു...

പെങ്ങളും പറഞ്ഞു “കൊള്ളാം... മനോഹരം...“

അച്ഛന്‍ ഒരു സ്മൈലി ഇട്ട് മാറിനിന്നു...

അങ്ങനെ അത് മാലോകരറിഞ്ഞു... അതിന്റെ പരിണിതഫലമാണ് ഈ പെണ്ണുകാണന്‍. ആരോ പറഞ്ഞ ഒരു ലിങ്കില്‍ ക്ലിക്കി അന്വേഷണം നടത്തി... ഇനി ചെന്ന് ആ പോസ്റ്റ് എങ്ങനെയുണ്ടെന്നറിയണം... എന്നിട്ട് കമന്റാം... ഫേവറേറ്റ്സിലേയ്ക്ക് ആഡ് ചെയ്യണോന്നും ആലോചിക്കാം.... മറ്റുള്ളവരുടെ കമന്റ് കണ്ടിട്ട് കൊള്ളാം എന്ന് തോന്നുന്നു. എന്തായാലും ആ ബ്ലോഗ് വരെ ഒന്നു പോയി നോക്കാം.

ഒരുക്കിയിട്ടും ഒരുക്കിയിട്ടും ഒരുങ്ങാത്ത അല്ലെങ്കില്‍ ഒരുങ്ങിയതായി തോന്നാത്ത തന്റെ മുഖവും വസ്ത്രങ്ങളുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ അവനോട് അമ്മ പറഞ്ഞു...

“മതീടാ ഒരുങ്ങീത്... പെണ്ണുകെട്ടാനല്ലല്ലോ... കാണാനല്ലേ പോകുന്നത്...?“

“ഓഹ്..അപ്പൊ കെട്ടാനല്ലേ വെറുതേ കാണുക മാത്രമാണോ ഉദ്ദേശം... “ബൂലോകം സ്റ്റൈലില്‍ ഒരു കുസൃതി കമന്റ്...

“അമ്മയ്ക്കറിയാഞ്ഞിട്ടാ... ഒരു പോസ്റ്റിടുമ്പോള്‍ അതിനു മുന്‍പ് ഒന്ന് വായിച്ച് നോക്കണത് നല്ലതാ... അത് രണ്ട്മൂന്ന് പ്രാവശ്യായാലും നല്ലതാ... ചില തെറ്റുകള്‍ തിരുത്താം... പോരായ്മകള്‍ പരിഹരിക്കാം... അല്ലേല്‍ മറ്റുള്ളവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും.“

“നീ അവിടെ ചെന്ന് ഇമ്മാതിരിയൊന്നും പറയരുത്ട്ടോ....! ബ്ലോഗ് ഭാഷയൊക്കെ ഇവിടെ മതി...!“

“എല്ലാരും അറിയട്ടേ അമ്മേ ഞാനൊരു ബ്ലോഗറാണെന്ന്...!“

“ബ്ലോഗറാണേന്നറിഞ്ഞോട്ടേ ബോറനാണെന്ന് പറയാഞ്ഞാ മതി...!“

അമ്മയെ ഒന്നെത്തിനോക്കി ഒരു സ്മൈലി പോലും കൊടുക്കാതെ അവന്‍ വീണ്ടും തലയില്‍ പണിതുകൊണ്ടിരുന്നു.

അല്‍പ്പനേരത്തിനു ശേഷം അവര്‍ക്ക് പോകാനുള്ള വാഹനം എത്തി... ഉദ്ദിഷ്ട ബ്ലോഗിലെ പോസ്റ്റുമായെത്തുന്ന ബ്ലോഗ് റോള്‍ പോ‍ലെ ശശിയേട്ടന്‍ വഹ വാഹനം ...എല്ലാവരും വാഹനത്തിലേക്ക്... അവന്റച്ഛന്‍ ശശിയേട്ടന് ലിങ്ക് പറഞ്ഞുകൊടുത്തു.... അങ്ങനെ അവരേയും വഹിച്ച് കൊണ്ട് ശശിയേട്ടന്റെ വാഹനം പറഞ്ഞ് കൊടുത്ത ലിങ്കിലൂടെ ആ ബ്ലീടിനെ ലക്ഷ്യമാക്കി പാഞ്ഞു...

വാ‍ഹനം പടിയ്ക്കലെത്തിയതും ഗേറ്റ് തുറന്ന് സ്വാഗതമോതാന്‍ ആ വീട്ടിലെ കാരണവര്‍ വന്നു അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ സീനിയര്‍ ബ്ലോഗറെത്തി. കാറില്‍ നിന്നിറങ്ങി അവന്‍ ചുറ്റുപാടുമൊന്ന് നോക്കി... മൊത്തത്തിലുള്ള സെറ്റപ്പ് കുഴപ്പമില്ല...

“ബ്ലോഗ് കാണാന്‍ ഒരു ചന്തമൊക്കെ ഉണ്ട്....! അല്ലേ അമ്മേ...?“

“ബ്ലോഗോ..?“

“അല്ല വീടും പരിസരേ...!“

“മിണ്ടാണ്ട് നില്‍ക്കടാ....അവര് കേള്‍ക്കും...“

പെണ്ണുകാണല്‍ ചടങ്ങിന്റെ ആദ്യപടിയായ പരിചയപ്പെടല്‍ ആരംഭിച്ചു...!

“ഇതാണ് കുട്ടീടെ അമ്മ...“

അവന്‍ ഒരു സ്മൈലി ഇട്ടു.

“ഇത് ചേച്ചി....“

“ഓ.. ആദ്യ പോസ്റ്റ്... കൊള്ളാം... “

“ഇവന്‍ അനിയന്‍....“

“അവസാന പോസ്റ്റ്... ഇവന്‍ അനോണിയായി കമന്റും...!“

“ഞങ്ങള്‍ക്കൊരാണും ഒരു പെണ്ണും... മോള്‍ടെ കല്യാണം കഴിഞ്ഞു... അവന്‍ ഗള്‍ഫിലാ...“ അവന്റച്ഛന്റെ കമന്റ്...!

“ഒരു പ്രവാസി ബ്ലോഗര്‍...“ അവ്ന്റെ ആത്മഗതം.

“മോനെന്താ ചെയ്യണേ... ?“

“ഞാന്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറാ... ബ്ലോഗിങ്ങാണ് മെയിന്‍ പണി.“

“അതെന്താ ഈ ബ്ലോഗിങ്ങ്..?“

“അതൊരു കൂട്ടായമയാ... ഒരു ബൂലോകം...കുറേ സുഹൃത്തുക്കള്‍... അത്രന്നെ...!“

“ഓഹ്...സുഹൃത് സംഗമം...അല്ലേ....?“

“എന്നും പറയാം...“

“എന്നാ കുട്ടിയേ വിളിക്കാം...!“

അവനൊന്ന് ശരിയ്ക്കിരുന്നു...“ പുതിയ ബ്ലോഗര്‍ എങ്ങെനെയുണ്ടാവോ... ?“

പെണ്‍കുട്ടി കൈയ്യില്‍ ചായയുമായി മന്ദം മന്ദം നടന്നു വരുന്നു... അവനൊന്നു നോക്കി.... രണ്ടാമതും നോക്കി.... മൂന്നാമത് നോക്കാന്‍ അവനവിടുന്ന് കണ്ണെടുത്തില്ല.... പ്രൊഫൈല് മൊത്തത്തില്‍ കൊള്ളാം... ഇനി പോസ്റ്റിന്റെ ഉള്ളടക്കത്തിലാണ് കാര്യം... ഊം മനസ്സിലാക്കാം... ഒറ്റയ്ക്ക് ചാറ്റാന്‍ അവസരം കിട്ടുമല്ലോ...?

പെണ്‍കുട്ടി ചായ അവന് നീട്ടി... അതില്‍ നിന്നും ഒരു ഗ്ലാസെടുത്തിട്ട് പറഞ്ഞു...
“കൊള്ളാം തേങ്ങ ഞാനുടയ്ക്കുന്നു.“

എല്ലാരും ഒന്ന് ഞെട്ടി... എന്താ ഈ സംഭവം...?

“ഓ...സോറി.... ഞങ്ങള്‍ ബൂലോകര്‍ പോസ്റ്റ് ആദ്യം വായിക്കുന്നവര്‍ തേങ്ങ ഉടയ്ക്കുന്ന ഒരു ശീലമുണ്ടേ... അതാ...!“

പെണ്‍കുട്ടി അവനെ നോക്കി ഒരു സ്മൈലി ഇട്ടു.

ആഹാ ... നല്ലസ്സല് ഒരു സ്മൈലി.... പുതിയതായതോണ്ടാവും കമന്റാഞ്ഞെ...

വീട്ടുകാര്‍ വ്യൂ മൈ കം‌പ്ലീറ്റ് പ്രൊഫൈലില്‍ ക്ലിക്കിയ പോലെ എല്ലാ ഉത്തരങ്ങളും തേടിത്തുടങ്ങി.

“എന്താ പേര്...?“

“സുജ.“

“ഞങ്ങള്‍ മുത്തെന്ന് വിളിക്കും... “കുട്ടിയുടെ അമ്മ വക ഒരു കമന്റ്.

“ഞങ്ങളെന്താ വിളിക്കാന്ന് പറയാറായില്ല... “പയ്യന്റെ അമ്മ വക ആത്മഗതം.

“എന്ത് വരെ പഠിച്ചു...?“

“എം.ബി. എ.“

“ഹൊ... ആദ്യ കമന്റ്... മനോഹരം...! ഇവളേ മിക്കവാറും ഫേവറേറ്റ്സിലേക്ക് ആഡ് ചെയ്യേണ്ടി വരും...!“

പിന്നെ അവിടെ എന്തൊക്കെയോ പറഞ്ഞു.... പക്ഷേ അവനൊന്നും കേട്ടില്ല...

മനോഹരമായ ഒരു പോസ്റ്റ് വാ‍യിച്ച് എന്ത് കമന്റണം എന്നറിയാതെ നില്‍ക്കുന്നവനെ പോലെ അവന്‍ ഇരുന്നു.

“എന്നാല്‍ അവര്‍ക്കെന്തെങ്കിലും സംസാരിക്കണന്നു വച്ചാല്‍ ആയിക്കോട്ടേലേ... നമുക്കങ്ങട്ട് മാറാം...“

“അതേ... ടാ എന്താന്നു വച്ചാല്‍ ചോദിച്ച് മനസ്സിലാക്കിക്കോണം... അല്ലാതെ വീട്ടി ചെന്നിട്ട് അതുണ്ടോ ഇതുണ്ടോന്നൊക്കെ ചോദിക്കരുത് “ ചേച്ചീടേ കമന്റ് വിത്ത് സ്മൈലി.

“നീ പോടി... നിന്റെ ഓഫിന് മാപ്പില്ല...” അവന്‍ മനസ്സില്‍ പറഞ്ഞു.

“ഇരിക്കൂ...“

കേട്ടപാടെ അവളിരുന്നു. അവന്‍ വീണ്ടും പ്രൊഫൈലൊന്ന് ഓടിച്ച് നോക്കി.

“തലക്കെട്ടെനിക്ക് ഇഷ്‌ടപ്പെട്ടു....“

പെണ്‍കുട്ടി ഒന്ന് അന്ധാളിച്ച് തലയില്‍ തൊട്ടു.

“ഹ ഹ ഹ ..... അതല്ല ... കുട്ടീടെ പേരെ... സുന്ദരമായ ബ്ലോഗ് ടൈറ്റില്‍ പോലെ മനോഹരം.“

അവളവനെ ഒന്ന് നോക്കി... “ഈശ്വരാ പണിയാകുമോ...?“

“എന്തായാലും എല്ലാരും ചോദിക്കണപോലെ...
‘എന്താ സുജേടെ പേര്? , ബി.കോമിന് ഏതായിരുന്നു സബ്ജക്റ്റ്...?‘ എന്നൊന്നും ചോദിച്ചില്ലല്ലോ... ഭാഗ്യം.“ അവള്‍ മനസ്സില്‍ പറഞ്ഞു.

“എങ്ങനാ ബ്ലോഗാന്‍ താത്പര്യമുണ്ടോ...?“

അവളൊന്നുകൂടി അവനെ നോക്കി... നെറ്റിയെല്ലാം ചുളിച്ച്...

“ഐ മീന്‍ ... ബ്ലോഗെഴുതാന്‍...!“

“ഹൊ... അത്രേ ഉള്ളൂ... ഞാന്‍ വിചാരിച്ചു എന്താ ഇങ്ങനെ ചോദിക്കണേന്ന്... ഇല്ല... ഇപ്പൊ ഓര്‍ക്കൂട്ടണുണ്ട്...അതന്നെ ധാരാളം..”

“ഓഹ്... അപ്പൊ ഫ്രണ്ട്സ് ഒരു പാടു കാണുമല്ലോ... എന്നും കമന്റാറുണ്ടോ... ആ....ഐ മീന്‍ സ്ക്രാപ് “

“ഉവ്വ്...”

അവന്‍ ഇട്ടിരുന്ന സ്മൈലി ഡിലീറ്റി.

“അപ്പൊ ബ്ലോഗൊന്ന് ട്രൈ ചെയ്തൂടേ....?”

“എനിക്കത് എന്താന്നന്നെ അറിയില്ല”

“എല്ലാരും ഇതൊക്കെത്തന്നാ പറയുന്നേ...അതൊക്കെ അവിടെ വരുമ്പോള്‍ ശരിയാകും “

“ഇല്ല...താത്പര്യം ഇല്ല”

“അല്ല എന്നാലും ഒന്ന് ട്രൈ ചെയ്യുന്നതില്‍ തെറ്റില്ല.”

“അല്ല, ഭായ് വന്നിരിക്കണത് പെണ്ണ് കാണാനോ അതോ ബ്ലോഗറിന്റെ സെയില്‍‌സ് റെപ്പ് ആയിട്ടോ “ പെട്ടന്ന് ജനലിനരികില്‍ നിന്നും ഒരു ശബ്ദം.

“അതാരാ... ഒരു അനോനിമസ് കമന്റ്... ഐ.പി. വച്ച് നോക്കിയിട്ട് അനിയനാന്ന് തോന്നുന്നു.“

ഉത്തരത്തിന് പകരം അവളൊരു നാലഞ്ച് സ്മൈലി ഒന്നിച്ചിട്ടു.

“അവന്‍ തന്നെ... അവനെ കണ്ടാലറിയാം... അനോനിയായി കമന്റ്റുമെന്ന്....! വൃത്തികെട്ടവന്‍ ഇവിടെ നില്‍പ്പുണ്ടായിരുന്നോ...എന്നാലും നാലഞ്ച് സ്മൈലി കിട്ടീലോ... ഇനി സ്ഥിരം വിസിറ്ററാകും... “ നായകന്‍ മനസ്സില്‍ പറഞ്ഞു.

“എന്താ ഇങ്ങനെ ഒരു പേര് ഉല്ലല്ലേഷ്...?”

“ഓഹ് അപ്പൊ എന്റെ പേരെല്ലാം അറിയമല്ലേ...? അത് എന്റെ അമ്മാവന്റെ ഒരു തമാശ...തലക്കെട്ട് പ്രതിഷ്ഠിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് അദ്ദേഹമായിരുന്നു. അല്‍പ്പം വിക്ക് ഉണ്ടദ്ദേഹത്തിന് ഉല്ലേഷ് എന്ന് പേരിട്ടതാ... ഉല്ലേഷ് എന്ന് പറയുന്നതിനിടയില്‍ ഒന്ന് വിക്കി...ഉല്ലേഷിനിടയി ഒരു ല കൂടി വീണു.... ഉ..ല്ല്..ല്ലേഷ് എന്നായി...കൂട്ടത്തിലാരോ വിളീച്ച് പറഞ്ഞൂ അനോണിയായി...കുട്ടീടെ പേര് ഉലല്ലേഷ്...!
എന്ത് ചെയ്യാന്‍... അങ്ങനെയായി...!”

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു..

“എന്തായാലും എനിക്കീ ബ്ലോഗ് ഇഷ്‌ടമായി... ഞാന്‍ പോയിട്ട് എന്റെ ഗ്രൂപ്പിലുള്ളവര്‍ക്കൊക്കെ ലിങ്ക് കൊടുക്കാം.. അവരും വന്ന് ബ്ലോഗ് കാണട്ടേ... പിന്നെ സീനിയര്‍ ബ്ലോഗേഴ്സിനു വിടാം... എന്ത് പറയുന്നു.”

അവള്‍ ഒന്നും മിണ്ടിയില്ല ... പകരം വീണ്ടും സ്മൈലി ഇട്ടു.

“എപ്പൊഴും സ്മൈലി ഇടാതെ എന്തെങ്കിലും കമന്റൂ കുട്ടീ...“

“അവരെല്ലാം കൂടി തീരുമാനിക്കും” അവള്‍ നമ്രശിരസ്ക്കയായി കമന്റി.

