Tuesday, August 14, 2007

ഇങ്ങനേയും ചിലര്‍....

വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് സഹയാത്രികന്‍ ചില സംശയങ്ങള്‍ക്കുത്തരം തേടുന്നു... ആംഗലേയ ഭാഷയിലെ 'കണ്‍സപ്റ്റ്' എന്നവാക്കിന്റെ ശരിയായ അര്‍ത്ഥമെന്താണു....? സങ്കല്‍പ്പം എന്നു പറയാമോ...? അങ്ങനെ പറഞ്ഞാല്‍.... സാങ്കല്‍പ്പികമായതെന്തും നമുക്കു മാറ്റങ്ങള്‍ വരുത്താവുന്നതല്ലേ ഉള്ളൂ...? ഇനി സങ്കല്‍പ്പിച്ചതല്ല കിട്ടിയതെങ്കില്‍ അതിനു വേണ്ടി ശ്രമിക്കണോ...? അതോ കിട്ടിയതുമായി പൊരുത്തപ്പെടണോ...? അതോ അതിനെ സങ്കല്‍പ്പത്തിനനുസരിച്ച് മാറ്റിയെടുക്കണോ...? ആവോ... എനിക്കറിയില്ല...

ഇനി വിഷയത്തിലേക്ക് കടക്കാം... സംഗതി രസമാണു... (കേള്‍വിക്കാര്‍ക്ക്) . എന്തായാലും പറയാം.... മണിയറയില്‍ നമ്മുടെ കഥാനായകന്‍ ഇരിപ്പുണ്ട്... കഥാനായികയും വന്നു... ഇരുവരും പരസ്പരം ഒന്നു നോക്കി... കഥാനായകന്‍ തന്നെപ്പറ്റി ഒരു ചെറിയ വിവരണം സമര്‍പ്പിച്ചു...എല്ലാം കേട്ടുകൊണ്ട് നമ്രശിരസ്ക്കയായി നായികയും.... പുത്തരിക്കണ്ടം മൈതാനത്ത് തീപ്പൊരി പ്രസംഗം കാച്ചി അണികളുടെ കൈയ്യടി വാങ്ങിയ നേതാവിന്റെ ഭാവത്തൊടെ നായകനിരുന്നപ്പോള്‍... നായിക പറഞ്ഞു,
"എനിക്കു നിങ്ങളേയും, ഈ വിവാഹവും ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല".
നായകനൊന്ന് ഞെട്ടി...( ഞെട്ടിയില്ല എന്നാണു പറഞ്ഞത്, ഞെട്ടിക്കാണും അല്ലാതെ തരമില്ല )
" എന്ത്...? "
നായകന്റെ തന്മയത്തത്തോടെയുള്ള ചോദ്യം.... നായിക അതേ പല്ലവി ആവര്‍ത്തിച്ചു. ക്ഷമാശീലനായ നായകന്‍ നായികയെ ഒന്നുകൂടി നോക്കി...
"എന്താ കാരണം...? എന്തേ മുന്‍പേ പറയാഞ്ഞത്..? ",വളരെ സൗമൃതയോടെ ചോദിച്ചു...
"പറയാന്‍ പറ്റിയില്ല...എന്റെ അവസ്ഥ അതായിരുന്നു....? എനിക്കു പറ്റില്ല...?" നായകന്‍ വീണ്ടും ഞെട്ടി.... ഞങ്ങളുടെ നാട്ടിലെ ഭാഷയില്‍ നായകന്‍ ബള്‍ബായി...
" എന്താ കാരണം....? "മൗനം മാത്രം മറുപടി....
ആ ക്ഷമാശീലന്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു... ശല്യം സഹിക്കവയ്യാതെ നായിക,
" ദേര്‍ വില്‍ ബി സം റിസണ്‍, ഇഫ് എ ഗേള്‍ സേയ്സ് ഷീ കാണ്ട് ആക്സപ്റ്റ് യു....", എന്ന് ആംഗലേയ ഭാഷയില്‍ മൊഴിഞ്ഞു... (പാവം നായകന്‍.... തള്ളേ , യെവളെന്തിരീ മൊഴിയണത്, ചീത്തയാണേലും മലയാളത്തില്‍ മൊഴിഞ്ഞുകൂടെ എന്നു ചിന്തിച്ചുകാണും. കേരളം വിട്ട് നിന്ന് പഠിക്കുന്ന ചിലര്‍ ഇങ്ങനെയാണു അവര്‍ മലയാലത്തെ കൊരച്ച് കൊരച്ചായി അരിയും).
തപ്പിപിടിച്ചാണേലും അര്‍ത്ഥം മനസ്സിലാക്കിയ നായകന്‍ ആ കാരണമാണു ചോദിച്ചതെന്ന് പറഞ്ഞു... അല്‍പ്പനേരത്തെ മൗനത്തിനു ശേഷം നായിക വീണ്ടും മൊഴിഞ്ഞു....," എന്റെ കണ്‍സപ്റ്റില്‍ ഉള്ള ആളല്ല നിങ്ങള്‍..."നായകന്‍ മേല്‍പ്പോട്ട് നോക്കിപ്പോയി... ഹി...ഹി....ഹി.. തിരിയുന്ന ഒരു ഫാനല്ലാതെ ഒന്നും കണ്ടില്ല.... (അല്ലേ എന്ന വര്‍ത്താനാ ഈ കൊച്ച് പറയുന്നേ...? കല്ല്യാണത്തിനു ശേഷാണൊ എനിക്കു നിങ്ങളെ സ്വീകരിക്കാന്‍ പറ്റില്ലാന്നു പറയുന്നേ... അതെങ്ങനാ ശരിയാകുന്നേ...)
" എന്നു വച്ചാല്‍...? പിന്നെന്തിനാണീ വിവാഹം...? "
" എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല... ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു...ആരും ശ്രദ്ധിച്ചില്ല..."( കഷ്ടം കുട്ടിപറഞ്ഞത് കേട്ടിരുന്നേല്‍ ആ കൊച്ചന്‍ രക്ഷപ്പെട്ടേനെ....)
" ഇനി എന്തു ചെയ്യാനാ ഉദ്ദേശം...?" ജീവിതം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് മനസ്സിലാക്കിയ ആ പാവം നായകന്‍ ചോദിച്ചു.... നായിക പഴയ പല്ലവി ആവര്‍ത്തിച്ചു.... നായകന്‍ അവനെത്തന്നെ ഒന്ന് മനസ്സിലോര്‍ത്തു... തരക്കേടില്ലാത്ത ഒരു പയ്യന്‍, മെലിഞ്ഞിട്ടല്ല...എന്നാല്‍ പൊണ്ണത്തടിയനുമല്ല... ഒത്ത ഉയരം... സ്വഭാവവും കൊള്ളാം, ചീത്ത ശീലങ്ങളോ കൂട്ടുകെട്ടോ ഇല്ല.....(ഇതെല്ലാം നാട്ടുകാരുടെ കൂടി അഭിപ്രായങ്ങളാണു... അല്ലാതെ അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ... കഥ വായിച്ച് എന്റെ അഛ്ചനും അമ്മയ്ക്കും ഭയങ്കര അഭിപ്രായമാണു....എന്ന രീതിയല്ല)

