Friday, August 10, 2007

ഒരു പ്രണയം....

ഇന്നവള്‍ മനസ്സിന്റെ വാതിലുകളില്‍ ശക്തിയായി മുട്ടി വിളിക്കുന്നു...

ഒരു കാലത്ത് എന്റെ സ്വപ്നങ്ങളിലും പ്രതീക്ഷ്കളിലും അവള്‍ നിറഞ്ഞു നിന്നിരുന്നു.. ആദ്യം കണ്ടതെന്ന്...? ഓര്‍മ്മ വരുന്നില്ല... അതോ മനപ്പൂര്‍വ്വം ഓര്‍ക്കാതിരിക്കുന്നതോ...? വര്‍ഷങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു പ്രണയം... വഴിയരികില്‍ അവളെ കാണുമ്പോള്‍ ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നേയില്ല എന്ന ഭാവേന നടന്നു പോകാന്‍ ശ്രമിക്കാറുണ്ട്... പക്ഷെ എന്തു ചെയ്യാന്‍... കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ....

അവള്‍ സുന്ദരിയായിരുന്നോ...? അറിയില്ല.... പക്ഷേ എന്തോ ഇഷ്ട്മായിരുന്നു അവളെ....ആരോടും പറയാതെ ഒരു പാടു കാലം മനസ്സില്‍ കൊണ്ട് നടന്നു... ഞാന്‍ ആശിച്ചിരുന്ന ഒരു കൂട്ടാളി അതവളില്‍ ഞാന്‍ കണ്ടിരുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം ഇതു പലരും അറിഞ്ഞു...എന്നിലൂടെ തന്നെ... അങ്ങനെ ചില ബാഹ്യ പ്രേരണകളുടെ കൂടി അകമ്പടികളോടെ ഞാന്‍ എന്റെ ഇഷ്ടം അവളെ അറിയിച്ചു.... മനസ്സ് വളരെ സങ്കീര്‍ണ്ണമായ് തലങ്ങളിലൂടെ സഞ്ചരിച്ച അവസരങ്ങളായായിരുന്നു അത്...പല പല ചോദ്യങ്ങള്‍..... അവളെന്തു മറുപടി പറയും? ഇഷ്ടമല്ലാന്നു പറഞ്ഞാല്‍...? ഇനി ഇഷ്ടാണെന്ന് പറഞ്ഞാല്‍... നാട്, വീട്, വീട്ടുകാര്‍, നാട്ടുകാര്‍.... അങ്ങനെ നൂറു നൂറു പ്രശ്നങ്ങള്‍...

"ഇതാണു ഞാന്‍, എനിക്ക് തന്നെ ഇഷ്ടാണു... അതെന്തന്ന് ചോദിച്ചാല്‍ എനിക്കറിയില്ല... വാഗ്ദാനങ്ങളൊന്നും തന്നെ ഇല്ല... ഇഷ്ടാണു അത്ര മാത്രം... നന്നായി ആലോചിക്കുക.... എന്നെക്കുറിച്ചല്ല.. അഛ്ചന്‍, അമ്മ, സഹോദരങ്ങള്‍...പിന്നെ നാട്ടുകാര്‍.... അങ്ങനെ താനുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാം.... എന്നിട്ട് ഒരു മറുപടി തരുക...." ഇതായിരുന്നു എന്റെ വാക്കുകള്‍... രണ്ട് ദിവസങ്ങള്‍ക്കു ശേഷം കിട്ടിയ മറുപടി പ്രതീക്ഷാജനകമായിരുന്നു..... പിന്നീട് എന്റെ സ്വപ്നങ്ങള്‍ക്ക് ആക്കം കൂടി....ഊണിലും, ഉറക്കത്തിലും, കാണുന്ന കാഴ്ചകളിലും, കേള്‍ക്കുന്ന സംഗീതത്തിലും അവള്‍ മാത്രം.... ഒരു പക്ഷെ വളരെ സുന്ദരമായിരുന്നു ആ നാളുകള്‍... കണ്ടുമുട്ടലുകളും, സംസാരങ്ങളും കുറവായിരുന്നെങ്കിലും...