“അപ്പൊ ശരി... മനോഹരമായിരിക്കുന്നു... ഒരു പുതിയ പോസ്റ്റുമായി വീണ്ടും കാണാം എന്നാശംസിക്കുന്നു. ”

അവള്‍ തലയാട്ടി.

അവരോടെല്ലാം യാത്രപറഞ്ഞ് അവിടുത്തെ ലിങ്കും കോപ്പി ചെയ്ത് അവന്‍ യാത്രയായി.... തന്റെ ഫേവറേറ്റ്സിലേക്ക് ആഡ് ചെയ്യാന്‍.

അവന്റെ ബ്ലോഗ് ഗ്രൂപ്പിലുള്ളവര്‍ ( ബന്ധുമിത്രാദികള്‍) അങ്ങോട്ടും ഇങ്ങോട്ടും പോക്കു വരവ് കഴിഞ്ഞു...എല്ലാര്‍ക്കും താത്പര്യമെന്ന് അവരുടെ കമന്റുകളില്‍ നിന്നും മനസ്സിലായി. അങ്ങനെ ഒരു പുതിയ ബ്ലോഗെന്ന അവ്ന്റെ സ്വപ്നം പൂവണിയാന്‍ പോകുന്നു.

പിറ്റേന്ന് ചാറ്റില്‍ വന്ന ബ്ലോഗ് സുഹൃത്തുക്കളോട് അവന്‍ ഈ വിവരം പറഞ്ഞു,
“ഉടനെ എന്റെ ബ്ലിവാഹം ഉണ്ടാകും...എല്ലാം ഏതാണ്ട് ഉറച്ച മട്ടാ... ഇനി എപ്പൊഴാ പോസറ്റ്ണ്ടേന്നു തിരുമാനിച്ചാ മതി. അപ്പൊ ഉടനെ ഒരു ബ്ലോഗ് കൂടി ഉണ്ടാകും...“

പിന്നിട് കുറച്ച് കാലത്തേയ്ക്ക് അവന്‍ അപ്രത്യക്ഷനായി...കുറച്ച് കാലം കഴിഞ്ഞ് ചാറ്റിങ്ങിനെത്തിയ ബൂലോക സുഹൃത്ത് ചോദിച്ചു

“അല്ല ല്ലേനി, കുറച്ച് കാലായീലോ കണ്ടിട്ട്..എന്ത് പറ്റി... എന്തായി ബ്ലിവാഹം...?”

“അത് വേണ്ടാന്നു വച്ചൂ മാഷേ... :( “

“അതെന്തേ...ഏതാണ്ട് ഉറപ്പിച്ചു എന്ന് പറഞ്ഞിട്ട്”

“ആ... ആ കുട്ടി ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ടായിരുന്നു... അവള്‍ മുന്‍പേ ഒരു പോസ്റ്റിട്ടതാ... അതില്‍ സ്ഥിരമായി ഒരുത്തന്‍ കമന്റാറും ഉണ്ടായിരുന്നു... പക്ഷേ കമന്റ് മോഡറേഷന്‍ ഉണ്ടായിരുന്നോണ്ട് അത് ആരും കണ്ടില്ല.”

“ഇതറിയാതെയാണ്... ഞാന്‍ ചെന്ന് ആദ്യ കമന്റെന്ന് പറഞ്ഞ് തേങ്ങയടിച്ചത്... അതവര്‍ക്ക് അത്ര സുഖിച്ചില്ല... “

“അവള്‍ അവന് ലിങ്ക് കൊടുത്തിരുന്നു ... അതു വഴി വന്ന് അവന്‍ അനോനിമസ് ആയി കുറേ തെറിയും വിളിച്ച് എന്റെ ബ്ലോഗ് ഫ്ലാഗും ചെയ്ത്... അവളേം കൊണ്ട് പോയി ഒരു ഗ്രൂപ്പ് ബ്ലോഗ് തുടങ്ങി.”

“എന്ത് പറയാനാ മാഷേ.... ഫ്ലാഗ് ചെയ്ത ബ്ലോഗുമായി ഞാനും ബ്ലോഗു നിറയെ പോസ്റ്റുമായി അവരും...!“

Monday, October 29, 2007

നാടും നാട്ടാരും

“നമസ്ക്കാരം...”

“യെന്തിരപ്പീ...?”

“അല്ല... നമസ്ക്കാരംന്ന്...“

“ വ്വൊ... നമസ്ക്കാരം...യെന്തിര്...?”

ഒരു കൂപ്പുകൈയ്യോടെ അപരന്‍ തുടര്‍ന്നു...
“രാജീവന്‍ കല്ലായി...”

“തള്ളേ യെപ്പോ... കാലത്ത് കൂടെ വിളിച്ചതാണാല്ല്..? യെന്തിരപ്പീ ... യെന്ത് പ്യറ്റി..?”

“അയ്യോ ചേട്ടാ അതല്ല.... ഞാന്‍ ‘രാജീവന്‍ കല്ലായി‘.... കല്ലായി സ്ഥലപ്പേരാ...”

“ചെവലക്കുറ്റി നോക്കി യൊരൊറ്റ കീറ് വച്ച് തന്നാലുണ്ടല്ല്... പ്യാടിപ്പിക്കാനായിട്ട്”

“അയ്യോ ചേട്ടാ ഞാന്‍...”

“യെന്തിരാണ് വ്യാണ്ടത്...?”

“ഞാന്‍ വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണ്...”

“യെന്തിരാണെന്ന്...?”

“ജേര്‍ണ്ണലിസ്റ്റ്...“

“അല്ല അതിനു മുമ്പ് യെന്തോ പറഞ്ഞല്ല്...?”

“വളരേ പ്രശസ്തനായ ഒരു ജേര്‍ണ്ണലിസ്റ്റാണെന്ന്...!“

“അത് ചെല്ലന്‍ മാത്രങ്ങ് തീരുമാനിച്ചാ മത്യാ... അത്ര പ്രശസ്തനായിട്ട് ഞ്യാനറിയില്ലല്ല്...?”

അല്ല.....അ....അതിപ്പൊ......ഈ...”

“ഉം...വ്യാണ്ടാ വ്യാണ്ടാ.... വന്ന കാര്യങ്ങള് യെന്തിര്....”

“ചേട്ടനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണായിരുന്നു...”

“തള്ളേ സത്യായിട്ടും... ഹ്...യെന്തിരിന്...?”

“ഞാന്‍ ഈ... നാടും നാട്ടാരും എന്നൊരു പംക്തി എഴുതണുണ്ടേ.... അപ്പൊ അതിലേക്കായിട്ട്... ഇങ്ങനെ ചേട്ടനേപ്പോലുള്ളോരുടെ...”

“നാടാര് ചെക്കന്റേ കാര്യം പറയാന്‍ നീയെന്തിനടേ എന്നെ ഇന്റവ്യൂണത്...?... ലവനെ എനിക്ക് പണ്ടേ ഇഷ്‌ടല്ലട്ടാ”

“അയ്യോ ചേട്ടാ നാടാരല്ല.... നാട്ടാര്... നാട്ടുകാര്‍ എന്നര്‍ത്ഥം....”

“ഹ്... മര്യായ്ക്ക് സംസാരീക്കാനറിയാത്ത നീയെങ്ങെടേ ചെല്ലാ എഴുതണത്”

“ചേട്ടനതൊക്കെ വിട്... എന്താ ചേട്ടന്റെ പേര്..?”

“റാം കൃഷ്ണ്...!“

“എന്താന്ന്..?”

“ഹ ഹ ഹ ...രാമകൃഷ്ണന്‍ എന്നല്ലേടോ തന്റെ പേര്...” അപ്പുറത്തിരുന്നയാള്‍ ചോദിച്ചു.

“ടേ... വാണ്ടാടേ... നിന്നോട് ച്വാദിച്ചാ... ടാ പയലേ... വല്ലാണ്ട് മൊടകാണിച്ചാ പിടിച്ച് ചെവരേല്‍ തേച്ച് കളയും കേട്ടാ...“

“ഹി ഹി ഹി അപ്പി പറ”.

“പേര്...?”

“രാമകൃഷണെന്‍”

“വയസ്സ്...?”

“സത്യത്തില് നീയെന്തിനാണ് വന്നിരിക്കണത്...?”

“അ...അതെന്താ ചേട്ടനങ്ങനെ ചോദിച്ചേ...?”

“അല്ല... പ്യാരും വയസ്സുമൊക്കെ ച്വാദിക്കണോണ്ട് .... യെന്തിരോ ഒരു സ്മെല്ലിംങ്”

“ഞാനാ ടൈപ്പല്ല”

“അതാവാനധികം നേരൊന്നും വേണ്ടല്ല്....? ഉം... നടക്കട്ട്... വയസ്സ് 32 “

“വിവാഹിതനാണോ..?”

“വ്വൊ...തന്നെ... അങ്ങനെയൊക്കെ പറ്റിപ്പോയി...”

“കുട്ടികള്‍..?”

“ഹാ...അതൊക്കെ ഇനി പറഞ്ഞിട്ടെന്ത് കാര്യം അപ്പീ... അതും സംഭവിച്ച് പോയീ”

“ജോലി...?”

“ഇതൊക്കെത്തന്നേ....”

“ഏത്...?”

“ഈ ഏരിയേലൊക്കെ.... ഇങ്ങനെ...”

“ജോലിയൊന്നും ഇല്ലല്ലേ...?”

“ഇണ്ടായിരുന്നു...സാഹിത്യ വാസനകള് കാരണം ഇപ്പൊ സസ്പെന്‍ഷന്‍ലാ”

“അയ്യൊ അതെന്ത് പറ്റീ...?”

“അപ്പീ പത്താം ക്ലാസില് നല്ല മാര്‍ക്കോടെ പാസ്സായി കേട്ടാ... 210 മാര്‍ക്കുണ്ടാരുന്നു.“

“ഹി...ഹി..ഹി.. ഇതാണൊ ചേട്ടാ നല്ല മാര്‍ക്ക്...?”

“ടേയ്... കളിയാക്കാതെടേ.... ഹൈസ്ക്കൂള് കാണാത്ത കുടുമ്മത്ത് 210 ഒക്കെ ഒരു സംഭവാടേ...!“

“ഓകെയോകെ”

“പത്താം തരങ്ങള് പാസായപ്പോള് അച്ഛ്ന്റെ വക ഒരു ച്വാദ്യം... നിനക്കെന്തിരടേ ആകേണ്ടേന്ന്”

“ഞാമ്പറഞ്ഞു യെനിക്കൊരു മെഷീന്‍ ഓപ്പ്രേറ്ററാണൊന്ന്...!“

“കാര്യറിയാതെ അച്ഛനെന്നെ കൊണ്ട് ഐ.ടി.ഐ യ്ക്ക് ചേര്‍ത്ത്...”

“അല്ല ചേട്ടനല്ലേ പറഞ്ഞേ ഓപ്പറേറ്ററാകാനാ ഇഷ്‌ടമെന്ന്...?”

“ടേ അപ്പീ... നീയുമെന്റെ തന്തപ്പടിയേപ്പോലെ പറേരുത് കെട്ടാ... ടാ... സിനിമാ കൊട്ടകേലും സിനിമ ഓടിക്കണത് ഒരു മിഷീന്‍ തന്നേണ്... അത് ഓടിക്കണോനും ഓപ്പറേറ്ററാണ്..”

“ഓ..എന്ന്... അല്ല ഈ 210 വച്ച് ഐ.ടി.ഐ യില്‍.... സീറ്റ്..!”

“യെന്തിരോ ക്വാട്ടകളൊക്കെ.... കഷ്‌ടകാലത്തിന് അവിടെ കിട്ടി “

“അങ്ങനെ രണ്ട് കൊല്ലം അവിടെ കളഞ്ഞു... കൂട്ടത്തില് അച്ഛന്റെ കുറേ കാശും...“

“പിന്നെ ജ്വാലിക്ക് വ്യേണ്ടിള്ള അലച്ചിലുകളായിരുന്ന്”

“ഒന്നും ശരിയാകാണ്ടായപ്പോ... ഞാന്‍ ഒരു തീരുമാനമെടുത്ത്... ഇനി അലയണില്ലന്ന്... ഫുള്‍ റെസ്റ്റ്”

“പിന്നേ അച്ഛ്ന്‍ തന്നെ ഒരെണ്ണം ശരിയാക്കി തന്ന്...ഒരു പ്യൂണിന്റെ....”

“അത് നല്ല രീതിയില്‍ പോയികൊണ്ടിരിക്കുകയായിരുന്നു കേട്ടാ... അയിനിടേല്‍ ആ അബദ്ധമങ്ങ് ചെയ്തു”

“എന്ത്...?”

“ കല്ല്യാണം... യെന്തിരെങ്ങിലും ആവശ്യുള്ള കാര്യാണാപ്പി...?... പറ്റിപ്പോയി”

“ അത് വരെ ജ്വാലി കഴിഞ്ഞ് വീട്ടീ വന്നാ ഒരു സ്വൈര്യണ്ടായിരുന്നു കേട്ടാ... കല്യാണം കഴിഞ്ഞപ്പോ അതും പോയി...”

“അങ്ങനെ ഏതൊരാളേയും പോലെ ഞാനും കഥളും കവിതളും എഴുതാന്‍ തൊടങ്ങി”

“അങ്ങനെ കൂട്ടാരും അടുത്ത് വരാതായി...”

അപ്പൊഴും തങ്കപ്പേട്ടന്‍ മാത്രന്നെ പ്രോ‍ത്സാഹിപ്പിച്ച് കൊണ്ടിരുന്നു... നല്ല മനുഷ്യന്‍”

“അതാരാ..തങ്കപ്പേട്ടന്‍”

“ഓഫീസിലെ വേസ്റ്റ് പ്യാപ്പറോളൊക്കെ കൊണ്ടോയിരുന്നാളാ....”

“എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നിരിക്കുമ്പോ‍ള്‍ പ്യാപ്പറുകളൊരുപാട് കിട്ടീരുന്നു അങ്ങേര്‍ക്...”

“അങ്ങനെ ഒരിക്കല്‍ ഉറങ്ങിക്കിടന്ന ആ സാഹിത്യകാരനെ തങ്കപ്പേട്ടന്‍ വിളിച്ചൊണര്‍ത്തി...“

“ നിങ്ങളാ തൂലിക ചലിപ്പിച്ച് എന്തേലും ചെയ്യന്ന്...“

“ ഇത് കേട്ടഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന തൂലിക ശക്തായി ചലിപ്പിച്ച്..”

ആ ചലനത്തില്‍ മേശയിരുന്ന് മഷിക്കുപ്പി തെറിച്ച് യെവിടെങ്ങാണ്ടോ വീണ്...“

“അത് ഫയലോളിലായിരുന്നപ്പീ... യെന്തിരോ ഡേറ്റോ പ്യാര്കളോ...യെന്തിരൊക്കെയോ പോയീന്ന് പറഞ്ഞ് ലവന്മാരെന്നെ പറഞ്ഞ് വിട്ട്...”

“ചേച്ചിയെ പറ്റി പറഞ്ഞില്ലല്ലോ...?”

“വ്വൊ... യെന്തിര് പറയാന്‍... എന്റെ ഫാര്യ മീനാഷി”

“ചേച്ചിയെന്താ ചെയ്യണേ...?”

“എന്നേം ചീത്ത വിളിച്ചോണ്ടിരിക്കണ്...അല്ലാണ്ടെന്തിര്”

“കല്യാണം കഴിഞ്ഞിട്ടെത്രയായി...?”

“യെന്തിനാടേ... അതെല്ലാം ഓര്‍മ്മിപ്പിക്കണത്...?”

“അല്ല നീയിതൊക്കെ യെവട്യാണിടാന്‍ പോണത്... വല്ല പത്രങ്ങളിലുമാണാ..?”

“അല്ല ചേട്ടാ... പ്രസിദ്ധമായ.... അല്ലെങ്കില്‍ വേണ്ടാ ഒരു മാസികേല് വരും... പിന്നെ ബ്ലോഗിലും”

“യെന്തില്...? യെന്ത് ‘ഗ് ‘....?”

“ബ്ലോഗ്... അത് ഇന്റര്‍നെറ്റിലുള്ള ഒരു സംഭവാ...”

“നീയങ്ങനെ പ്യേടിപ്പിക്കതെടേ... എനിക്കും അറിയാം ഈ നെറ്റൊക്കെ.... ആഫീസില് കാണണതൊക്കെത്തന്നേ...”

“ഇതാണ് ചേട്ടാ ബ്ലോഗറിന്റെ എമ്പ്ലം” തന്റെ കൈയ്യിലുണ്ടായിരുന്ന് പേപ്പറിലെ ബ്ലോഗിന്റെ ചിഹ്നം കാണിച്ച് രാജീവന്‍ പറഞ്ഞു.