പിന്നെന്താണു കണ്‍സപ്റ്റ്...? അതു ചോദിക്കുന്നതിനു മുന്‍പ് നായകന്‍ നായികയെ ഒന്നു സൂക്ഷിച്ചു നോക്കി, എന്നിട്ടു സ്വയം ചോദിച്ചു..., "ടേയ് .... ഇതിനു വട്ടാണോടേ ? പെട്ടാ ? "
എന്തായാലും നായകന്‍ ചോദിച്ചു...., "പിന്നെന്താണു കണ്‍സപ്റ്റ്...? "
മൗനം.... ക്ഷമാശീലന്‍ അക്ഷമനാകുന്നതിനു മുന്‍പെ മറുപടി വന്നു....
"എനിക്കു ധോനിയെ പോലെ ഒരാളെയാണു ഇഷ്ടം...."
ദേ കിടക്കണു.... വല്ല പൃഥ്വിരാജെന്നോ, കുഞ്ചാക്കോ ബോബനെന്നോ കേള്‍ക്കാമെന്നു കരുതിയ നായകന്‍ ചമ്മിപ്പോയി... ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇളിഞ്ഞു പന്ത്രണ്ടായി... നായകന്‍ സത്യത്തില്‍ അമ്പരുന്നു... ക്രിക്കറ്റുമായി പുലബന്ധം പോലുമില്ലാത്ത നായകനു ഇതേതാണു ഈ പുതിയ സംഭവം എന്നു മനസ്സിലായില്ല....
നായകന്‍ പറഞ്ഞു , "മനസ്സിലായില്ല.... "
"നിങ്ങളെ എനിക്കു ആക്സപ്റ്റ് ചെയ്യാന്‍ കഴിയില്ല...."
പിന്നീട് നായികക്കു പറയാനൊന്നേ ഉണ്ടായിരുന്നുള്ളൂ... 'കണ്‍സപ്റ്റില്‍ ഇല്ലാത്തോണ്ട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റില്ല.... '
എന്തായാലും ആ ബന്ധം എട്ടാം ദിവസം എട്ടു നിലയില്‍ പൊട്ടി...