രണ്ട് പേര്‍ക്കും വിശ്വസ്തരായ ചില ദൂതന്മാരില്‍ക്കൂടി ഞങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നു....അങ്ങനെ ആ പ്രണയം പൂത്തുലഞ്ഞു.... ഞങ്ങള്‍ക്ക് തമ്മില്‍ കാണാനുള്ള അവസരങ്ങള്‍ നന്നേ കുറവായിരുന്നു.... അങ്ങനെ കണ്ടാല്‍ തന്നെയും കൂടിയാല്‍ 10 മിനിറ്റ്...അതായിരുന്നു ആ സമാഗമത്തിന്റെ ദൈര്‍ഘ്യം... അന്ന് അതും ഒരാശ്വസമായിരുന്നു.... വല്ലപ്പോഴും 10 മിനിറ്റ്... ഈ കഥയിലും വന്നു എല്ലാ പ്രണയകഥയിലേയും പോലെ വില്ലനായി വിവാഹാലോചനകള്‍...." ഈശ്വരാ.... ഇടനിലക്കാര്‍ക്കറിയില്ലല്ലോ ഒരു കാമുകന്റെ കഷ്ടപ്പാട്...."വീണ്ടും പിരിമുറുക്കത്തിന്റെ നാളുകള്‍... അങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ എന്റെ എല്ലാമായ മാതാപിതാക്കളെ അറിയിച്ചു.... ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കി അവന്റെ കാര്യങ്ങളെല്ലാം നോക്കി.... വലിയ മനക്കോട്ടകള്‍ കെട്ടി വച്ചിരിക്കുന്ന ഓരോ മാതാപിതാക്കളേയും വേദനിപ്പിക്കുന്ന ഈ കാര്യം എന്റെ മാതാപിതാക്കളേയും വേദനിപ്പിച്ചു കാണും.... എന്തായാലും അവര്‍ അതെന്നെ അറിയിച്ചില്ല... " നിന്റെ ഇഷ്ടം അതാണു വലുത്...അവര്‍ക്കും സമ്മതമാണെങ്കില്‍ നമുക്കിത് നടത്താം... "

അങ്ങനെ എല്ലാം ഭംഗ്യായി എന്നു കരുതിയപ്പോള്‍ അടുത്ത പരീക്ഷണം അവളുടെ അഛ്ചന്റെ രൂപത്തില്‍... അദ്ദേഹത്തിനു മകളുടെ ഭര്‍ത്താവായി ഞാന്‍ പോരാ... അങ്ങനെ പ്രശ്നങ്ങള്‍ രൂക്ഷമായി... ഇനി വേറെ നിവൃത്തിയില്ല വിളിച്ചിറക്കി കൊണ്ടുപോരാം... അതറിയിച്ചപ്പോള്‍ കിട്ടിയ മറുപടി... എനിക്ക് അഛ്ചനേം അമ്മേനേം വിട്ട് വരാന്‍ പറ്റില്ല എന്നയിരുന്നു... എന്നിട്ടും ഒരു പ്രണയ സാക്ഷാത്കാരത്തിനു വേണ്ടി ഞാന്‍ ഒരു പാട് ശ്രമിച്ചു... എന്റെ കഴിവിന്റെ അങ്ങേ അറ്റം വരെ.... മനസ്സില്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു.... ഞാനായി ആശ നല്‍കിയ ഒരു പെണ്‍കുട്ടി... അവളെ കൈ വിട്ടു കൂടാ...ഏതു വിധേനയും സംരക്ഷിക്കണം.... ഈ പരിശ്രമങ്ങള്‍ക്കിടയില്‍ ഞാന്‍ കേട്ടു.... "ചേട്ടനറിഞ്ഞോ.... ആ ചേച്ചിടെ കല്ല്യാണ നിശ്ചയാണു മറ്റന്നാള്‍.... "അവളുടെ അഛ്ചനെ സമ്മതിച്ചു... ഇത്ര പെട്ടന്ന് ഇങ്ങനാകും എന്നു ഞാന്‍ കരുതിയില്ല.... കേട്ട ഉടനെ ഞാന്‍ ചോദിച്ചു... "എടാ , അവള്‍..... അവള്‍ സമ്മതിച്ചോ...? " പിന്നീട് മൗനം...... ഒന്നും ചെയ്യാന്‍ കഴിയാതെ ഞാനാ വഴിവക്കില്‍ നിന്നു...

