Sunday, September 28, 2008

ആരോഗ്യത്തിന് ഹാനികരം....!

“നിയപ്രകാരമുള്ള മുന്നറിയിപ്പ് : പുകവലി ആരോഗ്യത്തിന് ഹാനികരം“എല്ലാ സ്ഗററ്റിന്റേയും പരസ്യത്തിന് താഴെയായി, ആരെങ്കിലും വായിച്ചാല്‍ പ്രശ്നാകോ എന്ന് ഭയന്ന് പരമാവധി ചെറുതായി എഴുതിയിരിക്കുന്നത് കാണാം. സിഗററ്റിന്റെ പാക്കറ്റിന്മേലും ഈ സംഭവം എഴുതിയിരിക്കുന്നു, “സിഗററ്റ് സ്മോക്കിംഗ് ഈസ് ഇന്‍‌ജൂറിയസ് ടു ഹെല്‍ത്ത്, സ്മോക്കിംഗ് ഈസ് ദ മെയിന്‍ റീസണ്‍ ഫോര്‍ ലങ്സ് ക്യാന്‍സര്‍ ആന്റ് ഹാര്‍ട്ട് ഡിസീസസ് “ എന്ന് ( ഹൊ... മംഗ്ലീഷ് എഴുതാന്‍ വലിയ കുഴപ്പമില്ല ... പക്ഷേ ഇഗ്ലയാളം എളുപ്പല്ല...! ). എന്നാല്‍ അതൊന്ന് അറിഞ്ഞിട്ടേ ഉള്ളൂ ബാക്കി കാര്യം എന്ന മട്ടിലാണ് പലരും വലിക്കുന്നത്, നോക്കാലോ... ഇത് വല്ലതും ഉള്ളതാണോ എന്ന്...! എന്നിട്ട് പുച്ഛത്തോടെ ഒരു നോട്ടവും ‘ഇതൊക്കെ നമ്മളെത്ര കണ്ടതാ ഗഡീ...‘ എന്ന മട്ടില്‍.

പലരും ഒരു രസത്തിനും, ചുമ്മാ ഒരു ജാഡയ്ക്കും തുടങ്ങുന്ന ഈ കാര്യം പിന്നീട് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ശീലമായി വളരുന്നു.പരസ്യങ്ങളും സിനിമ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും ഒരു പരിധി വരെ ഇതിന് പ്രചോദനം നല്‍കുന്നു എന്ന് പറയാതെ വയ്യ. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് സിഗററ്റ് മുതലായ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ പടില്ല എന്നൊരു നിയമം നിലവിലുണ്ടെന്നു തോന്നുന്നു. എന്നാല്‍ സാധനം വാങ്ങാന്‍ വരുന്നവരോട് ജനനതിയതിയും വയസ്സും ചോദിച്ച് വില്പന നടത്താന്‍ കടക്കാര്‍ക്കകുമോ...? മാത്രല്ല അവര്‍ക്കു അതിന്റെ ആവശ്യവുമില്ലല്ലോ...?

സ്ക്കൂള്‍ കാലഘട്ടത്തിലേ ആരംഭിക്കുന്നു പുകവലിയോട് ഒരു ഇത്...!

ഏത്...?

അതറിയില്ല... ഒരു ഇത്...!

ആ ഒരു ഇത് എന്തെന്നറിയാനുള്ള ആഗ്രഹം... അത് പലപ്പോഴും സഫലീകരിക്കപ്പെടുന്നത് ഒരു സുഹൃത് സംഗമത്തോടെ... വലിക്കുന്നവന്‍ രണ്ട് വലി വലിച്ച് ഇവന് കൊടുക്കും...“ചുമ്മാ വലിച്ച് നോക്കെടേ... ഒന്നും സംഭവിക്കില്ല... ആദ്യം ഒന്ന് ചുമക്കും അത്രന്നെ... പിന്നെ ശരിയയിക്കൊള്ളും”ഈ സ്ട്രോങ് ഡയലോഗും മറ്റുള്ളവരുടെ സപ്പോര്‍ട്ടും കൂടി ആകുമ്പോള്‍... അവനും വലിക്കും വലി ഒന്ന്...! പിന്നെ പിന്നെ... അത് തുടരും... പിന്നെ ഒരു സിഗററ്റ് കൊളുത്തി എല്ലാരും കൂടി വലി... പിന്നെ പിന്നെ ഷെയറിങ് നിര്‍ത്തും... പിന്നെ ഒരെണ്ണം വേണം ആളൊന്നുക്ക്... പിന്നെ...പിന്നെ... കൂട്ടുകാരില്ലെങ്കിലും സിഗററ്റ് നിര്‍ബന്ധ്മാകും.ആദ്യം വല്ലപ്പോഴും... പിന്നെ ഇടക്കിടെ... പിന്നെ എന്നും... പിന്നെ ദിവസത്തില്‍ 2.... അത് പിന്നെ നാലായി...എട്ടായി.... അങ്ങനെ പോകും....പിന്നെ പിന്നെ സ്റ്റൈല്‍ പരീക്ഷണങ്ങളിലേക്ക് അത് വഴിമാ‍റും... ഉള്ളിലേക്ക് ആസ്വദിച്ച് വലിക്കുന്ന പുക പുറത്തേയ്ക്ക് കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടേയും പുറത്തേയ്ക്ക് കളയാനുള്ള ശ്രമങ്ങള്‍...(അതോ നിവൃത്തീയില്ലതെ കിട്ടിയ സുഷിരത്തിലൂടെ തനിയെ പുറത്തേയ്ക്ക് പോകുന്നതോ...?)