“വ്വൊ... ഇത് കണ്ടിരിക്കണ്... ഇന്ദിരാദേവി സാറ് എടക്കെ വെറുതേ ഇരുന്ന് ചിരിക്കണ കാണാം ഇത് പോലൊന്ന് തൊറന്ന് വച്ചിട്ട്... തന്നെ ഇത് തന്നെ... ഓറഞ്ച് കളറില് ‘ഗര്‍‍ഭള്ള ബി’“

“എന്ത്...?”

“തന്നേടെ... നീയാ ബിയെ ഒന്ന് നോക്ക്... ഗര്‍ഭൊള്ള പോലല്ലേ...?”

“ബെസ്റ്റ്.... അതൊക്കെ പോട്ടേ... ചേട്ടന്റെ കല്യാണത്തെക്കുറിച്ച്... വേണ്ടാ... വേറൊരു ചോദ്യം... കല്യാണത്തിന് ചേച്ചി ഉടുത്തിരുന്ന സാരീടെ നിറം എന്തായിരുന്നു...? ഓര്‍മ്മയുണ്ടോ...?”

“പിന്നെടെ... കല്യാണത്തിന്റെ അന്നത്തെ സാരിയല്ല ലവളെ തന്നെ ശ്രദ്ധിച്ചില്ല...!“

“അതെന്താ ചേട്ടാ അങ്ങനെ...?”

“എടെ അപ്പീ... ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവന് വരുന്നത് രാജധാനി എക്സ്പ്രസ്സായാലും, മദ്രാസ്സ് മെയിലാ‍യാലും യെന്തിരിടെ വ്യത്യാസങ്ങള്... അത് ശ്രദ്ധിച്ചിട്ട് യെന്തിര്ടേ കാര്യം...?“

ഇതും പറഞ്ഞ് രാമകൃഷണന്‍ എണീറ്റ് പോയി....

നാ‍ടും നാട്ടാരും തുടരണോ എന്നാലോചിച്ച് ‘കല്ലായി‘ രാജീവനും.

Wednesday, October 17, 2007

കൊടളിയാ കൈ...!

“സരോജിന്യേച്ച്യേയ്.... സരോജിന്യേച്ച്യേയ്....“

“ആ.. സതീശനോ...? എങ്ങട്ടാ നീയ്...?“

“ഞാന്‍ വെറുതേ അങ്ങാടീയ്ക്ക്... കുമാരേട്ടന്‍ ഇല്ല്യേ അവിടെ...“

“ഓ... ഷാപ്പ് നെരങ്ങാന്‍ പോയിരിക്കുവാ... ഇനി മൂക്കറ്റം കുടിച്ച് രാത്രിയാവുമ്പോ കേറി വരും...“

“ഉം... ഈയിട്യായി ഞാനും കാണണ്ട്... ഇപ്പൊ എന്നും ഉണ്ടല്ലേ...?“

“ഉവ്വ്... റിട്ടയറായപ്പിന്ന്യാ കൂട്യേ... ആരും ചോ‍ദിക്കാനില്ലല്ലോ... ആ ധൈര്യം...“

“നിങ്ങള്‍ക്കൊന്ന് പറഞ്ഞൂടെന്റെ സരോജിന്യേച്ച്യേ... അതിനു ചേച്ചി സൌമ്യായിട്ട് കുമാരേട്ടനോട് എന്തേലും പറയാറൂണ്ടോ...? “

“നീയെന്തറിഞ്ഞിട്ടാ സതീശാ ഈ പറയണേ... നമ്മളൊന്ന് താണുകൊടുത്താ അപ്പൊ തലേകേറും ആ മനുഷ്യന്‍...
പിന്നെ എനിക്കും ക്ഷമ കിട്ടില്ല്യ... അപ്പൊഴത്തെ ദേഷ്യത്തിനു എന്തേലും പറയുന്നല്ലാണ്ട്... അതു പറഞ്ഞാ എന്താ എനിക്ക് വെഷമില്ല്യാന്നാ...?“

“ഇപ്പൊ ഇങ്ങനെ സ്ഥിരം കുടിച്ചും കൂടി വരാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഒട്ടും പിടിച്ചാ കിട്ടാണ്ടായി....അപ്പൊ ഞാനും വല്ലതും പറയും.... നിന്നോടായോണ്ട് പറയാ സതീശാ... മിക്കവാറും ദിവസങ്ങളില്‍ രണ്ട് കൊടുക്കണ്ടി വരും അങ്ങേരെ അടക്കാന്‍...“

ഇപ്പൊ എനിക്കും അങ്ങേര്‍ക്കും അതൊരു ശീലായി...!

‘കുമാരേട്ടന്‍‘ ഒരു സാധാ സര്‍ക്കാറുദ്യോഗസ്ഥനായിരുന്നു... പെന്‍ഷനായി. ‘പണ്ടേ ദുര്‍ബല പിന്നെയോ ഗര്‍ഭിണി‘ എന്ന അവസ്ഥയാണു ഇപ്പോള്‍... ജോലിയുണ്ടായിരുന്നപ്പോഴേ സരോജിനി ചേച്ചിയ്ക്ക് അങ്ങേരേ വിലയുണ്ടായിരുന്നില്ല.... പിന്നെ റിട്ടയറായപ്പോഴത്തെ കാര്യം പറയും വേണ്ടാ...
‘കുമാരേട്ടന് വീട്ടില്‍ വിലയില്ലേലും നാട്ടില്‍ പുല്ലു വിലയാ...!‘
അങ്ങനെ വെള്ളമടി ഒരു പാര്‍ട്ടൈം പരിപാടിയായി കണ്ടിരുന്ന കുമാരേട്ടന്‍ റിട്ടയറായപ്പോള്‍, ആ പരിപാടി സ്ഥിരമാക്കി... ഇതിനെ ചോദ്യം ചെയ്ത സരോജിനി ചേച്ചിയ്ക്കുള്ള മറുപടി ഇപ്രകാരാമായിരുന്നു...

“എന്തായാലും നീ എന്നെ തല്ലും... കുടിച്ചിട്ടാകുമ്പോള്‍ നിനക്ക് പറയാനൊരു കാരണോം ആയി... വേദനറിയാണ്ട് എനിക്കൊറങ്ങാനും പറ്റും...” അങ്ങനെ കുമാരേട്ടന്‍ ഭാര്യയെപ്പേടിച്ച് ഒരു മുഴു കുടിയനായി...

അങ്ങനെയിരിക്കേ സരോജിനി ചേച്ചിയ്ക്ക് ഒരു ചിന്ത...” എങ്ങനേയെങ്കിലും അങ്ങേരുടെ കുടിയൊന്ന് നിറുത്തണം.”

“ആര് വിചാരിച്ചാലാ നടക്കാ...? സതീശനോടെന്നെ ചോദിക്കാം... അവനെന്തേലും ഉപായം പറഞ്ഞു തരും...“

അങ്ങനെയുള്ള ഒരു ചര്‍ച്ചയ്ക്കൊടുവില്‍ സതീശന്‍ ഒരു ഉപായം പറഞ്ഞു...
“അങ്ങേര്‍ക്ക് പേടിയുള്ള ആരേക്കൊണ്ടെങ്കിലും പറയിപ്പിക്കുക... അപ്പൊ കേള്‍ക്കും...“

“അങ്ങേര്‍ക്ക് ആകെ പേടി എന്നെയാ... ഞാനെന്തേലും പറയാന്‍ ചെന്നാ അപ്പൊ നിലത്തിരുന്നിട്ട് പറയും തല്ലിക്കോളാന്‍... വേറെ എന്തേലും നോക്ക് സതീശാ...“

“ചേച്ചി വേറൊരു വഴിയുണ്ട്... കുമാരേട്ടന്‍ രാത്രി സേവയെല്ലാം കഴിഞ്ഞ് മടങ്ങണ വഴി നാമുക്കൊന്ന് പേടിപ്പിക്കാം... ഒന്ന് ശരിക്ക് പേടിച്ചാല്‍ ഒക്കെ ശരിയാകും.“

“എങ്ങനെ പേടിപ്പിക്കുന്നാ നീയ്യീ പറയണേ...?“

“ആള്‍ക്ക് ചെകുത്താനേം പ്രേതത്തിനേം ഒക്കെ വിശ്വാസണ്ടോ...?“

“പിന്നെ... നല്ല പേടിയാ... ആദ്യൊക്കെ ആരേലും ഇല്ലാതെ രാത്രി ഒരിടത്തും പോകില്ലായിരുന്നു.“

“എന്നാ രക്ഷപ്പെട്ടു... ഒന്ന് പേടിപ്പിച്ച് ആ ചൂടിലന്നെ കാര്യം പറഞ്ഞാ കേള്‍ക്കും...“

“എങ്ങനെ...?“ സരോജിനി ചേച്ചിയ്ക്ക് വീണ്ടും സംശയം...

“ചേച്ചി ഒരു ചെകുത്താന്റെ വേഷം കേട്ടി നിങ്ങടെ പടിക്കേ നില്‍ക്കാ... കുമാരേട്ടന്‍ വരണ വഴിയ്ക്ക് മുന്നിലേക്ക് എടുത്തു ചാടി പേടിപ്പിക്കാ... അങ്ങനെ പേടീച്ച് നില്‍ക്കുമ്പോള്‍ ഇനി മദ്യം കഴിക്കരുതെന്നും കഴിച്ചാല്‍ കൊന്നുകളയുമെന്നും പറയാ... ആള് താനേ അനുസരിച്ചോളും....!“

“ ടാ മോനേ... കൊഴപ്പാവോ...?”

“ഏയ്... ചേച്ചി സമധാനായിട്ടിരിക്കന്നേ... നാളത്തോടെ കുമാരേട്ടന്റെ വെള്ളമടീ ഫിനിഷ്...!“

“അപ്പൊ ചേച്ച്യേ ഞാന്‍ നാളെ ചെകുത്താന്റെ മുഖം‌മൂടീം കറുത്ത ഉടുപ്പുമൊക്കെ ആയിട്ട് വരാം...!“

“അപ്പൊ ശരി... എല്ലാം നീ ഏറ്റല്ലോ ലേ..?”

“ഉവ്വന്നേ...!“


പിറ്റേന്ന് രാത്രി മുഖം‌മൂടീം കറുത്ത ഉടുപ്പുമൊക്കെ കൊണ്ട് കൊടുത്ത് സതീശന്‍ പറഞ്ഞു...,
“ ചേച്ചി റെഡ്യായി നിന്നോ... ഞാന്‍ ഷാപ്പ് വരെ പോയി ആളെ ഇങ്ങോട്ട് വിടാം... ഏകദേശം ഒരു ഒമ്പതരാവുമ്പോഴേക്കും ആളെത്തും....”

സരോജിനി ചേച്ചി വേഷമെല്ലാം ഇട്ട് കണ്ണാടി ഒന്ന് നോക്കി...

“ ആവൂ എനിക്കന്നെ പേട്യാവണൂ... പിന്നല്ലേ അങ്ങേരുടെ കാര്യം... സതീശനെ സമ്മതിക്കണം... ഇന്നെന്തായും അങ്ങേര് പേടിച്ചതന്നേ... ഈശ്വരന്മാരേ കാത്തോളണേ...!”

ഈ സമയം ഷാപ്പിലെത്തിയ സതീശന്‍ അടിച്ച് ഫിറ്റായ കുമാരേട്ടനെ കണ്ടു...

“എന്റെ കുമാരേട്ടാ... നിങ്ങള്‍ക്ക് ഉള്ളനേരത്തേ വീട്ടിപ്പൊക്കൂടേ...?“

“എന്റെ സതീശാ .....ഞാന്‍ നെന്നോട് എന്ത് തെറ്റാടാ ചെയ്തേ... ഞാനിവിടെ..... മനഃസ്സമാധാനായിട്ട് ഇരിക്കണ കണ്ടിട്ട്.... നിനക്ക് ദഹിക്കണില്ലാലേ...?

“അല്ല കുമാരേട്ടാ ആ പാവം സരോജിന്യേച്ചി തനിച്ചല്ലേ ഉള്ളൂ അവിടെ....?”

“ആ പിശാശ്മോറിടെ കാര്യം നീ മിണ്ടരുത്... “

“ആ എന്നാ വേണ്ടാ... എന്തായാലും ഇന്നത്തേയ്ക്ക് ഇത് മതി... കുമാരേട്ടന്‍ പോകാന്‍ നോക്ക്...”

“നീ പോറാ ചെക്കാവ്രന്ന്.... ടാ നാണ്വേ... ഒരു കുപ്പി ‘ശ്രീശാന്ത്‘ കൂടി പോ‍രട്ടേ...”

“നാണ്വേട്ടാ വേണ്ടാ വേണ്ടാ ഇന്നിനി കൊടുക്കണ്ടാ... അതൊക്കെ പോട്ടേ..എന്താ ഈ ‘ശ്രീശാന്ത്‘..?”

“യെവനാര്‍ടാ... ടേയ് സ്മോള്‍ പയ്യന്‍സ്... അത് പുതിയ സാധനാ...
കഴിക്കണത് നമ്മളണെങ്കിലും...പെര്‍ഫോ‍മന്‍സ് മുഴുവന്‍ വീട്ടുകാരുടെ വകയായിരിക്കും...! യേത്”

“ഓകെ..അതെന്തേലുമാകട്ടേ... കുമാരേട്ടന്‍ പോകാന്‍ നോക്ക്...”

അങ്ങനെ ഒരു വിധം സതീശന്‍ കുമാരേട്ടനെ പുറത്തിറക്കി വീട്ടിലേക്കയച്ച്...മറ്റൊരു വഴിയേ ചെന്ന് സരോജിന്യേച്ച്യേയ്ക്ക് സിഗ്നല്‍ കൊടുത്തു...

പേടിപ്പിക്കാനുള്ള എല്ലാ സെറ്റപ്പുമായി സരോജിനി ചേച്ചി, തിരക്കഥാകൃത്തും സംവിധായകനുമായ സതീശന്‍, കഥയറിയാതെ ആട്ടമാടാന്‍ പോകുന്ന കുമാരേട്ടന്‍ ... എല്ലാം റെഡി...

കുമാരേട്ടന്‍ വീട്ന്റെ പടിക്കലെത്തി സ്ഥിരം ശൈലിയില്‍...

“ ടീ സ്സരോജ്നീ... നാരായ്യണ്‍ന്റെ മോളേ....! ഞാനെത്തീടീ...വാടീ..”

ഇത്രയുമായപ്പോഴേയ്ക്കും... ഒരു എക്സ്ട്രാ ബാസ് ഇഫക്ടോടെ... ചെകുത്താന്റെ വേഷത്തില്‍ സരോജിനി ചേച്ചി കുമാരേട്ടന്റെ മുന്നിലേക്ക് ചാടി...

“ കുമാരാ‍ാ‍ാ‍ാ‍ാ‍ാ നില്‍ക്ക്... നില്‍ക്കാന്‍”

ഇത് കണ്ട കുമാരേട്ടന്‍ ചോദിച്ചു“ആരാ...?”

“ഞാന്‍ ചെകുത്താന്‍”

കുമാരേട്ടന്‍ ആ ഭീകര രൂപത്തെ ഒന്ന് സൂക്ഷിച്ച് നോക്കിയ ശേഷം ഉറക്കെ ചിരിച്ചു...

“ചെകുത്താനോ.... കൊടളിയാ കൈ... !ഞാന്‍ അളിയനെ കാണാനിരിക്കുകയായിരുന്നു...”

ചെകുത്താനായ സരോജിനി ചേച്ചി ഒന്നമ്പരന്ന് ചോദിച്ചു.., “അളിയനോ, ഞാനോ...?”

“ആ.. അതെ അളിയാ...അളിയന്റെ പെങ്ങളല്ലേ അളിയാ എന്റെ ഭാര്യാ...!”

ഇത് കേട്ട സതീശന് അപ്പുറത്തിരുന്ന് ചിരിക്കാനേ കഴിഞ്ഞുള്ളൂ...!



ആശയത്തിനു കടപ്പാട് : റ്റോംസിന്റെ ‘ബോ‍ബനും മോ‍ളിയും’

Wednesday, October 03, 2007

ഓട്ടോസ്സാന്നല്ലടാ...

മനുക്കുട്ടനും വിനുക്കുട്ടനും ചേട്ടാനുജന്മാരാണു. മനുക്കുട്ടനു വയസ്സ് നാലര ആയിട്ടേയുള്ളൂ... വിനുക്കുട്ടനു മൂന്നും. രണ്ടും നല്ല കുസൃതികള്‍.

