Thursday, November 29, 2007

അന്തഃസ്യ കുന്തഃസ്യ ദേവസ്യ !

“നേരം പന്ത്രണ്ട് കഴിഞ്ഞു.... അതിയാനെവിടെപ്പോയിക്കിടക്കാണാവോ...? എവിടേലും പോകുമ്പോള്‍ ഒന്ന് പറഞ്ഞിട്ട് പോകാ..ഏഹേ... അങ്ങനൊരു പതിവില്ലലോ... എന്നും വന്ന് എന്റെ കൈയ്യീന്ന് രണ്ട് ചീത്ത കേട്ടാലേ അതിയാനു സമാധാനമാകൂ... “

ജനവാതിലിലൂടെ പുറത്തേക്ക് നോക്കി മറിയാമച്ചേട്ടത്തി ആരോടെന്നില്ലാതെ പറഞ്ഞു.

ചേട്ടത്തിയ്ക്ക് വയസ്സ് അമ്പതിനടുത്തായി...ഭര്‍ത്താവ് കറിയാച്ചനും മൂന്ന് മക്കളും... രണ്ടാണും അവരുടെ മധ്യത്തില്‍ ഒരു പെണ്ണും.... അതു തന്നെ അവരുടെ ലോകം..... തനി നാട്ടിന്‍പുറത്തുകാരി... ആരേലും കുരുത്തക്കേടിനു ചേട്ടത്ത്യേ മക്കളൊക്കെ എന്നാ പറയുന്നൂ എന്നെങ്ങാനും ചോദിച്ചാല്‍...പിന്നെ തുടങ്ങായി ....

“ മോളങ്ങ് ബാംഗ്ളൂരാ... കെട്ട്യോനോടോപ്പേ.... അവനെന്തോ പത്രാസുള്ള പണിയാ... നമ്മുടെ വായിലൊന്നും ഒതുങ്ങുകേലാന്നേ.... അവള്‍ക്ക് രണ്ട് പിള്ളേരുണ്ട്... ഒരു മോനും ഒരു മോളും...“

“ പിന്നെ മൂത്തോന്‍ അടുത്തുന്നെന്യാ കെട്ടിയേക്കണേ... പെണ്ണിനു പണിയൊന്നുമില്ലന്നേ... എന്തോ പൂട്ടീഷനോ മറ്റോ പഠിച്ചൂന്നൊക്കെ പറയണകേട്ടൂ...ആ അതങ്ങനെ കിടക്കണൂ... പിന്നേ സ്നേഹള്ളോളാ... ( ഉറങ്ങുമ്പോള്‍).... വീട്ടിലെ പണിയെല്ലാം എടുത്തോളും... (ഇല്ലേല്‍ പട്ടിണിക്കിടക്കേണ്ടി വരും) അവനു പിള്ളേരു നാലാ... നാലാമ്പിള്ളേരാ...“

“ ഒരു പെണ്‍കുട്ടി വേണ്ടതായിരുന്നു...“


“ ഉം... ഒന്നീന്ന് തുടങ്ങീതാ... ഇത് പെണ്ണാ...ഇത് പെണ്ണാന്ന് പറച്ചില്‍... ഒരോ വയസ്സിന്റെ വ്യതാസത്തില്‍ നാലണ്ണമിങ്ങു പോന്നു... അപ്പൊ ഞാനാ പറഞ്ഞേ... എടാ ജോമോനേ... അവളുടെ പ്രസവങ്ങ് നിറുത്തിയേരടാന്ന്...“


“ അതെന്നാ ചേട്ടത്തീ അങ്ങനെ...? “


“പിന്നെ...ഇതന്നെ ഒരു പണിയായ ശരിയാവോ? അവസാനം അതുങ്ങള്‍ക്കായി സ്വന്തമായൊരു സ്ക്കൂള്‍ ഞാന്‍ തുടങ്ങേണ്ടി വരും... അല്ലേല്‍ തന്നെ ആളുകള്‍ പറഞ്ഞു തുടങ്ങി, ചേട്ടത്ത്യേ.... വീട്ടിലിപ്പൊ നല്ല രാസാല്ല്യോ... സ്ക്കൂളു വിട്ട പോലല്ല്യോ പിള്ളാരുകള്‍... അവന്‍ ഇവിടെ ആ കടയും നടത്തി സുഖായിട്ട് പോണു...(അപ്പച്ചനില്ലേല്‍ കാണാം.... കടകൊണ്ടൊന്നും വലിയ കാര്യമില്ലാന്നേ)“