എല്ലാത്തിനും ശേഷം നായകനോട് അവന്റെ സഹയാത്രികന്‍ ചോദിച്ചു...,
"എന്തിനാടാ ഇത്രേം സഹിച്ചു നിന്നേ... അതു പറഞ്ഞപ്പോഴേ ഒന്നു ചെകിട്ടത്ത് പൊട്ടിക്കാരുന്നില്ലേ...?"
"സഹാ... എല്ലാം ശരിയാകുമെന്ന ഒരു പ്രതീക്ഷ... അതായിരിന്നു..... പിന്നെ തല്ലുന്നതിലൊന്നും അര്‍ത്ഥമില്ലടോ... തല്ലിപ്പഴുപ്പിച്ച പഴത്തിനു മാധുരം കുറവാകും... എന്തായാലും കണ്‍സപ്റ്റ് കണ്ടുപിടിച്ചവനോട് എന്റെ മുന്നില്‍ വരണ്ടാ എന്നു പറഞ്ഞേക്ക് "ഇത്രേം പറഞ്ഞ് ഒരു മന്ദസ്മിതത്തോടെ നായകന്‍ നടന്നു നീങ്ങി...

25 comments:

സഹയാത്രികന്‍ said...

ഈ ലോകത്ത് ഇങ്ങനേയും ചില സംഭവങ്ങള്‍....

ഉറുമ്പ്‌ /ANT said...

nalla concept!

കുഞ്ഞന്‍ said...

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്‌,

കൂട്ടുകാരാ താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....

SUNISH THOMAS said...

സഹയാത്രികാ... അങ്ങനെ ആ ചങ്ങാതിയെങ്കിലും സ്വാതന്ത്ര്യം ആഘോഷിക്കട്ടെ... ആശംസകള്‍. (നിങ്ങള്‍ക്കല്ല, മറ്റേ പുള്ളിക്ക്!)

നന്നായി എഴുതി.
എട്ടുനിലയില്‍ കലക്കിപ്പൊട്ടിച്ചു. കിടുക്കന്‍. മിടുക്കന്‍.

:)

ചീര I Cheera said...

കണ്‍സപ്റ്റ് പ്രശ്നം കൊണ്ടാണെങ്കിലും വേറെ എന്തുകൊണ്ടായാലും അതങ്ങനെ അവസാനിച്ചതു നന്നായി ഒരു തരത്തില്‍.. നായകന്‍ തന്നെ പറഞ്ഞ പോലെ ഞെക്കി പഴുപ്പിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം.. നായകന്റെ മനോനില ഊഹിയ്ക്കാമെങ്കിലും..

പോസ്റ്റ് നന്നായി..

സഹയാത്രികന്‍ said...

ഉറുമ്പേ... നായകനിപ്പോള്‍ കണ്‍സപ്റ്റ് എന്നു കേട്ടാലേ പേടിയാണു...
സുനീഷ്ജി... നന്ദി
പി. ആര്‍ ജി.... കുട്ടിപറഞ്ഞത് വീട്ടുകാര്‍
കേട്ടിരുന്നേല്‍ ആ കൊച്ചന്‍ രക്ഷപ്പെട്ടേനെ....

വിലയിരുത്തലുകള്‍ക്ക് നന്ദി...

ശ്രീ said...

പി. ആര്‍, അതങ്ങനെ അവസാനിച്ചത് നന്നാകുന്നതെങ്ങനെ? രണ്ടു പേരുടെ ലൈഫ് അല്ലേ പാഴാകുന്നത്?

അതെന്തൊരു അവസാനം? ഇങ്ങനെ ഒക്കെ സംഭവിച്ചാല്‍‌ (സംഭവിച്ചു കൂടായ്കയില്ല) പെട്ടതു തന്നെ!

ഒന്നു കൂടി ആലോചിക്കുമ്പോള്‍ വേറെ പ്രതിവിധി ഒന്നും തോന്നുന്നുമില്ല.
:)

ബാജി ഓടംവേലി said...