ഒരു ദിവസം എങ്ങോട്ടോ പോകാനായി അവരെ അമ്മ കുളിച്ചൊരുക്കി നിറുത്തി. കുളിച്ച് പൗഡറും ഇട്ട് മുടിയും ചീകി നല്ല ഉടുപ്പുകളും ഇട്ട് രണ്ടാളും തയ്യാറായി നിന്നു.

" എങ്ങ്ടാമ്മേ നമ്മലു പോനേ...?" വിനുക്കുട്ടന്റെ സംശയം.

"നമ്മളേ... നമ്മളൊരു സ്ഥലം വരെ... "

"ഏതു സലാമ്മേ...? "

" ഒരു സ്ഥലം.... "

" എങ്ങന്യാ പോനമ്മേ...?"

" അതേയ്... അനിചേട്ടനോട് ഒരു ഓട്ടോറിക്ഷ പറഞ്ഞു വിടാന്‍ പറഞ്ഞിട്ടുണ്ട്..."

"അയിലാ പോനേ..?"

"ഉം... "

" മനൂ... "അമ്മ നീട്ടി വിളിച്ചു...

"വ്വിടിണ്ട്..." വീടിന്റെ മുന്‍ വശത്ത് നിന്നിരുന്ന മനുക്കുട്ടന്‍ വിളികേട്ടു.

" മോന്‍ ചേട്ടന്റെ കൂടെ പോയി നിന്നോട്ടോ... മണ്ണിലിറങ്ങരുത്ട്ടോ.. ഓട്ടോറിക്ഷ വന്നാല്‍ പറയണം... "

വിനുക്കുട്ടന്‍ ഓടിപ്പോയി വീടിന്റെ വാതുല്‍ക്കല്‍ മനുക്കുട്ടനോടൊപ്പം നില്‍പ്പായി... അവരുടെ അല്ലറ ചില്ലറ കുസൃതികള്‍ക്കിടയില്‍ പടി കടന്നു വരുന്ന ഓട്ടോറിക്ഷ വിനുക്കുട്ടന്റെ കണ്ണില്‍പ്പെട്ടു...

" മ്മേ...അമ്മേ.... ദേ ഓട്ടോസ്സ വന്നു."

ഇത് കേട്ട മനുക്കുട്ടന്‍ വിനുക്കുട്ടനോട്...

"ടാ നീയെന്താ പര്‍ഞ്ഞേ... ഓട്ടോസ്സാന്നാ...... ഓട്ടോസ്സാന്നല്ലടാ... ഓട്ടര്‍സാ ന്ന് പറ...!"

Sunday, September 23, 2007

എന്നാലും എന്റെ കര്‍ത്താവേ...

കുറച്ചു നാളായി അന്തോണ്യേട്ടന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് കത്രീന ചേട്ടത്തീടെ ചെവിക്കെന്തോ ഡിഗോള്‍ഫിക്കേഷന്‍...പുള്ളിക്കാരത്തീടെ കേള്‍വി ശക്തിക്കെന്തോ തകരാറു പോലെ... കാരണം ചോദിക്കുന്ന പലതിനും മറുപടിയില്ല.

വീട്ടിലാണേല്‍ ഇപ്പൊ അന്തോണ്യേട്ടനും ചേട്ടത്തിയും മാത്രേ ഉള്ളൂ... പിള്ളേരെല്ലാം അങ്ങ് ഗള്‍ഫേലാ. അതോണ്ട് തന്നെ തന്റെ സംശയം ഒരു സംശയമായിത്തന്നെ നിലനിന്നു പുള്ളിക്കരന്റെ മനസ്സില്‍. ഇനി അവളോട് ഇതേപ്പറ്റി ചോദിച്ചാല്‍ പുള്ളിക്കാരിയ്ക്ക് വിഷമായാലോ... എന്തേലും കാരണം പറഞ്ഞ് ആശുപത്രിയേല്‍ കൊണ്ട് പോകാന്നു വച്ചാല്‍ അവളൊട്ടു സമ്മതിക്കേം ഇല്ല.

"എന്നാലും എന്റെ കര്‍ത്താവേ അവള്‍ക്കിങ്ങനൊരു ഗതി വന്നല്ലോ...? അവളറിഞ്ഞാല്‍.... " തന്റെ പ്രിയതമയുടെ കേള്‍വിത്തകരാര്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു വിങ്ങലായി നിലനിന്നു... അങ്ങനെ ഒരു ദിവസം വൈകീട്ട് അന്തോണ്യേട്ടന്‍ പുറത്തേക്കിറങ്ങി, വാതില്‍ക്കല്‍ നിന്ന് ,

"എട്യേ... ഞാന്‍ ഒന്നും പുറത്തേക്കിറങ്ങിയേച്ചും വരാം, വാതിലടച്ചേക്ക്.... "

എവിടെ... ആരു കേള്‍ക്കാന്‍... ഒരു മറുപടിയും ഇല്ല. ഒരു നെടുവീര്‍പ്പോടെ വാതില്‍ അടച്ചേച് അന്തോണ്യേട്ടന്‍ നടന്നു പല പല ചിന്തകളോടെ... അങ്ങാടിയില്‍വച്ച് വടക്കേതിലെ ദിനേശന്‍ തോളില്‍ത്തട്ടി വിളിച്ചപ്പോളാണു അന്തോണ്യേട്ടന്‍ ചിന്തകളില്‍ നിന്നുണര്‍ന്നത്.

"ഇതെന്താന്റെ അന്തോണ്യേട്ടാ... നിങ്ങളെന്താലോചിച്ചാ ഈ നടക്കണേ... കുറേ നേരായി ഞാന്‍ ശ്രദ്ധിക്കണൂ. "

" ഓ..മനസ്സിനൊരു സുഖോല്ലടാ "

" നിങ്ങള്‍ക്കിപ്പെന്താ... പിള്ളെരു ഗള്‍ഫീന്നയക്കണ കാശും ചിലവാക്കി സുഖായിട്ട് ജീവിക്കന്നല്ലാണ്ട് വേറെന്താപ്പത്രെ ചിന്തിക്കാനായിട്ട്... ?എന്താ പ്രശ്നം...?

" അല്ലെടാ, കത്രീനയ്ക്ക് ഈയിടെയായി കേള്‍വിക്കെന്തോ പ്രശ്നമുള്ളപോലെ. ഒരു പരിധി വിട്ട് അകന്ന് നിന്ന് ചോദിക്കണത് കേള്‍ക്കണില്ലാന്നു തോന്നണൂ... ചോദിക്കണേനൊന്നും മറുപടിയില്ല. "

" ഇതിനാണോ ഈ ആലോചന... ചേട്ടത്തിയെ ഏതേലും നല്ല ഡോക്ടറെ കാണിച്ചാല്‍ തീരാവുന്ന പ്രശ്നല്ലേ ഉള്ളൂ. "

" അതിനവളോട് ഞാനിതേപ്പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും വിഷമിക്കണോളാ അവള്‍... പിന്നെ ആശുപത്രീന്നു കേട്ടാലേ അവള്‍ക്ക് അലര്‍ജിയാ. "

" എന്നാ പിന്നെ ഒരു കാര്യം ചെയ്യാം മ്മടെ സണ്ണി ഡോക്ടറോടൊന്ന് ചോദിക്കാം... ചിലപ്പൊ വല്ല ഗുളികോണ്ടും തീരണ പ്രശ്നാവും... എന്തായാലും ചേട്ടന്‍ വാ "

അങ്ങനെ അന്തോണ്യേട്ടനും ദിനേശനും സണ്ണി ഡോക്ടറോട് കാര്യം അവതരിപ്പിച്ചു. എല്ലാം കേട്ട ശേഷം ഡോക്ടര്‍ പറഞ്ഞു,

"മരുന്നൊക്കെ പറയണത് രോഗിയെ കണ്ടിട്ടല്ലേ പറ്റൂ, ഇനിയിപ്പൊ രോഗി നേരിട്ട് വന്നില്ലെങ്കിലും രോഗത്തിന്റെ ആഴം മനസ്സിലാക്കാതെ മരുന്നു തരാന്‍ ഒക്കില്ല. അതോണ്ട് അന്തോണ്യേട്ടന്‍ ഒരു കാര്യം ചെയ്യ്... ചേട്ടത്തിടെ കേള്‍വി ഒന്ന് പരീക്ഷിച്ചിട്ട് വാ.. അതിനുള്ള വഴിയും പറഞ്ഞു തരാം... ചേട്ടന്‍ ഒരു അമ്പതടി മാറി നിന്ന് ചേട്ടത്തിയോട് എന്തേലും ചോദിക്കുക, മറുപടി ഉണ്ടെങ്കില്‍ ആള്‍ക്ക് ഒരു കുഴപ്പവും ഇല്ല, ഇനി മറുപടി ഇല്ലെങ്കില്‍ ഒരു നാല്‍പ്പത് അടി മാറി നിന്ന് വീണ്ടും ആവര്‍ത്തിക്കുക, എന്നിട്ടും മറുപടി ഇല്ലെങ്കില്‍ ദൂരം മുപ്പത് അടിയാക്കുക... മറുപടി കിട്ടണവരെ ഇതാവര്‍ത്തിച്ച് എപ്പോഴാണു...ഏത് ദൂരത്താണു ചേട്ടത്തി മറുപടി പറഞ്ഞേന്നു നോക്കി നമുക്ക് രോഗത്തിന്റെ ആഴം നിര്‍ണ്ണയിക്കാം..എന്നിട്ടാവാം മരുന്നെല്ലാം എന്താ... "

നേരെ വീട്ടിലേക്ക് പോയ അന്തോണ്യേട്ടന്‍ മനസ്സില്‍ പ്രര്‍ത്ഥനകളുമായി പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുക്കളേല്‍ അങ്ങോട്ട് തിരിഞ്ഞു നിന്നിരുന്ന കത്രീനച്ചേട്ടത്തിയെ സങ്കടത്തോടെ ഒന്ന് നോക്കിയ ശേഷം ഏകദേശം അമ്പതടി മാറിനിന്ന് ചോദിച്ചു...

"എട്യേ.... ഇന്നന്നെതാടി അത്താഴത്തിനു..." മറുപടിയില്ല.

നാല്‍പ്പതടി മാറി നിന്ന് അദ്ദേഹം ഈ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു... ഇല്ല മറുപടി ഇല്ല...

മുപ്പതടി മാറി നിന്ന് വീണ്ടും ചോദിച്ചു... മറുപടി ലഭിച്ചില്ല. അദ്ദേഹം തന്റെ പ്രിയതമയുടെ ദുരവസ്ഥയോര്‍ത്ത് ദുഃഖിതനായി വീണ്ടും ചോദ്യം ആവത്തിച്ചു കൊണ്ടേ ഇരുന്നു. അവസാനം അടുക്കള വാതില്‍ക്കലെത്തി ദുഃഖത്തോടെ അദ്ദേഹം ഒന്നു കൂടി ചോദിച്ചു...

"എട്യേ.... ഇന്നന്നെതാടി അത്താഴത്തിനു... "

ഉടനെ പണിത്തിരക്കിലായിരുന്ന കത്രീനച്ചേട്ടത്തി തിരിഞ്ഞു നിന്നു കൊണ്ട്,

" എന്റെ മനുഷ്യാനേ.... ഇതും കൂടിച്ചേര്‍ത്ത് അഞ്ചാമത്തെ പ്രാവശ്യമാണു ഞാന്‍ നിങ്ങളോട് അത്താഴത്തിനു കോഴിയാന്നു പറയുന്നേ... ആ ചെവികൊണ്ട് ഏതേലും നല്ല ഡോക്ടറെ കാണിക്കെന്റെ മനുഷ്യാ.... "

അത് കേട്ട അന്തോണ്യേട്ടന്‍ അന്തം വിട്ട് നിന്നു... 'അതു ശരി അപ്പൊ അവള്‍ക്കല്ലാ.... എനിക്കാണോ ചെവിക്കു പ്രശ്നം...? എന്നാലും എന്റെ കര്‍ത്താവേ എന്നോടിത് വേണ്ടായിരുന്നു ....! '

Wednesday, September 12, 2007

മകളും, ലാപ് ടോപ്പും, വിജയേട്ടനും... അല്‍പ്പം ദുഃഖങ്ങളും.

"എന്താണാവോ...? നമുക്കുള്ള എന്തോ കുരിശുമായിട്ടാ വരവ്... ആ വളിച്ച ചിരി കണ്ടാലറിയാം...? "
എന്റെ മുറിയിലേക്ക് കേറി വന്ന വിജയേട്ടനെ നോക്കി ഞാന്‍ പറഞ്ഞു.

'വിജയേട്ടന്‍...' ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 'അക്രിലിക് സെക്ഷനിലെ' മുഖ്യന്‍, അമ്പതോടടുത്ത പ്രായം. ഞാനുമായി വളരെ ലോഹ്യത്തിലാണു. മിക്കവാറും വരും എന്റെ അടുത്ത്...

"ടാ ഒരു കട്ടിങ്ങ് ഫയല്‍ ശരിയാക്കടാ... " അല്ലേല്‍ "ഇതിനെ അളവിലെന്നു വരച്ച് താടാ "എന്നെല്ലാം പറഞ്ഞ് കൊണ്ട്.

അന്നും പതിവ് പല്ലവിതന്നെയാകും എന്നു കരുതി ഞാന്‍ വീണ്ടും പറഞ്ഞു...
"നിങ്ങളുപോയി നിങ്ങളുടെ പണി നോക്ക് മാഷേ... എനിക്ക് വേറെ പണിയുണ്ട്... ഒരു കട്ടിങ്ങും കുട്ടിങ്ങും... "

എന്നും തുടക്കം ഇങ്ങനാണു... പിന്നെ പരസ്പരം തല്ലുകൂടിയും കളിയാക്കിയും പതിയെ പണി ചെയ്യും. അന്ന് ഒന്നും മിണ്ടാതെ അദ്ദേഹം ചിരിച്ച്കൊണ്ട് അടുത്തു നിന്നു.

" ടാ ഞാന്‍ ഒരു കാര്യം അറിയാന്‍ വന്നതാണു... ഓരു ലാപ്ടോപ് എന്ത് വിലയുണ്ടാവും... ഒന്നു വേണായിരുന്നു..."

ഞാന്‍ എന്റെ സ്വതസിദ്ധമായ ഭാഷയില്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ട് പറഞ്ഞൂ...
" നിങ്ങള്‍ക്കെന്തിനാ ലാപ്ടോപ്... ലാപ്ടോപ്പുണ്ടങ്കിലേ ഭക്ഷണം തരൂന്ന് കടക്കാരന്‍ പറഞ്ഞോ...? മറ്റുള്ളോരു ഓരോന്ന് കാട്ടണകണ്ടിട്ട് ജാഡ കാണിക്കല്ലേ മാഷേ... "

" അല്ലെടാ മോള്‍ക്കാ...അവള്‍ടെ ക്ലാസ്സില്‍ എല്ലാര്‍ക്കും ഉണ്ടത്രെ...അവള്‍ക്ക് മാത്രേ ഇല്ലാത്തുള്ളൂ... ഒരെണ്ണം വേണന്ന് ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞു. "

അപ്പോഴാണു എനിക്ക് ഇദ്ദേഹം കാര്യായിട്ടാ ചോദിച്ചേന്നു മനസ്സിലായേ...

"എനിക്ക് വലിയ നിശ്ചയമില്ല വിജയേട്ടാ... നല്ലതു വേണേല്‍ ഒരു 2500 ദിര്‍ഹത്തിനു മുകളില്‍ എന്തായാലും ആകുമെന്നു തോന്നുന്നു... പിന്നെ ഏറ്റവും പുതിയത് ഒരു 4000 ത്തിനു മുകളിലും...ഉറപ്പില്ലാട്ടോ നോക്കണം. "

"ഓ... അത്രയൊന്നും താങ്ങില്ലപ്പാ... 1500 മുതല്‍ 2000 ത്തിനു ഉള്ളില്‍ കിട്ടുമെന്ന് പറയണ കേട്ടല്ലാ... അതെങ്ങനെയുണ്ട്...?"

" അതിന്റെ കമ്പനിയും മറ്റും നോക്കണം, പക്ഷേ നല്ലത് കിട്ടണേല്‍ 2500 മുകളില്‍ വരുമെന്നു തോന്നുന്നു...വാങ്ങുമ്പോള്‍ നല്ലത് വാങ്ങിക്കൂടെ വിജയേട്ടാ...? "

അദ്ദേഹം ഒന്നും മിണ്ടാതെ ചിന്തയിലാണ്ടു....
അദ്ദേഹത്തിന്റെ മകള്‍ എം.ബി.എ. യ്ക്കാണു പഠിക്കണത്. ക്ലാസ്സിലെ എല്ലാകുട്ടികള്‍ക്കും ലാപ്ടോപ് ഉണ്ടത്രേ...! അതോണ്ട് അയാള്‍ക്കും വേണം ഒന്ന്...അവിടെ വില അന്വേഷിച്ചു 35000 രൂപ പറഞ്ഞൂത്രേ...! ഉടനെ അഛ്ചനെ വിളിച്ചു എനിക്കും വേണം ഒരു ലാപ് ടോപ്. സംഗതി സിമ്പിളായി അവതരിപ്പിച്ചു.( എം. ബി. എ. യ്ക്ക് പഠിക്കുന്ന കുട്ടിയ്ക്ക് ലാപ് ടോപ് ആവശ്യമുണ്ടോ എന്നെനിക്കറിയില്ല... ).