“പിന്നെ താഴ്യൊള്ളോന്‍.... ജോസ്.... അവനിപ്പൊ ഇവിടൊരു കമ്പനീലാ ജോലി...(അവന്റെ കമ്പനിയൊന്നു കുറഞ്ഞാല്‍ മതിയായുന്നു) അവന്റേം കെട്ട് കഴിഞ്ഞു.... പുതു മോട്യല്ലേ.... അവരങ്ങനെ നടക്കാ.... പെണ്ണ് എന്തൊക്കെയ്യ്യോ പഠിച്ചിട്ട്ണ്ട്...ജോലി നോക്കണുണ്ട്....“

അങ്ങനെപ്പോകും... ചോദിച്ചാള്‍ക്ക് അബദ്ധായി എന്ന് സ്വയം തോന്നി അയാള്‍ രക്ഷപ്പെട്ട് കൊള്ളണം... ഇല്ലേല്‍ കട്ടപൊക. കാര്യമിതൊക്കെയാണേലും എല്ലാരേം സ്നേഹാ ചേട്ടത്തിയ്ക്ക് ചേട്ടത്തിയെ നാട്ടുകര്‍ക്കും...

ആളൊരു തികഞ്ഞ സത്യ ക്രിസ്ത്യാനിയാ... എന്നും ചേട്ടത്തി രാവിലെ പള്ളീല്‍ പോകും കാലപൂജ പങ്കുകൊള്ളാന്‍... അവിടെപ്പോയിരുന്ന് പകുതി ഉറക്കത്തിലായോരോട് അല്‍പ്പ സ്വല്‍പ്പം കുശുമ്പും പുന്നായ്മയും പറഞ്ഞാലേ ഒരു സുഖള്ളൂ.... അല്ലാതെ വെളുപ്പിനെ ഉള്ള അഛ്ചന്റെ സുവിശേഷം കേള്‍ക്കലൊന്ന്വല്ല ലക്ഷ്യം... അതിനു ചേട്ടത്തിയെ പറഞ്ഞിട്ടും കാര്യമില്ല,
അഛ്ചന്റെ സുവിശേഷപ്രസംഗത്തിന്റെ വിശേഷത്തെപ്പറ്റി നാട്ടിലുള്ള കഥ ഇങ്ങനെ,
ഒരിക്കല്‍ കര്‍ത്താവ് ഈശോ മിശിഹ ഒരു സാധാരണക്കാരന്റെ വേഷത്തില്‍ ഇദ്ദേഹത്തിന്റെ സുവിശേഷ പ്രസംഗത്തില്‍ പങ്കുകൊണ്ടു... അല്‍പ്പ നേരത്തിനു ശേഷം കണ്ണുകള്‍ നിറച്ചുകൊണ്ട് കര്‍ത്താവ് പറഞ്ഞത്രേ....,
“പിതാവേ, ഇദ്ദേഹം പറയുന്നതെന്തെന്ന് ഇദ്ദേഹം പോലും അറിയുന്നില്ല.... ഇദ്ദേഹത്തോട് നീ സദയം ക്ഷമിക്കേണമേ.....!“


സത്യകൃസ്ത്യാനിയായ തികഞ്ഞ ദൈവ ഭക്തയായ ചേട്ടത്തി എന്തുണ്ടായലും കര്‍ത്താവിനു സ്വൈര്യം കൊടുക്കുകേലാ... ഭര്‍ത്താവിനും...!


ചേട്ടത്തി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് 'ഈഈഈശോ' വിളിയിലാണ്...

“ഈഈഈശോ ദേ കരണ്ട് പോയി... ഈഈഈശോ ഗ്യാസ് തീര്‍ന്നാ.... ഈഈഈശോ ഇതെന്തോന്നാ ഈ ചെറുക്കന്‍ കാണിക്കുന്നേ... അങ്ങനെ... ഇനിയിപ്പൊ ആരേലും കണ്ടാലോ...അപ്പോഴും ഇതന്നെ.... ഈഈഈശോ ഇതാരു..ത്രേസ്യാക്കുട്ട്യല്ലേ...? “

എന്തായാലും കര്‍ത്താവ് ഈശോ മിശിഹാക്ക് ഇരിക്കപ്പൊറുതി ഇല്ല. ഇനി “മറിയേ... നീ ഇങ്ങനെ കടുപ്പത്തില്‍ വിളിക്കാതേ..., എനിക്കിത്തിരി മനഃസമാധാനം താ “ എന്നു പറയാന്‍ സാക്ഷാല്‍ കര്‍ത്താവ് നേരിട്ട് വന്നാലും ചേട്ടത്തി ഇങ്ങനെ പറയും...,

“ഈഈഈശോ... ദേ യേശു...!““ ഞായറാഴ്ചയായിട്ട് പിള്ളേരെല്ലാം അങ്ങ് കെട്ട്യോളുമാരുടെ വീട്ടിലോട്ട് പോയി...അവിടെ എന്നതാണാവോ...? ഇതിയാനും ഇതെവിടെപ്പോയിക്കിടക്കുവാ...“ ചേട്ടത്തി വീണ്ടും മുറ്റത്തോട്ട് നോക്കിയിരുപ്പായി...