ഇങ്ങനെ ശീലമാകുന്ന ഈ നിസാര കാര്യം ( അത്ര നിസാരമല്ല) ഒഴിവക്കാന്‍ പറ്റത്ത ഒന്നായി മാറാന്‍ അധികം താമസമില്ല. മനുഷ്യന്റെ ദുശ്ശീ‍ലങ്ങളില്‍ ഏറ്റവും മോശം എന്നു വേണേല്‍ വിശേഷിപ്പിക്കവുന്ന ഒന്നാണിത്. പുകവലി ശീലമക്കിയവര്‍ക്ക് അത് നിറുത്താന്‍ അല്പം ബുദ്ധിമുട്ടാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്...( പുകവലി മാത്രല്ല, ഏതു ശീലവും അങ്ങനെത്തന്നെ ). പലരും ഇതിങ്ങനെ തുടരുന്നതിന് ഓരോ കാര്യങ്ങളും കാരണങ്ങളും നിരത്തും. ചിലരോട് എന്തിനാ ഇങ്ങനെ വലിക്കുന്നത് എന്നു ചോദിച്ചാല്‍, എപ്പോഴും ഓരോ ടെന്‍ഷനുകളാണ്, അപ്പൊ ഇതൊന്നു വലിച്ചാല്‍ ഇത്തിരി സുഖാവും... എന്നാണ് മറുപടി. എന്നാല്‍ ഇവര്‍ ടെന്‍ഷനില്ലത്ത നേരത്തും വലിക്കാറില്ലേ...? വേറെ ചിലര്‍ക്ക് അതിലൊന്ന് കത്തി ആ വിരലുകള്‍ക്കിടയില്‍ ഇരുന്നാലെ പണിയെടുക്കാനാകൂ... അപ്പൊഴേ ക്രിയേറ്റിവിറ്റി ഉണ്ടാകൂ... എന്താ കഥ...!

വേറൊരാളു പറഞ്ഞ മറുപടി ഇതാണ്..., “ ഞാന്‍ വലി നിറുത്തി സുനിലേ, പിന്നെ ഇത് എന്റെ സുഹൃത്ത് തന്ന ഒരു പാക്കറ്റ് ആണ്... അപ്പൊ അത് കഴിയണ വരെ... അത്രേ ഉള്ളൂ.... “ ഈ പറഞ്ഞത് ഏകദേശം ഒരു ഒന്നൊര കൊല്ലം മുന്‍പാണ്. അദ്ദേഹം ഇപ്പൊഴും വലിക്കുന്നു... ആ സുഹൃത്ത് കൊടുത്ത പാക്കറ്റില്‍ വലിക്കാതെ ഒരെണ്ണം മാറ്റി വച്ചിരിക്കും, അത് കഴിഞ്ഞാലല്ലെ നിര്‍ത്തേണ്ടൂ... അല്ലാണ്ടെന്താ പറയാ.