ചിന്തയിലിരിക്കുന്ന അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു,
"എന്നാ നമുക്കൊന്ന് നോക്കാം വിജയേട്ടാ...?"

" അതിനു കാശെവിടുന്നാടാ മോനേ...? ഇവിടെ കിട്ടണ ശമ്പളം വീട്ടിലെ ചിലവിനും അവളുടെ ഹോസ്റ്റല്‍ ഫീസും കഴിഞ്ഞാല്‍ പിന്നെ എന്റെ ഇവിടുത്തെ ചിലവിനുതന്നെ കഷ്ടി. പിന്നെ ഇതിന്റെ താഴെ ഒന്നുകൂടി പഠിക്കണുണ്ട്... അവളുടെ പഠിത്തത്തിന്റെ ചിലവ് വേറെ... എന്താ ചെയ്യണ്ടേന്ന് ഒരു പിടുത്തവും ഇല്ല. ഇനി ഇവിടെ ചോദിക്കാന്നു വച്ചാല്‍ മുന്‍പെടുത്ത ലോണ്‍ ഈ ഡിസംബറിലേ തീരൂ.... ആ.... സാര്‍ വന്നാല്‍ ചോദിച്ചു നോക്കാം... കിട്ടിയാലായി...ഇല്ലേല്‍ വേറെ ആരുടേയെങ്കിലും കൈയ്യീന്ന് വങ്ങാം, ഒരു കടം തീര്‍ക്കാന്‍ അടുത്തത്, അത് തീര്‍ക്കാന്‍ വേറൊന്ന്, അതിന്റിടേല്‍ ഇതും... എന്താ ചെയ്യാ....? ..... നീ എന്തായാലും നിന്റെ പണിയെടുക്ക്... ഇന്ന് നീ പറയണപോലെ കട്ടിങ്ങും കുട്ടിങ്ങും ഒന്നും ഇല്ല... അപ്പൊ ശരീടാ.... "

" ഓകെന്നാ... കാണാമ്മക്ക്.... "എന്ന് ഞാനും...

അദ്ദേഹം ചിന്താമഗ്നനായി പതിയെ നടന്നു നീങ്ങി....

ഇദ്ദേഹം ഒരു സാധാരണക്കാരനായ പ്രവാസി... കടവും കടപ്പാടുകളും വീര്‍പ്പുമുട്ടിച്ചു തുടങ്ങിയപ്പോള്‍... തന്റെ കുടുംബമെങ്കിലും ഇതില്‍ നിന്നും മുക്തി നേടട്ടെ എന്ന പ്രതീക്ഷയുമായി വീടും നാടും, വീട്ടുകാരേയും വിട്ട് ഈ മണ്ണിലേക്ക് ചുവടു വച്ചു.
ഈ നാടിന്റെ ചൂടും തണുപ്പുമേറ്റ് വരണ്ടുണങ്ങിയ മനസ്സും ശരീരവുമായി ജീവിതത്തിന്റെ വിരസമായ ഈ വഴികളിലൂടെ സഞ്ചരിക്കുന്ന അവന്റെ മനസ്സില്‍ ഒന്നു മാത്രം ... തന്റെ കുടുംബം. കിട്ടുന്ന കാശ് ചിലവാക്കാതെ വീട്ടിലേക്കയച്ച് അവരെങ്കിലും സുഖായിരിക്കട്ടെ എന്നു കരുതുന്ന അവന്‍ തന്റെ വിഷമതകളൊന്നും ആരേയും അറിയിക്കതിരിക്കാന്‍ ശ്രമിക്കുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോഴാണു അവന്റെ മുഖം പ്രസന്നമാകുന്നതു തന്നെ... എന്തുണ്ട് വിശേഷം എന്ന ചോദ്യത്തിനു..."സുഖാണു...." അല്ലേല്‍..."ഇങ്ങനെ പോകുന്നു..."ഇതാണു അവന്റെ മറുപടി.
അവിടെ നിന്നു വരുന്ന ഓരോ ആഗ്രഹങ്ങളുടേയും പൂര്‍ത്തികരണത്തിനു പിന്നില്‍ അവനു പറയാന്‍ ഒരോ കാരണങ്ങള്‍ കാണും, എന്തൊക്കെ സഹിച്ചാലും അവനത് ചെയ്തുകൊടുക്കും എന്നാലും പരിഭവവും പരാതിയും ബാക്കി...

"എനിക്കതെന്തന്നറിയാന്‍ പറ്റീട്ടില്ല... അവരെങ്കിലും അറിയണം അത്..." ഇതവന്റെ ആഗ്രഹം... ഇതിന്റെ പൂര്‍ത്തീകരണത്തിനിടയില്‍ അവന്റെ ജീവിതം പതിയേ അകന്നു പോകുന്നത് അവന്‍ പോലും അറിയുന്നില്ല...

" ഇന്ന് ഞാന്‍ അല്‍പ്പം കഷ്ടപ്പെട്ടാലും...എന്റെ മക്കളും ഭാര്യയും നന്നായി ജീവിക്കും... ഒരു കാലത്ത് മക്കളെല്ലാം നല്ല നിലയിലാകുമ്പോള്‍ ഈ നാടിനോട് വിട പറഞ്ഞ് തന്റെ നട്ടില്‍ അവരോടൊപ്പം ഒരു സ്വസ്ത ജീവിതം... "ഇതവന്റെ സ്വപ്നം...

പ്രവാസികളുടെ മക്കള്‍ ഇത് വായിക്കുന്നുണ്ടേല്‍ ഒരു കാര്യം പറഞ്ഞോട്ടെ, നിങ്ങള്‍ ചിലവാക്കുന്ന ഓരോ പൈസയിലും നിങ്ങളുടെ മാതാപിതാക്കളുടെ വിയര്‍പ്പും ദുഃഖങ്ങളും അടങ്ങിയിട്ടുണ്ട്... അത് നിങ്ങള്‍ക്കായിത്തന്നെ അവര്‍ സമ്പാദിക്കുന്നു... അത് നിങ്ങള്‍ക്ക് യഥേഷടം ചിലവാക്കാം... പക്ഷേ അതിനു പിന്നിലുള്ള ത്യാഗങ്ങളും സങ്കടങ്ങളും നിങ്ങള്‍ മനസ്സിലാക്കണം...

"എനിക്ക് പഠിക്കാന്‍ പറ്റിയിട്ടില്ല...കാശില്ലാത്തതിനാല്‍...ആ ഗതി എന്റെ മക്കള്‍ക്ക് വരരുത്... ഇവിടെ ഞാനല്‍പ്പം അഴുക്കായ വസ്ത്രം ധരിച്ചാലേ എന്റെ ഭാര്യയും മക്കളും നല്ല വസ്ത്രം ധരിച്ചു നടക്കൂ... ഞാന്‍ അരവയറായാലും അവര്‍ വയറു നിറച്ച് കഴിക്കട്ടെ... വയസ്സകുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം താടാ എന്ന് ധൈര്യത്തോടെ പറയാലോ... "ഒരു പിതാവിന്റെ വാക്കുകളാണിവ.

പ്രിയപ്പെട്ട കൂടപ്പിറപ്പുകളോട് രണ്ട് വാക്ക്... നിങ്ങളുടെ ഓരോ വളര്‍ച്ചയിലും സന്തോഷിക്കുന്ന നിങ്ങളുടെ ദുഃഖങ്ങളില്‍ നിങ്ങളേക്കാളേറെ സങ്കടപ്പെടുന്ന മാതാപിതാക്കളെ തിരിച്ചറിയുക. അവര്‍ ഇന്ന് നിങ്ങള്‍ക്കായി കഷടപ്പെടുന്നു, നിങ്ങള്‍ക്കായി വാദിക്കുന്നു, നിങ്ങളുടെ ആവശ്യങ്ങള്‍ അവരുടെ കഴിവിനനുസരിച്ച് നിറവേറ്റിത്തരുന്നു.... ഇതിനു പ്രതിഫലമായി അവര്‍ ആഗ്രഹിക്കുന്നതൊന്നു മാത്രം.... നിങ്ങളുടെ സ്നേഹം... അവര്‍ നിങ്ങളെ ശാസിക്കുന്നു എങ്കില്‍ അത് നിങ്ങളുടെ നന്മയെക്കരുതി മാത്രം... അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന വിഷമത്തിന്റെ പതിന്മടങ്ങാണു നിങ്ങള്‍ മറുവാക്ക് പറയുമ്പോള്‍ അവരിലുണ്ടാകുന്നത് എന്നും മനസ്സിലാക്കുക.
ഇന്ന് നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി നിങ്ങളെ നല്ല നിലയില്‍ കാണാന്‍ ആഗ്രഹിക്കുന്ന അവര്‍ക്ക്, വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ തണലാകുമെന്ന ഒരു പ്രതീക്ഷ.... അതേയുള്ളൂ അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍.

ഓര്‍ക്കുക നാളെ നിങ്ങളും ഒരു പിതാവോ, മാതാവോ ആകും... വാര്‍ദ്ധക്യം നിങ്ങള്‍ക്കും വരും... അന്ന് ഒര്‍ത്തു പശ്ചാത്തപിക്കാന്‍ ഇടവരാതെ നോക്കുക.

ഇന്ന് വിജയേട്ടന്‍ പലരുടേം കൈയ്യില്‍നിന്നും കടം വാങ്ങുന്നു... മകള്‍ക്ക് അവളാവശ്യപ്പെട്ടത് എത്തിച്ചു കൊടുക്കനായ്... മകളേ നിന്റെ അഛ്ചന്‍ കഷ്ടപ്പെട്ട് പൂര്‍ത്തീകരിക്കുന്ന നിന്റെ ആഗ്രഹങ്ങള്‍ക്ക് നീ വില കല്‍പ്പിക്കണം... നിങ്ങളുടെ നല്ല ഭാവി അതേ ഉള്ളൂ അഛ്ചന്റെ മനസ്സില്‍... നിങ്ങളുടെ സ്നേഹം അതേ വേണ്ടു അദ്ദേഹത്തിനു....

Friday, August 24, 2007

ഉത്തമനായ പുത്രന്‍

ഈ ലോകത്ത് ഉത്തമനായ ഒരു പുത്രനുണ്ട്... ആ പുത്രന്‍ ഓരോ അമ്മയ്ക്കും ഉണ്ട്.... നാട്ടുകാരുടെ കണ്ണില്‍ അവന്‍ കരടായിരുന്നാലും അമ്മയ്ക്ക് അവന്‍ കണ്ണിലുണ്ണി തന്നെ...എല്ലാ അമ്മമാരും അവരുടെ മക്കള്‍ നല്ല നിലയില്‍ എത്തിക്കാണാന്‍ ആഗ്രഹിക്കുന്നു... ഈ അമ്മയും ആഗ്രഹിച്ചു...

രണ്ടു പെണ്‍കുട്ടികള്‍ക്കിടയിലെ ആണ്‍തരി... ചെറുപ്പത്തില്‍ അമ്മ അവനെ മടിയിലിരുത്തി പാലു കൊടുത്തു... വലുതായപ്പോള്‍ അഛ്ചന്‍ അവനെ കൂടെയിരുത്തി കള്ളുകൊടുത്തു...!!!
ചെറുപ്പത്തില്‍ പെങ്ങന്മാരുടെ കളിപ്പാട്ടങ്ങള്‍ തട്ടിയെടുക്കുക എന്നത് ശീലമായിരുന്നു...വലുതായപ്പോള്‍ പെങ്ങന്മാര്‍ സ്ഥാനമൊഴിഞ്ഞു... അവിടെ നാട്ടുകാര്‍ കേറി...തട്ടിപ്പിനു കോട്ടമൊന്നും തട്ടിയില്ല... അത് നിരുപാധികം തുടര്‍ന്നു...
യവ്വനത്തിന്റെ പടികേറിയപ്പോള്‍ യുവതികള്‍ അവനൊരു ഹരമായി... യുവതികള്‍ക്ക് അവനൊരു ശല്യമായി... അവരില്‍ ചിലരുടെ വീട്ടുകാര്‍ക്ക് അവനൊരു ചെണ്ടയായി... പലരും പല കാലങ്ങളും അവന്റെ നെഞ്ചത്ത് കൊട്ടിത്തെളിഞ്ഞു....
പഠിക്കുന്നകാലത്ത്...( അങ്ങനെ ഒരു സംഭവം അവന്റെ ജീവിതത്തിലുണ്ടായിരുന്നില്ല... വിദ്യാഭ്യാസ കാലഘട്ടം എന്നേ ഉദ്ദേശിച്ചുള്ളു.) അവന്‍ പല വിദ്യകളും അഭ്യാസങ്ങളും പഠിച്ച് വിദ്യാഭ്യാസം എന്ന വാക്കിനെ അര്‍ത്ഥവത്താക്കി... കൂട്ടുകാരുടെ ഇടയില്‍ അവന്‍ ഹീറോ ആയിമാറി..അദ്ധ്യാപകര്‍ക്ക് വെറും സീറോയും...
ഈ കാലഘട്ടത്തില്‍ സ്വന്തം അഛ്ചനില്‍ നിന്നും പഠിച്ച പാഠങ്ങളായ, വെള്ളമടി എങ്ങനെ കലാപരമാക്കാം...? വാളുവയ്ക്കാതെ എങ്ങനെ വെള്ളമടിക്കാം...? പുകവലിക്കുമ്പോള്‍ എങ്ങനെ ചുമക്കാതിരിക്കാം...? ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ..? എന്നിവ മറ്റുള്ള സാധുക്കളായ സുഹൃത്തുക്കള്‍ക്ക് മൊത്തമായും ചില്ലറയായും മനസ്സിലാക്കി കൊടുത്തു...എന്തൊരു ഉദാരമതിയായ പയ്യന്‍..!!!
കാര്യങ്ങള്‍ ഇങ്ങനൊക്കെ ആണേലും അഛ്ചനും അമ്മയ്ക്കും അവന്‍ കണ്ണിലുണ്ണിയായിരുന്നു.... അവന്റെ തെറ്റുകള്‍ അവര്‍ ബോധപൂര്‍വ്വം ന്യായീകരിച്ചു.
എങ്ങനെയോ പത്താംതരത്തില്‍ വിജയമെന്ന പാതയിലേക്ക് കല്‍തെറ്റി വീണു...(അവന്റെ ഉത്തരക്കടലാസ് നോക്കിയതാരായലും അവരെ തൊഴണം... )പിന്നീട് പ്രീഡിഗ്രീ എന്ന കടമ്പക്കു പോകാതെ, ഐ.ടി.ഐ.യില്‍ ചേര്‍ന്നു... അവിടെ വിശദമായി ഒരു അഞ്ച് വര്‍ഷം പരീക്ഷ എഴുതി.ഒരോ വര്‍ഷവും പുതിയ പുസ്തകങ്ങള്‍ വാങ്ങി വളരെ ഉഷാറായിത്തന്നെ കോപ്പിയടി മഹാമഹം നടത്തി വന്നിരുന്നു.അഞ്ചാം വര്‍ഷം ആരോ ചെയ്ത പാപത്തിന്റെ ഫലമായി അവന്‍ ജയിച്ചു... അല്ല ആരോ അവനെ ജയത്തിലേക്ക് തള്ളിയിട്ടു.ഈ കാലഘട്ടത്തിലും നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിക്കുക എന്ന ശ്രമകരമായ തന്റെ ദൗത്യത്തിനു ഒരു കോട്ടവും വരാതെ അവന്‍ സൂക്ഷ്മമായി ചെയ്തു കൊണ്ടിരുന്നു... അതിലൂടെ ഈ തലവേദന തന്റെ അമ്മയ്ക്കും നല്‍കുവാന്‍ അവനുകഴിഞ്ഞു എന്നത് പ്രത്യേകം എടുത്തുപറയാതെ വയ്യ.
അങ്ങനെയുള്ള അഭ്യാസകാലഘട്ടത്തിശേഷം "ഇനിയെന്ത്..?" എന്ന ചോദ്യത്തിനു അവന്റെ അമ്മ കണ്ണുകള്‍ മിഴിച്ചു.. അവന്‍ കണ്ണുകളടച്ചു.തന്റെ വെള്ളമടി ഗുരുവായ അഛ്ചന്റെ കരള്‍ വിദേശമദ്യത്തിന്റെ മലവെള്ളപ്പാച്ചിലില്‍ കരകളിടിഞ്ഞ് ഫ്യൂസായ വിവരം വളരെ സന്തോഷത്തോടെ അവന്‍ ആഘോഷിച്ചു... ഇനി അഛ്ചനു പങ്ക് കൊടുക്കേണ്ടല്ലോ....!!!
പക്ഷെ അവിടെ ഉദിക്കുന്നു അവന്റെ തലവേദന...
"ഈശ്വരാ...വീട് നോക്കേണ്ട ചുമതല തന്റേതാകുമോ..?എന്തായാലും അഛ്ചന്‍ വിരമിക്കുമ്പോല്‍ ഒരു തുക കിട്ടും... പക്ഷെ അത് പെങ്ങന്മാരുടെ വിവാഹാവശ്യത്തിനായി പോകും...പിന്നെ...? "
എന്തു പേടിക്കാന്‍ അഛ്ചനു പെന്‍ഷന്‍ കിട്ടുമല്ലോ...തത്ക്കാലം ശമനമായി...
ഇതിനിടെ അഛ്ച്നും അമ്മക്കും മകനെപ്പറ്റി വേവലതി ആയി...
" ഇവന്‍ ഇങ്ങനെ നടന്നാല്‍ ശരിയാകില്ല... ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം..."
"ഇനി നമ്മള്‍ എത്രകാലം...? "
"അതിനു നല്ല വഴി എവിടേലും ഒരു ജോലി എല്‍പ്പിച്ചു കൊടുക്കുക... സ്വന്തമായി അദ്ധ്വാനിച്ച് പത്തുകാശുണ്ടാക്കട്ടെ...അപ്പോള്‍ എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വരും...അങ്ങനെ അവന്‍ ജീവിതത്തില്‍ വിജയിക്കും..."
അങ്ങനെ കണ്ടതും കേട്ടതുമായ സകലരോടും മകന്റെ ജോലിക്കാര്യം പറഞ്ഞു...
ഒരാളല്ല ഒരുപാടുപേര്‍ അവനു ജോലികൊടുത്തു... അവന്‍ തിരിച്ചും...!!!
ദോഷം പറയരുതല്ലോ ഒരു സ്ഥലത്തും ഒരാഴ്ചയില്‍ കൂടുതല്‍ അവന്‍ നിന്നില്ല... ആ അഛ്ചന്റെ ആത്മാഭിമാനം അത്രേം കുറച്ചേ പോയുള്ളൂ...... ഇതിനിടേല്‍ അവന്‍ ഒരു ഇരുചക്രവാഹനം വാങ്ങി... ആ മിടുക്കന്‍ അതിനുവേണ്ടി കിടപ്പാടം പണയപ്പെടുത്തി... അഛ്ചനുണ്ടല്ലോ എല്ലാം തിരിച്ചടക്കാന്‍... അങ്ങനെ കാലങ്ങളോരോന്നായി അവന്‍ ചവിട്ടിമെതിച്ചു... ഇതിനിടെ പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞു... അവന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു... എല്ലാ ഒടക്കിനും ഭക്ഷണം കഴിക്കാനും...വീട്ടാധാരം പണയം വീട്ടിയെടുത്തു...പിന്നേം കൊണ്ടു വച്ചു..
"ഓരോരോ ആവശ്യങ്ങള്‍ക്കെന്താ ചെയ്യാ?" അതായിരുന്നു ന്യായികരണം...