വളരെ നല്ല കഥ. ജീവിതം ആണെങ്കിലും നന്നായി . ഏച്ചു വെച്ചാല്‍ മുഴച്ചിരിക്കും. രണ്ടും രണ്ട്‌ കണ്‍സപ്‌റ്റ്‌. ആക്‌സപ്‌റ്റ്‌ ചെയ്യാന്‍ പറ്റാത്തതിനാല്‍ എട്ടു നിലയില്‍ പൊട്ടിയത്‌ നന്നയി. അല്ലെങ്കില്‍ രണ്ടു ജീവിതങ്ങള്‍ ഒരായുഷ്ക്കാലം മുഴുവന്‍ നീറി നീറി കഴിഞ്ഞേനേം . നല്ല ജീവിത കാഴ്ച്പ്പാട്‌ കഥാകാരന് ചക്കരയുമ്മ. തുടര്‍ന്നു എഴുതുക. ഒരായിരം അഭിനന്ദനങ്ങള്‍

ബാജി ഓടംവേലി said...

അനേകര്‍ ഈ കഥ വായിച്ചെങ്കില്‍ എന്ന്‌ ആഗ്രഹിച്ചു പോകുന്നു

Typist | എഴുത്തുകാരി said...

ഇക്കാലത്തു്,കല്യാണം തീരുമാനിച്ചയാളെ, എന്തെങ്കിലും അറിയിക്കണമെങ്കില്‍ (വേണമെന്നു് തോന്നിയാല്‍ മാത്രം), വീട്ടുകാരുടെ സഹായത്തിന്റെയൊക്കെ ആവശ്യമുണ്ടൊ?

പൊട്ടിയതെന്തായാലും നന്നായി, വലിച്ചുനീട്ടിയിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല

സഹയാത്രികന്‍ said...

ശ്രീ : നായകന്റെ മുന്നിലും വേറെ പോംവഴികളുണ്ടായിരുന്നില്ല....

ബാജി മാഷേ.. അനേകര്‍ വയിച്ചില്ലേലും... നിങ്ങളെപ്പോലുള്ളവര്‍ വായിച്ചൂലൊ... അതന്നെ സന്തോഷം...

എഴുത്തുകാരി... വേണമെന്നു തോന്നിയാല്‍... എന്നത് വളരെ പ്രസക്തമായ ഒന്നണു...

d said...

ഹ..ഹ.. എന്തായാലും കണ്‍സപ്റ്റ് കഥ നന്നായി..

ഇങ്ങനേയും ചിലര്‍ എന്നതിനു പകരം ഇങ്ങനേയും ചില കണ്‍സപ്റ്റ്സ് എന്നു വേണേല്‍ തലേല്‍ കെട്ട് കൊടുക്കാമായിരുന്നു :P

സഹയാത്രികന്‍ said...

വീണേ...
ഇനിയിപ്പൊ ഇതന്നെ കിടക്കട്ടെല്ലെ... ഇനി ഒരു തലക്കെട്ടു മാറ്റം....
എന്തായാലും സന്തോഷം...വന്നതിനും അഭിപ്രായമറിയിച്ചതിനും.

ഈ പാവം ഞാന്‍ said...

ഇതാ പറഞ്ഞത്, പ്രേമ വിവാഹമാ നല്ലതെന്ന്...

സഹയാത്രികന്‍ said...

ഹ...ഹ...ഹ...ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച....

പ്രേമവിവാഹത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്...

പരിത്രാണം said...

നല്ല "concept" (പാവം നായകന്‍.... തള്ളേ , യെവളെന്തിരീ മൊഴിയണത്, ചീത്തയാണേലും മലയാളത്തില്‍ മൊഴിഞ്ഞുകൂടെ എന്നു ചിന്തിച്ചുകാണും. കേരളം വിട്ട് നിന്ന് പഠിക്കുന്ന ചിലര്‍ ഇങ്ങനെയാണു അവര്‍ മലയാലത്തെ കൊരച്ച് കൊരച്ചായി അരിയും).
ഞാന്‍ അറിയാതെ ചിരിച്ചു പോയ ഒരു സംഭവമാണിതു. എന്തായാലും ഇതു വായിക്കുന്ന മാതാപിതാക്കള്‍ അവരുടെ പെണ്‍ മക്കളുടെ കല്ല്യാണക്കാര്യം വരുമ്പോള്‍ അവരുടെ "concept" ആദ്യം അന്വേഷിക്കാതിരിക്കില്ല സത്യം അല്ലെങ്കില്‍ ഇതു ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇതിലൂടെ ഒരു നല്ല സന്ദേശം കൂടി നമ്മുടെ കഥാകൃത്ത് നല്‍കന്നുണ്ട്.