വലിക്കുന്നവരേക്കാള്‍ ദോഷമാണ് അടുത്ത് നില്‍ക്കുന്നവര്‍ക്ക്... വലിക്കുന്നവര്‍ക്ക് അതങ്ങ് ചുമ്മാ ഉള്ളിലേക്ക് എടുത്തിട്ട് പുറത്തേയ്ക്ക് കളഞ്ഞാല്‍ മതി... അടുത്തു നില്‍ക്കുന്നവനാണ് ഇവന്‍ പുറത്തേയ്ക്ക് വിടുന്ന പുക ഒരു തരി പോലും അന്തരീക്ഷമലിനീകരണത്തിനിടയാക്കാതെ എല്ലാം ഉള്ളിലേക്കെടുക്കുന്നത്. അവരനുഭവിക്കുന്ന ബുദ്ധിമുട്ട് വലിക്കുന്നവനു പ്രശ്നവുമല്ല. പുകവലി ശീലമില്ലത്തവനു സിഗറ്റ്റിന്റെ പുക മൂക്കെരിച്ചില്‍, ശ്വാസ തടസം, ചുമ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സിഗററ്റിന്റെ പുകയേറ്റ് ഒന്ന് ചുമച്ചാല്‍ വലിക്കുന്നവന്‍ പുച്ഛത്തോടെ അവനെ നോക്കും... “യെവനാരടെ... ഇല്ലോളം പൊഹ ചെന്നപ്പോഴേക്കും ചുമക്കണാ...!”. അതല്ലതെ മറ്റുള്ളവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ട് അറിയാന്‍ ശ്രമിക്കറില്ല. പലപ്പോഴും ഒന്നപ്പുറത്തേയ്ക്ക് മാറി നിന്നു വലിക്കു... എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും നമ്മള്‍, വലിക്കുന്നവരാകട്ടെ... നീ വേണേല്‍ മാറിക്കോ... ഞാനിവിടെ നിന്നു തന്നെ വലിക്കും എന്ന രീതിയിലും.
വലിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക മറ്റു ലഹരി പദാര്‍ത്ഥങ്ങളെ പോലെ തന്നെ നിങ്ങളുടെ ശരീരത്തിനു ദോഷകരമായ ഒന്നു തന്നെയാണ് പുകവലിയും, മത്രമല്ല അത് നിങ്ങളെ മാത്രല്ല നിങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരേയും വളരേ ദോഷകരമായിത്തന്നെ ബാധിക്കുന്നു. ടെന്‍ഷന്‍ കുറക്കാന്‍ എന്നു കരുതുന്ന ഈ ശീലം ( അങ്ങനെ കരുതുന്നവര്‍ക്ക് ) സത്യത്തില്‍ ടെന്‍ഷന്‍ കൂട്ടാനേ ഉപകരിക്കൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അര്‍ബുദം, ശ്വസകോശജന്യ രോഗങ്ങള്‍, ഹൃദയ സംബന്ധകായ രോഗങ്ങള്‍ എന്നിവയ്ക്കും ഇടയാക്കുമത്രെ...!പുകവലിച്ചവര്‍ അടുത്തു വരുമ്പോളുണ്ടാകുന്ന ദുര്‍‍ഗന്ധം പലപ്പോഴും ഒരു തരത്തില്‍ പറഞ്ഞാല്‍ അസഹനീയം തന്നെയാണ്. അതു കൊണ്ട് പ്രിയ വലിയന്മാരെ, വലിച്ചു കഴിഞ്ഞാല്‍ വായ് ശുദ്ധമാക്കാന്‍ ഒന്ന് ശ്രമിക്കുന്നത് നല്ലതായിരിക്കും,മൌത്ത് ഫ്രെഷ്നേര്‍സ് ഒരു പാട് കിട്ടാനുണ്ടല്ലോ.... അല്ലാതെ എന്റെ സുഹൃത്ത് ചെയ്യുന്ന പോലെ പുകവലിച്ചു കഴിഞ്ഞാല്‍ അതിന്റെ ഗന്ധം മാറാന്‍ ‘പാന്‍ പരാഗ്’ കഴിക്കരുത്...!

സ്ഥിരമായി പുകവലിക്കുന്നവര്‍ അതിന്റെ അളവ് കുറച്ചു കൊണ്ടുവരാന്‍ ശ്രമിക്കുക. തുടക്കക്കാര്‍ അത് നിറുത്താന്‍ ശ്രമിക്കുക, ഇതു വരെ വലിച്ചിട്ടില്ലാത്തവര്‍ വലിക്കാതിരിക്കാനും ശ്രമിക്കുക. ഇതൊന്നും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ പറയുന്നതല്ല... നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നേ പറയുന്നുള്ളൂ.പുകവലി നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളുടെ കുടുംബത്തിനും സമൂഹത്തിനു തന്നെയും ദോഷം ഉളവാക്കുന്ന ഒന്നാണ്. ശ്രമിച്ചാല്‍ സാധ്യമാകാത്തതായി അധികം കാര്യങ്ങളില്ല.... അതു കൊണ്ട് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കൂ...ഓഴിവാക്കേണ്ടത് ശ്രമമല്ല... പുകവലി.