അന്യസംസ്ഥാനത്ത് വീട്ടിലെ കുറേ കാശും അടിച്ചുമാറ്റി ജോലിയെന്ന എന്തോ സാധനം തേടിപ്പോയ അവന്‍ ഒരുനാള്‍ ആ വാര്‍ത്ത കേട്ടു...' അഛ്ചന്‍ മരിച്ചു പോയി... പിതാജി മര്‍ ഗയാ... ഫാദര്‍ ഈസ് നോ മോര്‍..... '
"ഈശ്വരാ...എന്നോടെന്തിനീ ക്രൂരത ചെയ്തു.... വീടിന്റെ ഉത്തരവാദിത്തം എന്ന ആ സംഭവം വീണ്ടും എന്റെ തലയില്‍..." തന്റെ അഛ്ചന്റെ വേര്‍പാടില്‍ ദുഃഖാര്‍ത്തനായ ആ പാവം മകന്‍ ഒറ്റയിരുപ്പില്‍ ഒരു കുപ്പി അകത്താക്കി...ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കതെ....!!!തുടര്‍ന്ന് മറ്റാരോ വളരെ പണിപ്പെട്ട് ഒപ്പിച്ചു കൊണ്ടുവന്ന ഒരു വിമാനടിക്കറ്റിന്റെ അകമ്പടിയോടെ ടിയാന്റെ ആദ്യ വിമാനയാത്ര. അഛ്ചന്‍ മരിച്ചാലും 'വിമാനത്തില്‍ കേറുക' എന്ന ആഗ്രഹ സഫലീകരണത്തിനായിരുന്നു അവന്‍ പ്രാധാന്യം നല്‍കിയത്.. നാട്ടില്‍ വന്നു അഛ്ചന്റെ ചടങ്ങുകളെല്ലാം ഭംഗിയായി നടത്തി(അതിനുള്ള കാശ് അഛ്ചന്‍ കരിതിയിരുന്നു... മകനെപ്പറ്റി നല്ല ദീര്‍ഘവീക്ഷണമുണ്ടായിരുന്നു ആ പിതാവിനു)
"ഇനി എന്താ ചെയ്യാ...? തത്ക്കാലത്തേക്ക് അളിയന്മാരെ പിഴിയാം..പക്ഷെ എത്ര കാലം...? "
അങ്ങനെ ചിന്തിച്ചിരുന്ന അവനു ആശ്വാസമേകി ആ വാര്‍ത്ത വന്നു... അഛ്ചന്റെ പെന്‍ഷന്‍ ഇനി അമ്മയ്ക്കു കിട്ടും...
"മതി...ഇതില്‍കൂടുതല്‍ എന്തു വേണം....?"അവന്‍ സ്ന്തുഷ്ടനായി തന്റെ പഴയ ജീവിതം പുനരാരംഭിച്ചു...
പാവം അമ്മയുടെ നെഞ്ച് നീറി... 'തന്റെ കാലം വരെ ഓകെ... അതു കഴിഞ്ഞാല്‍ അവനെന്തു ചെയ്യും... ഇങ്ങനെ വിട്ടാല്‍ പറ്റില്ല... അവനെ ഉത്തരവാദിത്തമുള്ളവനാക്കി മാറ്റണം...എന്തു ചെയ്യും...?'പലരോടും ആലോചിച്ചു... അതിന്റെ പരിണിതഫലമായി ഒരു ആശയം ഉദിച്ചു...
" അവനെ വിവാഹം കഴിപ്പിക്കുക. ഒരു വിവഹമെല്ലാം കഴിച്ച് ഭാര്യയും കുട്ടികളുമാകുമ്പോള്‍ തന്നെ ഉത്തരവാദിത്തം വരും... അപ്പോള്‍ സ്വയമേവ ഒരു ജോലിയെല്ലാം നോക്കി... വീട്ടിലെ കാര്യങ്ങളും നോക്കി നല്ല ഒരു കുടുംബനാഥനായി മാറും... അതോടെ ചേച്ചീടെ കഷ്ടപ്പാടെല്ലാം മാറും... പണയ വസ്തുക്കളെല്ലാം തിരിച്ചെടുക്കുകയും ചെയ്യും... പിന്നെ ചേച്ചിക്ക് ഈ ഒന്നിനും തികയാത്ത പെന്‍ഷന്‍ പണവും നോക്കിയിരിക്കേണ്ടാ... "ആരോ നല്‍കിയ സുന്ദര സ്വപ്നം...
ആ അമ്മ മകനുവേണ്ടി വിവാഹാലോചന തുടങ്ങി... നാട്ടില്‍ തരക്കേടില്ലാത്ത തല്ലുകൊള്ളിയായിരുന്ന അവനും കിട്ടി ഒരു പെണ്ണ്..!!!!
വിവാഹശേഷം മകനിലെ മാറ്റങ്ങള്‍ അമ്മ ശ്രദ്ധിച്ചു... അധികം പുറത്തൊന്നും പോകില്ല...ആകെ ഒരു മാറ്റവും ഉണ്ട്...ആ അമ്മ സന്തോഷിച്ചു... പക്ഷേ പണിയുടെ കാര്യം മാത്രം പഴയ കണക്കേ തന്നെ...മകന്റേയും അവന്റെ പ്രിയ പത്നിയുടേയും സന്തോഷകരമായ ജീവിതം കണ്ട് ആശ്വസിച്ച അമ്മയ്ക്ക് അവരുടെ ചിലവ് താങ്ങാന്‍ പറ്റാതായി...പക്ഷേ "എന്തു ചെയ്യാനാ മോന്റെ തലവര ശരിയല്ല...ജോലി..അതങ്ങട്ട് ശരിയാവണീല്ല..." അതായിരുന്നു ആ അമ്മയുടെ ന്യായം. എന്തായലും ജോലി കിട്ടിയില്ലെങ്കിലും മകനില്‍ ഉത്തരവാദിത്തബോധം വന്നു എന്നതിനു തെളിവായി അവന്റെ പ്രിയ പത്നി ഒരു കുഞ്ഞിനു ജന്മം നല്‍കി.ആ കുഞ്ഞിന്റെ കാര്യങ്ങളും അവന്റെ അമ്മ നോക്കേണ്ടി വന്നു. ആ കുഞ്ഞ് എഴുന്നേറ്റു നടക്കുന്നതിനു മുന്‍പേ അവന്റെ പ്രിയ പത്നി വീണ്ടും ഗര്‍ഭിണിയായി.അവന്റെ അമ്മയുടെ മുതുകിലെ ഭാരം കൂടി എന്നല്ലാതെ എന്തു പറയാന്‍...

ഈ ഓണക്കാലത്ത് അവര്‍ അവനോട് ചോദിച്ചു," ഓണമായില്ലേടാ...സാധനങ്ങള്‍ വാങ്ങേണ്ടേ, എന്റെ കൈയ്യില്‍ പൈസ ഇല്ല... എന്താ ചെയ്കാ? "
" ഞാനെന്ത് ചെയ്യാന്‍... എന്റേലെവിടുന്നാ കാശ്.. ഒരു കാര്യം ചെയ്, പണയം വക്കാന്‍ എന്തേലും കിട്ട്വോന്ന് നോക്ക്.... ഞാന്‍ ഉച്ചയ്ക്ക് പോയി പണയം വക്കാം... ഇല്ലേല്‍ അപ്പുറത്താരോടെങ്കിലും ചോദിക്ക്..."ഇതും പറഞ്ഞ് അവന്‍ ഇറങ്ങിപ്പോയി...

ഇപ്പോള്‍ അവര്‍ ഓര്‍ത്തുപോകുന്നു മകനു ഉത്തരവാദിത്തം ഇല്ലാതിരിക്കായിരുന്നു നല്ലതെന്ന്... അല്ലെങ്കില്‍ ചെറുപ്പത്തിലേ ശ്രദ്ധിക്കണമായിരുന്നു എന്ന്...അവന്റെ തെറ്റുകള്‍ അന്ന് തെറ്റുകള്‍ എന്നു തന്നെ പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ അവന്റെ ജീവിതം തന്നെ മാറിയേനെ... അവന്റെ തെറ്റുകളില്‍ അവനെ സംരക്ഷിച്ചുപോന്ന ഞങ്ങളും അവന്റെ ഈ അവസ്ത്ഥക്ക് ഒരു പരിധി വരെ കാരണം തന്നെ.

Saturday, August 18, 2007

ഒരു കുഞ്ഞു സങ്കടം.

പ്രിയ മോള്‍ടെ ക്ലാസ്സില്‍ എല്ലാരും അവരുടെ പപ്പമാരെപ്പറ്റി പറയും...എന്റെ പപ്പ അതാണു, എന്റെ പപ്പ ഇതാണു,ആന, കുതിര, മറ്റത്, മറിച്ചത് അങ്ങനെയങ്ങനെ... പ്രിയ മോളും പറയും അഛ്ചനെക്കുറിച്ച് വലിയ വലിയ വര്‍ത്താനങ്ങള്‍....

പ്രിയ മോള്‍ക്ക് ഒന്നേ വിഷമമുള്ളു... എല്ലാരും അവരുടെ പപ്പമാരെ... വീട്ടിലും പുറത്തും വച്ച് പപ്പാ...പപ്പാ എന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ മാത്രം...അതെന്താണന്നല്ലേ... നമുക്ക് പ്രിയ മോളോടു തന്നെ ചോദിക്കാം.

സഹയാത്രികന്‍ : എന്താ പ്രിയമോളേ ...ഒരു വിഷമം.... എല്ലാരും അവരവരുടെ അഛ്ചന്മാരെ പപ്പാ എന്നു വിളിക്കുമ്പോള്‍ എന്താ കുട്ടീടെ മുഖം വാടണെ...?

പ്രിയമോള്‍ : എന്തു ചെയ്യാനാ ചേട്ടാ.... എല്ലാരും അവരുടെ അഛ്ചന്മാരെ പപ്പാ എന്നു വിളിക്കുമ്പോള്‍ ഞാന്‍ മാത്രം അഛ്ചാന്നു വിളിക്കണു...

സഹയാത്രികന്‍ : അതെന്താ അങ്ങനെ...? കുട്ടിക്കും പപ്പാന്നു വിളിച്ചൂടെ....?

പ്രിയമോള്‍ : പറ്റില്ല ചേട്ടാ... ചെറുപ്പം മുതലേ എന്റെ അഛ്ചനെ പപ്പാന്നു വിളിക്കാനായിരുന്നു ആഗ്രഹം... പക്ഷെ എന്റെ കഷ്ടകാലത്തിനു, അമ്മൂമ്മ എന്റെ അഛ്ചനു പപ്പന്‍ എന്നാ പേരിട്ടത്...!

അതു ശരിയാ... 'പപ്പനെന്നു' പേരുള്ള 'പപ്പാ'യെക്കേറി ഒരു മകളെങ്ങനാ 'പപ്പാ' എന്നു വിളിക്കുന്നേ...അത് അധികപ്രസംഗമാകില്ലേ...?

Tuesday, August 14, 2007

ഇങ്ങനേയും ചിലര്‍....

വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് സഹയാത്രികന്‍ ചില സംശയങ്ങള്‍ക്കുത്തരം തേടുന്നു... ആംഗലേയ ഭാഷയിലെ 'കണ്‍സപ്റ്റ്' എന്നവാക്കിന്റെ ശരിയായ അര്‍ത്ഥമെന്താണു....? സങ്കല്‍പ്പം എന്നു പറയാമോ...? അങ്ങനെ പറഞ്ഞാല്‍.... സാങ്കല്‍പ്പികമായതെന്തും നമുക്കു മാറ്റങ്ങള്‍ വരുത്താവുന്നതല്ലേ ഉള്ളൂ...? ഇനി സങ്കല്‍പ്പിച്ചതല്ല കിട്ടിയതെങ്കില്‍ അതിനു വേണ്ടി ശ്രമിക്കണോ...? അതോ കിട്ടിയതുമായി പൊരുത്തപ്പെടണോ...? അതോ അതിനെ സങ്കല്‍പ്പത്തിനനുസരിച്ച് മാറ്റിയെടുക്കണോ...? ആവോ... എനിക്കറിയില്ല...