ഇനിയെന്ത്.... എങ്ങനെ.... ? അറിയില്ല.... സകല ദൈവങ്ങളുടെയും തുണക്കായി പ്രാര്‍ത്ഥിച്ചു...... പിറ്റേന്നു വല്ലാത്ത അവസ്ഥയായിരുന്നു.... അന്നു രാത്രി ( നിശ്ചയത്തലേന്ന്) ഞാന്‍ കാതോര്‍ത്തീരുന്നു... എന്റെ വീട്ടിലെ ഫോണ്‍ മിണ്ടുന്നതും കാത്ത്....നിലാവിന്റെ സൗന്ദര്യം ആസ്വദിക്കതെ പോയ ഒരു രാത്രി....ഒന്നും സംഭവിച്ചില്ല.... നേരം പുലര്‍ന്നു... നിശ്ചയം ഭംഗിയായി നടന്നെന്ന് ആരോ പറയണ കേട്ടു... പെണ്ണ് വളരെ സന്തോഷത്തിലാണത്രെ.... ഗള്‍ഫ്കാരനാ പയ്യന്‍... ബന്ധുവാണു.... പിന്നങ്ങോട്ടുള്ള ദിവസങ്ങള്‍...ഹൊ..ഭീകരം... കുറച്ച് കാലം എടുത്തു എല്ലാം പഴയ രീതിയില്‍ വരാന്‍.....

ഇന്ന് അതെല്ലാം വെറുതെ ഒര്‍ക്കാനുള്ള പഴയ താളുകള്‍... പാഴായതെന്നും പറയാം... അവളോടിന്നെനിക്ക് ദേഷ്യമില്ല...നിവൃത്തികേടാകാം... ചിലപ്പോള്‍ എന്നേക്കാള്‍ നല്ല പയ്യനായിരുന്നിരിക്കാം... എന്തായാലും അവള്‍ പോയി.... ഒരു വാക്കു പോലും പറയാതെ... ഇന്നു നഷ്ട പ്രണയത്തിന്റെ ഒരോര്‍മ്മയായി എന്നുള്ളില്‍... ഇതില്‍ എവിടാണു തെറ്റിയത്...ആര്‍ക്കണു തെറ്റിയത്... ആരാണു തെറ്റ് ചെയ്തത്...? അറിയില്ല.... എല്ലാര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാകും... അതാണു ലോകം....അവളോടെനിക്കുണ്ടായിരുന്ന ഇഷ്ടത്തിന്റെ ആഴം അവള്‍ മനസ്സിലാസിയിരുന്നില്ല എന്നു വേണം കരുതാന്‍.....എന്തായാലും അവള്‍ പോയി.... എവിടാണേലും എല്ലാ ഐശ്വര്യങ്ങളും ഈശ്വരന്‍ അവര്‍ക്കു നല്‍കട്ടെ.....

"കുടത്തുമ്പിലൂറും നീര്‍ പോല്‍ കണ്ണീരുമായ്....
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ....
കാറൊഴിഞ്ഞ വാനിന്‍ ദാഹം തീര്‍ന്നീടവേ...
വഴിക്കോണില്‍ ശോകം നില്‍പ്പൂ ഞാനേകനായ്... "(വെട്ടം)

ഇതിലെ ഞാനായും , അവളായും നിങ്ങളോ ഞാനോ ഉണ്ടാകാം... പല പ്രണയകഥകളും ഇങ്ങനെത്തന്നെ അവസാനിക്കുന്നു...പലതും പരസ്പരം അറിയാതെ പോകുന്നു... അറിഞ്ഞവരില്‍ത്തന്നെ വിവാഹിതരാകുന്നത് വിരളം....