സഹയാത്രികന്‍ said...

മുജീബ് ജി.... നന്ദി....

ചന്ദ്രകാന്തം said...

സുനില്‍,
നന്നായിരിയ്കുന്നു..
സങ്കല്പലോകത്തില്‍ മാത്രം ജീവിയ്കുന്നവരുമായി ഒത്തുപോകാന്‍ എളുപ്പമാവില്ല, സാധാരണക്കാരന്‌.
ഇതുപോലെയല്ലെങ്കിലും ഒരു കഥ ഞാനും കേട്ടിട്ടുണ്ട്‌. പട്ടാളക്കാരനെയേ കെട്ടൂ..ന്ന്‌ പെണ്ണിന്‌ നിര്‍ബന്ധം. ഒടുക്കം ഗതികെട്ട്‌, അച്ഛനുമമ്മയും ഒരുത്തനെ കണ്ടെത്തി. പക്ഷേ, അവളുടെ സങ്കല്പ്പത്തിലെ "ധീര ജവാന്‍" ജീവിതത്തിലേയ്ക്‌ വന്നപ്പോള്‍, വിചാരിച്ചപോലെയായിരുന്നില്ല കാര്യങ്ങള്‍.
ഒടുക്കം അതും ഇതുപോലെ എട്ടുനിലയില്‍... സ്വപ്നലോകവും, യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം തിരിച്ചറിയാതെയുള്ള എടുത്തുചാട്ടങ്ങള്‍ വരുത്തുന്ന വിനകള്‍.

സഹയാത്രികന്‍ said...

ചന്ദ്രകാന്തമേ നന്ദി...ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും.

:)

Murali K Menon said...

vaayichchu... orE oru peNmakkaLuLLa ammamaar kuttiakaLOtu vivaahaththinu mumpu kaaryangaL thirakkunnathu vaLare abhikaamyamaaNu. raNtu jeevithangaL vechchu panthaatENta aavaSyamillallo...
vaLare apoorvamaay natakkunna iththaram sambhavangaL oru saikkOLagy anaalysis nu vidhEyamaakkENta case aayi thOnnunnu (sorry for manglish)

Sherlock said...

ദേ..ഇപ്പോഴാ കണ്ടേ...വെറുതെ ടെന്‍ഷനാക്കല്ലേ :)

Mr. K# said...

:-)

സഹയാത്രികന്‍ said...

മുരളിയേട്ടാ... അതേ അങ്ങ് പറഞ്ഞത് നേര്...
ഒഴിവാക്കാമായിരുന്ന ഒരു സംഭവം... രണ്ട് ജീ‍വിതങ്ങള്‍... വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.
ജിഹേഷ് ജി പേടിക്കാതെ... ഇത് ഒറ്റപ്പെട്ട ചില സംഭവങ്ങളല്ലേ... എല്ലാം നല്ലതിന്...
കുതിരവട്ടന്‍ മാഷേ നന്ദി
:)

പ്രിയ said...

onnu pottichittu vittal mathiyarunnu. thalli pazhuppikkan alla, randu thallinte kurava ee mathiri concepts..

pinne ettunilayil pottiyathu nannayi. illel aa paavam kochante jeevithame oru pokkayene.

nadannathu thanneyannu karuthunnu.

"സഹാ... എല്ലാം ശരിയാകുമെന്ന ഒരു പ്രതീക്ഷ... അതായിരിന്നു..... പിന്നെ തല്ലുന്നതിലൊന്നും അര്‍ത്ഥമില്ലടോ... തല്ലിപ്പഴുപ്പിച്ച പഴത്തിനു മാധുരം കുറവാകും... എന്തായാലും കണ്‍സപ്റ്റ് കണ്ടുപിടിച്ചവനോട് എന്റെ മുന്നില്‍ വരണ്ടാ എന്നു പറഞ്ഞേക്ക് "ഇത്രേം പറഞ്ഞ് ഒരു മന്ദസ്മിതത്തോടെ നായകന്‍ നടന്നു നീങ്ങി...

aa manobhavavum manthasmithavum thanne aa payyanu nanma konduvarum.hope so.

കാശിത്തുമ്പ said...

“കഷ്ടം കുട്ടിപറഞ്ഞത് കേട്ടിരുന്നേല്‍ ആ കൊച്ചന്‍ രക്ഷപ്പെട്ടേനെ”

:)
:))
:)))