ഇനി വിഷയത്തിലേക്ക് കടക്കാം... സംഗതി രസമാണു... (കേള്‍വിക്കാര്‍ക്ക്) . എന്തായാലും പറയാം.... മണിയറയില്‍ നമ്മുടെ കഥാനായകന്‍ ഇരിപ്പുണ്ട്... കഥാനായികയും വന്നു... ഇരുവരും പരസ്പരം ഒന്നു നോക്കി... കഥാനായകന്‍ തന്നെപ്പറ്റി ഒരു ചെറിയ വിവരണം സമര്‍പ്പിച്ചു...എല്ലാം കേട്ടുകൊണ്ട് നമ്രശിരസ്ക്കയായി നായികയും.... പുത്തരിക്കണ്ടം മൈതാനത്ത് തീപ്പൊരി പ്രസംഗം കാച്ചി അണികളുടെ കൈയ്യടി വാങ്ങിയ നേതാവിന്റെ ഭാവത്തൊടെ നായകനിരുന്നപ്പോള്‍... നായിക പറഞ്ഞു,
"എനിക്കു നിങ്ങളേയും, ഈ വിവാഹവും ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല".
നായകനൊന്ന് ഞെട്ടി...( ഞെട്ടിയില്ല എന്നാണു പറഞ്ഞത്, ഞെട്ടിക്കാണും അല്ലാതെ തരമില്ല )
" എന്ത്...? "
നായകന്റെ തന്മയത്തത്തോടെയുള്ള ചോദ്യം.... നായിക അതേ പല്ലവി ആവര്‍ത്തിച്ചു. ക്ഷമാശീലനായ നായകന്‍ നായികയെ ഒന്നുകൂടി നോക്കി...
"എന്താ കാരണം...? എന്തേ മുന്‍പേ പറയാഞ്ഞത്..? ",വളരെ സൗമൃതയോടെ ചോദിച്ചു...
"പറയാന്‍ പറ്റിയില്ല...എന്റെ അവസ്ഥ അതായിരുന്നു....? എനിക്കു പറ്റില്ല...?" നായകന്‍ വീണ്ടും ഞെട്ടി.... ഞങ്ങളുടെ നാട്ടിലെ ഭാഷയില്‍ നായകന്‍ ബള്‍ബായി...
" എന്താ കാരണം....? "മൗനം മാത്രം മറുപടി....
ആ ക്ഷമാശീലന്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു... ശല്യം സഹിക്കവയ്യാതെ നായിക,
" ദേര്‍ വില്‍ ബി സം റിസണ്‍, ഇഫ് എ ഗേള്‍ സേയ്സ് ഷീ കാണ്ട് ആക്സപ്റ്റ് യു....", എന്ന് ആംഗലേയ ഭാഷയില്‍ മൊഴിഞ്ഞു... (പാവം നായകന്‍.... തള്ളേ , യെവളെന്തിരീ മൊഴിയണത്, ചീത്തയാണേലും മലയാളത്തില്‍ മൊഴിഞ്ഞുകൂടെ എന്നു ചിന്തിച്ചുകാണും. കേരളം വിട്ട് നിന്ന് പഠിക്കുന്ന ചിലര്‍ ഇങ്ങനെയാണു അവര്‍ മലയാലത്തെ കൊരച്ച് കൊരച്ചായി അരിയും).
തപ്പിപിടിച്ചാണേലും അര്‍ത്ഥം മനസ്സിലാക്കിയ നായകന്‍ ആ കാരണമാണു ചോദിച്ചതെന്ന് പറഞ്ഞു... അല്‍പ്പനേരത്തെ മൗനത്തിനു ശേഷം നായിക വീണ്ടും മൊഴിഞ്ഞു....," എന്റെ കണ്‍സപ്റ്റില്‍ ഉള്ള ആളല്ല നിങ്ങള്‍..."നായകന്‍ മേല്‍പ്പോട്ട് നോക്കിപ്പോയി... ഹി...ഹി....ഹി.. തിരിയുന്ന ഒരു ഫാനല്ലാതെ ഒന്നും കണ്ടില്ല.... (അല്ലേ എന്ന വര്‍ത്താനാ ഈ കൊച്ച് പറയുന്നേ...? കല്ല്യാണത്തിനു ശേഷാണൊ എനിക്കു നിങ്ങളെ സ്വീകരിക്കാന്‍ പറ്റില്ലാന്നു പറയുന്നേ... അതെങ്ങനാ ശരിയാകുന്നേ...)
" എന്നു വച്ചാല്‍...? പിന്നെന്തിനാണീ വിവാഹം...? "
" എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല... ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു...ആരും ശ്രദ്ധിച്ചില്ല..."( കഷ്ടം കുട്ടിപറഞ്ഞത് കേട്ടിരുന്നേല്‍ ആ കൊച്ചന്‍ രക്ഷപ്പെട്ടേനെ....)
" ഇനി എന്തു ചെയ്യാനാ ഉദ്ദേശം...?" ജീവിതം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് മനസ്സിലാക്കിയ ആ പാവം നായകന്‍ ചോദിച്ചു.... നായിക പഴയ പല്ലവി ആവര്‍ത്തിച്ചു.... നായകന്‍ അവനെത്തന്നെ ഒന്ന് മനസ്സിലോര്‍ത്തു... തരക്കേടില്ലാത്ത ഒരു പയ്യന്‍, മെലിഞ്ഞിട്ടല്ല...എന്നാല്‍ പൊണ്ണത്തടിയനുമല്ല... ഒത്ത ഉയരം... സ്വഭാവവും കൊള്ളാം, ചീത്ത ശീലങ്ങളോ കൂട്ടുകെട്ടോ ഇല്ല.....(ഇതെല്ലാം നാട്ടുകാരുടെ കൂടി അഭിപ്രായങ്ങളാണു... അല്ലാതെ അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ... കഥ വായിച്ച് എന്റെ അഛ്ചനും അമ്മയ്ക്കും ഭയങ്കര അഭിപ്രായമാണു....എന്ന രീതിയല്ല)

പിന്നെന്താണു കണ്‍സപ്റ്റ്...? അതു ചോദിക്കുന്നതിനു മുന്‍പ് നായകന്‍ നായികയെ ഒന്നു സൂക്ഷിച്ചു നോക്കി, എന്നിട്ടു സ്വയം ചോദിച്ചു..., "ടേയ് .... ഇതിനു വട്ടാണോടേ ? പെട്ടാ ? "
എന്തായാലും നായകന്‍ ചോദിച്ചു...., "പിന്നെന്താണു കണ്‍സപ്റ്റ്...? "
മൗനം.... ക്ഷമാശീലന്‍ അക്ഷമനാകുന്നതിനു മുന്‍പെ മറുപടി വന്നു....
"എനിക്കു ധോനിയെ പോലെ ഒരാളെയാണു ഇഷ്ടം...."
ദേ കിടക്കണു.... വല്ല പൃഥ്വിരാജെന്നോ, കുഞ്ചാക്കോ ബോബനെന്നോ കേള്‍ക്കാമെന്നു കരുതിയ നായകന്‍ ചമ്മിപ്പോയി... ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇളിഞ്ഞു പന്ത്രണ്ടായി... നായകന്‍ സത്യത്തില്‍ അമ്പരുന്നു... ക്രിക്കറ്റുമായി പുലബന്ധം പോലുമില്ലാത്ത നായകനു ഇതേതാണു ഈ പുതിയ സംഭവം എന്നു മനസ്സിലായില്ല....
നായകന്‍ പറഞ്ഞു , "മനസ്സിലായില്ല.... "
"നിങ്ങളെ എനിക്കു ആക്സപ്റ്റ് ചെയ്യാന്‍ കഴിയില്ല...."
പിന്നീട് നായികക്കു പറയാനൊന്നേ ഉണ്ടായിരുന്നുള്ളൂ... 'കണ്‍സപ്റ്റില്‍ ഇല്ലാത്തോണ്ട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല.... '
എന്തായാലും ആ ബന്ധം എട്ടാം ദിവസം എട്ടു നിലയില്‍ പൊട്ടി...

എല്ലാത്തിനും ശേഷം നായകനോട് അവന്റെ സഹയാത്രികന്‍ ചോദിച്ചു...,
"എന്തിനാടാ ഇത്രേം സഹിച്ചു നിന്നേ... അതു പറഞ്ഞപ്പോഴേ ഒന്നു ചെകിട്ടത്ത് പൊട്ടിക്കാരുന്നില്ലേ...?"
"സഹാ... എല്ലാം ശരിയാകുമെന്ന ഒരു പ്രതീക്ഷ... അതായിരിന്നു..... പിന്നെ തല്ലുന്നതിലൊന്നും അര്‍ത്ഥമില്ലടോ... തല്ലിപ്പഴുപ്പിച്ച പഴത്തിനു മാധുരം കുറവാകും... എന്തായാലും കണ്‍സപ്റ്റ് കണ്ടുപിടിച്ചവനോട് എന്റെ മുന്നില്‍ വരണ്ടാ എന്നു പറഞ്ഞേക്ക് "ഇത്രേം പറഞ്ഞ് ഒരു മന്ദസ്മിതത്തോടെ നായകന്‍ നടന്നു നീങ്ങി...

Saturday, August 11, 2007

ഇച്ചേച്ചി

"കുഞ്ഞാവേ.... എണീക്കടാ.... സ്കൂളില്‍ പോകേണ്ടേ...?" ഉണ്ണിക്കുട്ടന്റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് അവന്റെ എല്ലാമായ ഇച്ചേച്ചിയുടെ ഈ വിളി കേട്ടുകൊണ്ടാണു... ഉണ്ണിക്കുട്ടനു രണ്ട് ചേച്ചിമാരുണ്ട്...ഇച്ചേച്ചിയും കുഞ്ഞേച്ചിയും... ഉണ്ണിക്കുട്ടനു എല്ലാകാര്യത്തിനും ഇച്ചേച്ചി വേണം... രാവിലെ എണിറ്റ് പല്ലു തേപ്പ്, കുളി, പ്രാതല്‍, സ്ക്കൂളില്‍ പോക്ക്,വൈകീട്ട് തിരിച്ച് വന്നാലത്തെ ഭക്ഷണം, പഠിത്തം, കളി, ഊണു, ഉറക്കം അങ്ങനെ എല്ലാത്തിനും...

അന്ന് ഉണ്ണിക്കുട്ടന്‍ എണീറ്റത് കുഞ്ഞേച്ചിയുടെ വിളികേട്ടാണു...
"വാവേ എണീറ്റ് കുളിക്ക്....വേഗം... "
ഉര്‍ക്കം വിട്ടുണര്‍ന്ന അവറ്റെ കണ്ണുകള്‍ തന്റെ ഈച്ചേച്ചിയെ തിരഞ്ഞു...
"ഇച്ചേച്ചി എവിട്യാ...? "
"ഇച്ചേച്ചി അപ്പുറത്തുണ്ട്...ഇന്ന് വാവയെ കുഞ്ഞേച്ചി കുളിപ്പിക്കാം..."
ഒന്നും മനസ്സിലാകാതെ ഉറക്കത്തിന്റെ ആലസ്യത്തോടെ അവന്‍ രണ്ടു കൈകളും നീട്ടി...

കുളികഴിഞ്ഞെത്തിയ അവന്‍ അമ്മയിമാരെ കണ്ട് ചിരിതൂകി...
"നീയിപ്പൊ എണീറ്റേ ഉള്ളൂ...? ഇതാ കുട്ടിയുടെ അനിയന്‍...ഉണ്ണി..."
"ഉണ്ണി ഇങ്ങ് വരൂ, ചോദിക്കട്ടെ...."അവനു ഒട്ടും പരിചയമില്ലാത്ത ഒരു സ്ത്രീ പറഞ്ഞു... ഉം....ഉം...എന്ന് നിഷേധ ഭാവത്തില്‍ തലയാട്ടി അവനോടി....പൂമുഖത്തും ആരെല്ലാമോ ഇരിപ്പുണ്ടായിരുന്നു... എന്തൊക്കെയൊ പറഞ്ഞ് ചിലര്‍ ചിരിയും പാസാക്കുന്നു... കുറച്ച് കഴിഞ്ഞ് വന്നവരെല്ലാം പോയി...
"നല്ല പയ്യനാ... ഇവള്‍ക്കും താല്‍പ്പര്യം... ഇതാലോച്ചിക്കാം ചേച്ചിയെ... എല്ലാം കൊണ്ടും നല്ലതാന്നു തോന്നുന്നു... "ഒരമ്മായി പറഞ്ഞു...
"എന്താമ്മേ.... ?" ഉണ്ണിയുടെ നിഷ്ക്കളങ്കമായ ചോദ്യം...
"നിന്റെ ഇച്ചേച്ചിയെ ആ ചേട്ടന്‍ കൊണ്ടു പോകുവാണു...."അമ്മായിയുടെ ആ വാക്കുകള്‍ ആ കുഞ്ഞുമനസ്സില്‍ ഒരു മുള്ളു പോലെത്തറച്ചു....
" ഉം...ഇച്ചേച്ചി എന്റ്യാ.... ആരും കൊണ്ടോന്റാ...? "അതു പറഞ്ഞ അവന്റെ കണ്ണുകളില്‍ മുത്തുമണികള്‍ പോലെ മിഴിനീര്‍ തളം കെട്ടിനിന്നു....

" ഉണ്ണ്യേ...എണീറ്റേ...അവരൊക്കെ വരാറായി....കുളിക്ക്..." അമ്മയുടെ ശബ്ദം... ഇപ്പൊ കുറച്ച് ദിവസായിട്ട് അമ്മയാണു എല്ലാം ചെയ്യിക്കണത്...തിരിച്ചുവന്നപ്പോള്‍ ഇച്ചേച്ചി പുതിയ സാരിയെല്ലാം എടുത്ത് തയ്യാറായി നില്‍ക്കണു.... ഉമ്മറത്ത് ഇച്ചേച്ചിയെ കല്ല്യാണം കഴിച്ച ചേട്ടനും അഛ്ചനും അമ്മാവന്മാരും വര്‍ത്തമാനം പറയണതും കേള്‍ക്കാം....
"ഇച്ചേച്ചി എങ്ങട്ടാ പോണെ...? ഞാനുംണ്ട്....." അതിനു മറുപടിയായി ഒരു ഉമ്മ സമ്മാനിച്ച് ഇച്ചേച്ചി മാറി നിന്നു... മുറ്റത്ത് ഒരു കാര്‍ വന്നു നില്‍ക്കണ കണ്ട ഉണ്ണി അങ്ങോട്ടോടി....എതിരേ വരുന്നവരെ ശ്രദ്ധിക്കാതെ അവന്‍ കാറിനു മുകളില്‍ വിരലോടിച്ചു...തന്റെ കവിളില്‍ തലോടാനായ് ആരോ നീട്ടിയ കൈകള്‍ തട്ടിമാറ്റി വീണ്ടും ശ്രദ്ധ കാറില്‍ തന്നെ കേന്ദ്രീകരിച്ചു....

അല്‍പ്പസമയത്തിനു ശേഷം തിരിഞ്ഞു നോക്കിയ ഉണ്ണിക്കുട്ടന്‍ അങ്ങോട്ടോടി...തന്റെ ഇച്ചേച്ചിയും... കുഞ്ഞേച്ചിയും , അമ്മയും എല്ലാരും കരയണു....
"എന്തിനാ കരയണേ.... ഇച്ചേച്ചി എന്തിനാ കരയനേ....?" ഇടറിയ ശബ്ദത്തില്‍ അവന്‍ ചോദിച്ചു.... അവനെ എടുത്ത് ഒരു ഉമ്മകൊടുത്തിട്ട് ഇച്ചേച്ചി പറഞ്ഞു,
"ഇച്ചേച്ചി പോയിട്ടു വരാം... കുഞ്ഞാവ കുറുമ്പ് കാണിക്കാതെ നല്ല കുട്ടിയായിട്ടിരിക്കണം... " "വേന്റാ..ഇച്ചേച്ചി പോന്റാ... വേ........ "അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല.... കണ്ണില്‍ നിന്നും തന്റെ പ്രിയപ്പെട്ട ഇച്ചേച്ചിക്കു വേണ്ടി ചുടുനീര്‍ ഒഴുകി... ഇച്ചേച്ചിയുടെ കൈയ്യില്‍ നിന്നും തന്റെ പിടുത്തം വഴുതിപ്പോകുന്നതറിഞ്ഞ് മുന്നോട്ടാഞ്ഞ അവനെ ആരോ പിടിച്ചു....
"ഉണ്ണീ കരയല്ലേ ചേച്ചി വരും.... കരയല്ലേ...." ആരൊ പറഞ്ഞു...
തന്റെ ഇച്ചേച്ചി കേറിയ ആ കാര്‍ പടി കടന്നു പോകുന്നത് ദൂരേക്കു നീട്ടിയ കൈകളുടെ ചെറുവിരലുകള്‍ക്കിടയിലൂടെ.... കണ്ണുനീര്‍ നിറഞ്ഞ ആ ചെറു മിഴികള്‍ അവ്യക്തമായി കണ്ടു

ആ കുരുന്നു മനസ്സിന്റെ നൊമ്പരം ആരറിയാന്‍...

Friday, August 10, 2007

ഒരു പ്രണയം....

ഇന്നവള്‍ മനസ്സിന്റെ വാതിലുകളില്‍ ശക്തിയായി മുട്ടി വിളിക്കുന്നു...

ഒരു കാലത്ത് എന്റെ സ്വപ്നങ്ങളിലും പ്രതീക്ഷ്കളിലും അവള്‍ നിറഞ്ഞു നിന്നിരുന്നു.. ആദ്യം കണ്ടതെന്ന്...? ഓര്‍മ്മ വരുന്നില്ല... അതോ മനപ്പൂര്‍വ്വം ഓര്‍ക്കാതിരിക്കുന്നതോ...? വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു പ്രണയം... വഴിയരികില്‍ അവളെ കാണുമ്പോള്‍ ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നേയില്ല എന്ന ഭാവേന നടന്നു പോകാന്‍ ശ്രമിക്കാറുണ്ട്... പക്ഷെ എന്തു ചെയ്യാന്‍... കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ....