ആ ഇരുപ്പില്‍ ചേട്ടത്തി നേരെ പോയത് തന്റെ വീട്ടിലേക്ക്... തന്റെ കുട്ടിക്കാലവും, യൗവ്വനവും എല്ലാം മനസ്സില്ലൂടെ ഓടിപ്പോയി. പണ്ടെന്നെക്കാണാന്‍ എന്നാ ചേലായിരുന്നൂ... എന്നെക്കാണാന്‍ വേണ്ടിമാത്രം പള്ളീല്‍ വന്നിരുന്നോരും ഉണ്ട്. ങ്ങ് ഹാ.. അതൊക്കെ ഒരു കാലം... പിന്നെ ഇതിയാന്‍ കെട്ടി ഇങ്ങോട്ട് കൊണ്ട് പോന്നു. അന്ന് മുതല്‍ വടക്കേതിലെ സരസുവാണ് ആകെ ഒരു കൂട്ട്. തമ്പിയേട്ടനും സരസുവും തൊട്ടയല്‍പ്പക്കം... ഒരു കുടുംബം പോലെ ഒരു ചെറുമതിലിന്റെ തിരിവ്... അവിടുത്തെ ശ്രീമോളും ഇവിടുത്തെ മോളും ഒരേ പ്രായാ... ജോസും ശ്രീക്കുട്ടനും ഏതാണ്ടൊരേ പ്രായം തന്നെ. അവന്റെ കല്യാണായീ‍... ഇനി അതും ഒരാഘോഷാക്കണം.


ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ചേട്ടത്തിയ്ക്ക് ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലായി... എല്ലാരും പി സി എന്ന് വിളിക്കുന്ന ദല്ലാള് ദേവസ്സി.


‘ഈഈഈഈഇശോ.... ദ്താരാ‍ദ്... പീസ്യാ‍....“

ചേട്ടത്തി കതക് തുറന്ന് പുറത്തേയ്ക്ക് വന്നു.

“ആ.... എന്നാ ഒക്കെ ഉണ്ട് ചേട്ടത്ത്യേ...? കറിയച്ചായനില്ലായോ...?“


“ഓ... അതിയാന്‍ രാവിലെ എങ്ങാണ്ട് പോയതാ... എങ്ങാണ്ടാന്നാര്‍ക്കറിയാം...?“


“പിള്ളാരോ... ആരേം കാണാനില്ലല്ലോ... ഒറ്റയ്ക്കേ ഒള്ളോ‍...?“


“അവന്മാര് പെമ്പ്രന്ന്യോത്തിമാരുടെ വീടുകളേ പോയി...‘


“എന്നതാ വിശേഷം...?“

“ഓ...ചുമ്മാ... വല്ലപ്പോഴുമൊക്കെ പോയി വരും....“

“പുതുപ്പെണ്ണ് എങ്ങിനെ..?“


“പാവാന്നേ... ഇത്രേം സ്നേഹള്ള പിള്ളാരുണ്ടോ ഈ കാലത്ത്... "


" എന്ത് കിട്ടീ ചേട്ടത്ത്യേ... ഞാങ്കൊണ്ടര്‍ണ ആലോചനകളൊന്നും പോരായിരുന്നൂലോ...!“

“ ഓ... എന്ത് പറയാനാ പീസ്യേ... ഞങ്ങളൊന്നും ചോദിച്ചില്ലാന്നേ... അവര്‍ക്കിഷ്ടള്ളത് അവര്‍ കൊടുത്തു... പിന്നെ അവര് സന്തോഷായിട്ട് തന്നപ്പോ വേണ്ടാന്നു നമ്മളും പറഞ്ഞില്ല... അവര്‍ക്ക് വിഷമാകത്തില്ല്യോ...”