എന്തു പറയാന്‍... അവര്‍ തമ്മിലകലുന്നതു കണ്ടു നില്‍ക്കാനേ സഹയാത്രികനു കഴിഞ്ഞുള്ളൂ... സഹയാത്രികനു മനസ്സിലാകത്തതായി ഒന്നുണ്ട്......പരസ്പരം ഇഷ്ടപ്പെട്ട രണ്ട് മനസ്സുകളെ തമ്മിലകറ്റിയിട്ട് അല്ലയോ സമൂഹമേ...നിങ്ങളെന്തു നേടി.....?

7 comments:

ഉറുമ്പ്‌ /ANT said...

ഇവിടെ ബ്ലൊഗില്‍തന്നെ ആരോ പറഞ്ഞതോര്‍മിക്കുന്നു,

ഇന്നലെ,
എന്നോടൊത്തു നിന്‍റ്റെ പ്രണയമുണ്ടായിരുന്നു.
നീ ഇല്ലായിരുന്നു.

ഇന്നു,
എന്നോടൊത്തു നീ ഉണ്ട്.
പക്ഷെ പ്രണയമില്ല.

വികലമായ പകര്‍ത്തലിനു ക്ഷമ ചോദിക്കുന്നു.

താമരക്കുട്ടന്‍... said...

സഹയാത്രികാ!

നന്നായിരിക്കുന്നു!!

എന്നും നന്മകള്‍ നേര്‍ന്നുകൊണ്ട്,

താമരക്കുട്ടന്‍..........

SUNISH THOMAS said...

കരയാനുഴറിടും കണ്ണുകള്‍
താഴ്ത്തിക്കൊണ്ടു
വരനോടൊപ്പം നീയാ
വണ്ടിയിലിരിക്കെ
വാക്കുകള്‍ക്കു വിലപ്പിടിപ്പേറുമീ
സന്ദര്‍ഭത്തില്‍
ഓര്‍ക്കുക, വല്ലപ്പോഴുമെ-
ന്നല്ലാതെന്തോതും ഞാന്‍?!!!

- പി. ഭാസ്കരന്‍

ഈ പാവം ഞാന്‍ said...

താങ്കള്‍ പ്രേമം അറിയിച്ച രീതി എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. ഈ ലേഖനം ഞാന്‍ എന്‍‌റെ ബ്ലോഗില്‍ പകര്‍ത്തിക്കോട്ടേ? കാരണം ഇതിലെ പകുതി വഴിയിലെത്തി നില്‍ക്കുകയാണ് എന്‍‌റെ ജീവിതം....

സഹയാത്രികന്‍ said...

ഏയ് പാവം ഞാനേ...
പകുതി വഴി ഇതിലേത് നല്ലത് തന്നെ... ബാക്കി പകുതി ഇതിലേതല്ലാതെ പോകട്ടെ...
ആശംസകള്‍.

(പകര്‍ത്തിക്കൊള്ളൂ... സന്തോഷത്തോടെ അനുവദിക്കുന്നു)

കാശിത്തുമ്പ said...

Every relationship has its own reasons & seasons. We cannot insist it to stay, all we can do is embrace it as it comes and live that moment to the fullest.

Sorry to use english. It's around 2 o'clock in the morning & with sleepy eyes typing in malayalam is bit hetic. Pls don't say 'jada'& 'kurachu kurachu malayalame ariyuu..'

വിധു ശങ്കര്‍ said...

sahayaathrikaa nannaayittundu...
pakshe.....
ee pranayam manassukal thammilaayirunnooo??????
atho....
sandharbangal thammilo?????