അവള്‍ സുന്ദരിയായിരുന്നോ...? അറിയില്ല.... പക്ഷേ എന്തോ ഇഷ്ട്മായിരുന്നു അവളെ....ആരോടും പറയാതെ ഒരു പാടു കാലം മനസ്സില്‍ കൊണ്ട് നടന്നു... ഞാന്‍ ആശിച്ചിരുന്ന ഒരു കൂട്ടാളി അതവളില്‍ ഞാന്‍ കണ്ടിരുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം ഇതു പലരും അറിഞ്ഞു...എന്നിലൂടെ തന്നെ... അങ്ങനെ ചില ബാഹ്യ പ്രേരണകളുടെ കൂടി അകമ്പടികളോടെ ഞാന്‍ എന്റെ ഇഷ്ടം അവളെ അറിയിച്ചു.... മനസ്സ് വളരെ സങ്കീര്‍ണ്ണമായ് തലങ്ങളിലൂടെ സഞ്ചരിച്ച അവസരങ്ങളായായിരുന്നു അത്...പല പല ചോദ്യങ്ങള്‍..... അവളെന്തു മറുപടി പറയും? ഇഷ്ടമല്ലാന്നു പറഞ്ഞാല്‍...? ഇനി ഇഷ്ടാണെന്ന് പറഞ്ഞാല്‍... നാട്, വീട്, വീട്ടുകാര്‍, നാട്ടുകാര്‍.... അങ്ങനെ നൂറു നൂറു പ്രശ്നങ്ങള്‍...

"ഇതാണു ഞാന്‍, എനിക്ക് തന്നെ ഇഷ്ടാണു... അതെന്തന്ന് ചോദിച്ചാല്‍ എനിക്കറിയില്ല... വാഗ്ദാനങ്ങളൊന്നും തന്നെ ഇല്ല... ഇഷ്ടാണു അത്ര മാത്രം... നന്നായി ആലോചിക്കുക.... എന്നെക്കുറിച്ചല്ല.. അഛ്ചന്‍, അമ്മ, സഹോദരങ്ങള്‍...പിന്നെ നാട്ടുകാര്‍.... അങ്ങനെ താനുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാം.... എന്നിട്ട് ഒരു മറുപടി തരുക...." ഇതായിരുന്നു എന്റെ വാക്കുകള്‍... രണ്ട് ദിവസങ്ങള്‍ക്കു ശേഷം കിട്ടിയ മറുപടി പ്രതീക്ഷാജനകമായിരുന്നു..... പിന്നീട് എന്റെ സ്വപ്നങ്ങള്‍ക്ക് ആക്കം കൂടി....ഊണിലും, ഉറക്കത്തിലും, കാണുന്ന കാഴ്ചകളിലും, കേള്‍ക്കുന്ന സംഗീതത്തിലും അവള്‍ മാത്രം.... ഒരു പക്ഷെ വളരെ സുന്ദരമായിരുന്നു ആ നാളുകള്‍... കണ്ടുമുട്ടലുകളും, സംസാരങ്ങളും കുറവായിരുന്നെങ്കിലും...

രണ്ട് പേര്‍ക്കും വിശ്വസ്തരായ ചില ദൂതന്മാരില്‍ക്കൂടി ഞങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നു....അങ്ങനെ ആ പ്രണയം പൂത്തുലഞ്ഞു.... ഞങ്ങള്‍ക്ക് തമ്മില്‍ കാണാനുള്ള അവസരങ്ങള്‍ നന്നേ കുറവായിരുന്നു.... അങ്ങനെ കണ്ടാല്‍ തന്നെയും കൂടിയാല്‍ 10 മിനിറ്റ്...അതായിരുന്നു ആ സമാഗമത്തിന്റെ ദൈര്‍ഘ്യം... അന്ന് അതും ഒരാശ്വസമായിരുന്നു.... വല്ലപ്പോഴും 10 മിനിറ്റ്... ഈ കഥയിലും വന്നു എല്ലാ പ്രണയകഥയിലേയും പോലെ വില്ലനായി വിവാഹാലോചനകള്‍...." ഈശ്വരാ.... ഇടനിലക്കാര്‍ക്കറിയില്ലല്ലോ ഒരു കാമുകന്റെ കഷ്ടപ്പാട്...."വീണ്ടും പിരിമുറുക്കത്തിന്റെ നാളുകള്‍... അങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ എന്റെ എല്ലാമായ മാതാപിതാക്കളെ അറിയിച്ചു.... ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കി അവന്റെ കാര്യങ്ങളെല്ലാം നോക്കി.... വലിയ മനക്കോട്ടകള്‍ കെട്ടി വച്ചിരിക്കുന്ന ഓരോ മാതാപിതാക്കളേയും വേദനിപ്പിക്കുന്ന ഈ കാര്യം എന്റെ മാതാപിതാക്കളേയും വേദനിപ്പിച്ചു കാണും.... എന്തായാലും അവര്‍ അതെന്നെ അറിയിച്ചില്ല... " നിന്റെ ഇഷ്ടം അതാണു വലുത്...അവര്‍ക്കും സമ്മതമാണെങ്കില്‍ നമുക്കിത് നടത്താം... "

അങ്ങനെ എല്ലാം ഭംഗ്യായി എന്നു കരുതിയപ്പോള്‍ അടുത്ത പരീക്ഷണം അവളുടെ അഛ്ചന്റെ രൂപത്തില്‍... അദ്ദേഹത്തിനു മകളുടെ ഭര്‍ത്താവായി ഞാന്‍ പോരാ... അങ്ങനെ പ്രശ്നങ്ങള്‍ രൂക്ഷമായി... ഇനി വേറെ നിവൃത്തിയില്ല വിളിച്ചിറക്കി കൊണ്ടുപോരാം... അതറിയിച്ചപ്പോള്‍ കിട്ടിയ മറുപടി... എനിക്ക് അഛ്ചനേം അമ്മേനേം വിട്ട് വരാന്‍ പറ്റില്ല എന്നയിരുന്നു... എന്നിട്ടും ഒരു പ്രണയ സാക്ഷാത്കാരത്തിനു വേണ്ടി ഞാന്‍ ഒരു പാട് ശ്രമിച്ചു... എന്റെ കഴിവിന്റെ അങ്ങേ അറ്റം വരെ.... മനസ്സില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു.... ഞാനായി ആശ നല്‍കിയ ഒരു പെണ്‍കുട്ടി... അവളെ കൈ വിട്ടു കൂടാ...ഏതു വിധേനയും സംരക്ഷിക്കണം.... ഈ പരിശ്രമങ്ങള്‍ക്കിടയില്‍ ഞാന്‍ കേട്ടു.... "ചേട്ടനറിഞ്ഞോ.... ആ ചേച്ചിടെ കല്ല്യാണ നിശ്ചയാണു മറ്റന്നാള്‍.... "അവളുടെ അഛ്ചനെ സമ്മതിച്ചു... ഇത്ര പെട്ടന്ന് ഇങ്ങനാകും എന്നു ഞാന്‍ കരുതിയില്ല.... കേട്ട ഉടനെ ഞാന്‍ ചോദിച്ചു... "എടാ , അവള്‍..... അവള്‍ സമ്മതിച്ചോ...? " പിന്നീട് മൗനം...... ഒന്നും ചെയ്യാന്‍ കഴിയാതെ ഞാനാ വഴിവക്കില്‍ നിന്നു...

ഇനിയെന്ത്.... എങ്ങനെ.... ? അറിയില്ല.... സകല ദൈവങ്ങളുടെയും തുണക്കായി പ്രാര്‍ത്ഥിച്ചു...... പിറ്റേന്നു വല്ലാത്ത അവസ്ഥയായിരുന്നു.... അന്നു രാത്രി ( നിശ്ചയത്തലേന്ന്) ഞാന്‍ കാതോര്‍ത്തീരുന്നു... എന്റെ വീട്ടിലെ ഫോണ്‍ മിണ്ടുന്നതും കാത്ത്....നിലാവിന്റെ സൗന്ദര്യം ആസ്വദിക്കതെ പോയ ഒരു രാത്രി....ഒന്നും സംഭവിച്ചില്ല.... നേരം പുലര്‍ന്നു... നിശ്ചയം ഭംഗിയായി നടന്നെന്ന് ആരോ പറയണ കേട്ടു... പെണ്ണ് വളരെ സന്തോഷത്തിലാണത്രെ.... ഗള്‍ഫ്കാരനാ പയ്യന്‍... ബന്ധുവാണു.... പിന്നങ്ങോട്ടുള്ള ദിവസങ്ങള്‍...ഹൊ..ഭീകരം... കുറച്ച് കാലം എടുത്തു എല്ലാം പഴയ രീതിയില്‍ വരാന്‍.....

ഇന്ന് അതെല്ലാം വെറുതെ ഒര്‍ക്കാനുള്ള പഴയ താളുകള്‍... പാഴായതെന്നും പറയാം... അവളോടിന്നെനിക്ക് ദേഷ്യമില്ല...നിവൃത്തികേടാകാം... ചിലപ്പോള്‍ എന്നേക്കാള്‍ നല്ല പയ്യനായിരുന്നിരിക്കാം... എന്തായാലും അവള്‍ പോയി.... ഒരു വാക്കു പോലും പറയാതെ... ഇന്നു നഷ്ട പ്രണയത്തിന്റെ ഒരോര്‍മ്മയായി എന്നുള്ളില്‍... ഇതില്‍ എവിടാണു തെറ്റിയത്...ആര്‍ക്കണു തെറ്റിയത്... ആരാണു തെറ്റ് ചെയ്തത്...? അറിയില്ല.... എല്ലാര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകും... അതാണു ലോകം....അവളോടെനിക്കുണ്ടായിരുന്ന ഇഷ്ടത്തിന്റെ ആഴം അവള്‍ മനസ്സിലാസിയിരുന്നില്ല എന്നു വേണം കരുതാന്‍.....എന്തായാലും അവള്‍ പോയി.... എവിടാണേലും എല്ലാ ഐശ്വര്യങ്ങളും ഈശ്വരന്‍ അവര്‍ക്കു നല്‍കട്ടെ.....

"കുടത്തുമ്പിലൂറും നീര്‍ പോല്‍ കണ്ണീരുമായ്....
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ....
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവേ...
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്... "(വെട്ടം)

ഇതിലെ ഞാനായും , അവളായും നിങ്ങളോ ഞാനോ ഉണ്ടാകാം... പല പ്രണയകഥകളും ഇങ്ങനെത്തന്നെ അവസാനിക്കുന്നു...പലതും പരസ്പരം അറിയാതെ പോകുന്നു... അറിഞ്ഞവരില്‍ത്തന്നെ വിവാഹിതരാകുന്നത് വിരളം....

എന്തു പറയാന്‍... അവര്‍ തമ്മിലകലുന്നതു കണ്ടു നില്‍ക്കാനേ സഹയാത്രികനു കഴിഞ്ഞുള്ളൂ... സഹയാത്രികനു മനസ്സിലാകത്തതായി ഒന്നുണ്ട്......പരസ്പരം ഇഷ്ടപ്പെട്ട രണ്ട് മനസ്സുകളെ തമ്മിലകറ്റിയിട്ട് അല്ലയോ സമൂഹമേ...നിങ്ങളെന്തു നേടി.....?

Wednesday, August 08, 2007

അമ്മൂമ്മ

വീണ്ടും ഒരോണം കൂടി...
അകലെ ഓണം പുലരുമ്പോള്‍ ആവണിപ്പൂവും വിരിയുമ്പോള്‍...
അരിയകിനാവേ കൊതിയാകുന്നു....ചിറകുതരാമോ പോയിമടങ്ങാന്‍...
ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍...
ദാസേട്ടന്റെ ഒരു പഴയപാട്ടാണു... വളരെ മനോഹരമായോരു ഗാനം....

ഇന്ന് ഈ പ്രവാസജീവിതത്തിലെ നഷ്ട്ങ്ങളുടെ കൂട്ടത്തില്‍ ഒന്നാണു ഓണം...ഇവിടുത്തെ ഈ ജീവിതത്തില്‍ കൂട്ടായി വരുന്ന ഗതകാലസ്മരണകളുടെ കൂട്ടത്തില്‍ പഴയ ഓണക്കാലവും ഉണ്ട്....

ഓണത്തിന്റന്ന് രാവിലെ അമ്മ വിളിച്ചെണീപ്പിക്കും.... കുളിയെല്ലാം കഴിഞ്ഞ് പുതിയ ഉടുപ്പെല്ലാം ഇട്ട് തയ്യാറായി നില്‍ക്കും.... ഞങ്ങളുടെ വീട്ടില്‍ നിന്നും എകദേശം ഒരു 25 കി.മി. യോളം കാണും തറവാട്ടിലേക്ക്(അമ്മയുടെ വീട് ). അവിടെ എത്തുമ്പോള്‍ ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിയും...( അറിയാലൊ ട്രന്‍സ്പോര്‍ട്ട് ബസ്സിന്റെ അവസ്ഥ ).പിന്നെ അല്‍പ്പനേരം വലിയവരെല്ലാം ചേര്‍ന്ന് വര്‍ത്തമാനം അതിന്റെ കൂടെ പണി.... അങ്ങണെ പോകും.... എല്ലത്തിലും ശ്രദ്ധിപതിപ്പിച്ചു കൊണ്ട് എന്റെ അമ്മൂമ്മയും....

അമ്മൂമ്മ ... തടിച്ച ശരീരപ്രകൃതി, ഇരു നിറം,ഒരു ഒറ്റ മുണ്ടും വെളുത്ത ജാക്കറ്റും വേഷം.... 'അമ്മുക്കുട്ടിയമ്മ'... ശ്വാസം മുട്ട് വല്ലാതെ അലട്ടിയിരുന്നു അമ്മൂമ്മയെ... അന്നൊന്നും എന്റെ അമ്മൂമ്മയില്‍ ഒരു പ്രത്യേകതയും കണ്ടിരുന്നില്ല ഞാന്‍... അമ്മൂമ്മ .... അമ്മയുടെ അമ്മ അത്ര മാത്രം... ഇന്നിപ്പോള്‍ അമ്മൂമ്മ മരിച്ചിട്ട് ഏകദേശം എട്ട് വര്‍ഷാകുന്നു.... അമ്മൂമ്മയുടെ മരണശേഷമാണു മനസ്സിലാക്കുന്നത് അമ്മൂമ്മ എന്തായിരുന്നെന്ന് ....
ആദ്യമെല്ലാം അവിടേക്കു ചെല്ലുമ്പോള്‍ അമ്മൂമ്മയുടെ ഒരു പതിവ് ചോദ്യ മുണ്ടായിരുന്നു,.. " ആ... നീ എപ്പൊഴാ വന്നേ... ഒറ്റക്കേ ഉള്ളൂ..."
" ആ.. അതെ "എന്നൊരു മറുപടി പറഞ്ഞ് അങ്ങ് പോകും...പെങ്ങളുടെ (വല്ല്യമ്മയുടെ മകള്‍) അടുത്തേക്ക്. അന്ന് ആ മുഖത്ത് പ്രകടമായിരുന്ന സന്തോഷം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല... ഇന്ന് ആ വീട് വാടകക്കാര്‍ക്ക് കൊടുത്തിരിക്കുന്നു... ഇന്നവിടെ ചെല്ലുമ്പോള്‍ അതേ ചോദ്യം ചോദിച്ച് അമ്മൂമ്മ ആ വതില്‍ക്കല്‍ നിന്നിരുന്നെങ്കില്‍ എന്നാശിക്കുന്നു... ഓണക്കാലത്തെ ആ ഒത്തുകൂടല്‍ വെറും ഓര്‍മ്മകള്‍ മാത്രം... അതായിരുന്നു ഓണക്കാലം എന്ന് മനസ്സിലാക്കുന്നത് ഇപ്പോള്‍. എല്ലാരും കൂടി വട്ടമിട്ടിരുന്ന് ഊണു കഴിക്കലും..അതിനു ശേഷമുള്ള വര്‍ത്തമാനങ്ങളും....പിന്നത്തെ പിരിയലും...എല്ലാം ഇന്ന് നഷ്ടങ്ങള്‍....ഇത് പോലുള്ള അവസരങ്ങളില്‍ അമ്മൂമ്മയുടെ കുറവ് ശരിക്കും തിരിച്ചറിയുന്നു....

എല്ലാരുടേയും സഹയാത്രികനാകാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ ഇന്നും ഏകനായി യാത്ര തുടരുന്നു....നഷ്ടപ്പെടലുകള്‍ ഒരു തിരിച്ചറിവാണു...നമുക്ക് അതെന്തായിരുന്നു എന്ന തിരിച്ചറിവ്...