“അത് പോട്ടേ പീസ്യെന്താ ഇതിലേ, ഇപ്പൊ കാണാറില്ലല്ലോ...“

“ഞാനാ ചന്ത മുക്ക് വരെ ഒന്ന് വന്നതാ ... എന്നാപിന്നെ ചേട്ടത്ത്യേം , കറിയാച്ചായനേം ഒന്ന് കാണാന്ന് വച്ചു.“

“അത് നന്നായി... എന്നതാ ചന്തമുക്കില്...? ”

“ചെക്കനൊരു ഫാന്റും ഷേര്‍ട്ടും തയിക്കാനായിട്ട് നമ്മടെ ഭാസീടെ കൈയ്യില്‍ കൊടുത്തായിരുന്നു,അത് വാങ്ങാന്‍ പോയതാ...അതിന്റെ കാര്യമൊന്നും പറയാണ്ടിരിക്കാ ഭേദം... എനിക്കങ്ങ് ചൊറിഞ്ഞ് കേറണുണ്ട്”

അതെന്നതാടാ പീസി...?


അല്ലേ ഞാന്‍ തച്ചതെല്ലാം വാങ്ങി കാശ് ചോദിച്ചപ്പോ അവന്റോടെ മാത്രം 20 രൂപാ ഓരോന്നിനും കൂടുതല്‍, കൊച്ചപ്പേട്ടനും, വേലായുധനുമെല്ലാം ഇവിടെ കാലങ്ങളായി ഉള്ളതല്ല്യോ... അവര്‍ക്കൊന്നുമില്ലാത്ത ഒരു കൂടുതലെന്താ ഇവന്...!


നീ ചോ‍ദിച്ചില്ലായോ...?


പിന്നേ..അപ്പൊ അവന്‍ പറയുവാ.... എന്റെ ദേവസ്യേട്ടോ കട ഏസിയല്ലേ... അതാ കാശ് കൂടുതലെന്ന്...!

ഞാന്‍ പറഞ്ഞു , നെന്നോട് ഞാന്‍ പറഞ്ഞില്ലല്ലോ എനിക്ക് ഏസിയിലിരുന്ന് തയിച്ച ഫാന്റ് വേണമെന്ന്... എനിക്ക് ഏസിയിലിരിന്നു തയിക്കാത്ത ഫാന്റ് മതി”


“അങ്ങനെ പറഞ്ഞാ പറ്റില്ലാന്ന് അവനും”

“അവസാനം ഞാന്‍ കൊടുക്കാറുള്ള സാ‍ധാരണ കൂലി കൊടുത്ത് ഇങ്ങ് പോന്നു... അല്ലാപിന്നെ ഏസിയിലിരുന്ന് തയിച്ചാ 20 രൂപ കൂടുതലേ...”

ഐ... അത് മോശായില്ലായോ പിസി... അവര് പണീയെടുത്ത കാശല്ലയോ....

“അല്ലേ ഈ ചേട്ടത്തി ഇതെന്നതാ ഈ പറയുന്നേ...
ഭാസി ഏസിയിലിരുന്ന് പണിയണേന് പിസിയെന്തിനാ ഫീസ് കൊടുക്കണേ....!“

“ഉം...അതും ശരിയാ... നീയറിഞ്ഞില്ലായോ... നമ്മടെ അപ്പറത്തെ ശ്രീക്കുട്ടന്റെ കല്യാണായി...“


“ഓ അറിഞ്ഞു... ഞാനത് വേണ്ടാന്ന് വച്ച കേസാ...“


“അതെന്തേ...?“


“ചെറുക്കനത്ര ശരിയല്ലാന്നേ... പെമ്പിള്ളാരേ വഴിയേ നടക്കാന്‍ സമ്മതിക്കുകേലാ... എപ്പോഴും ഒരു ഫോണും കൊണ്ടാ നടപ്പ്“

“ഈഈഈശോ എന്തനാവശ്യാ നീയീ പറയണേ... അവനൊരു പാവല്ലേ... ആയ കാലത്ത് നീയും, ഇവിടുത്തെ ഇതിയാനും അപ്പറത്തെ തമ്പിയേട്ടനും ഇതൊക്കെ തന്നല്ലാരുന്നോ പരുവം...“

“ഹി ഹി ഹി അത് പിന്നെ അന്നത്തെ ഒരു...“


“അത് തന്നല്ലേ ഇത്... ഇന്ന് ലോകം മാറി... ഇപ്പൊ വേലിയ്ക്ക് നിന്ന് കത്ത് കൊടുക്കലൊന്നുല്ല്യ... എല്ലാരുടേലും തീപ്പട്ടി ഫോണില്ലിയോ..മൊഫീല്.... ഇപ്പൊ അതിലല്ലയോ‍ പ്രേമോം പാട്ട് മത്സരോം എല്ലാം, പാടിയില്ലേലും ആടിയില്ലേലും കുഴപ്പില്ല... സ്മെസ് കിട്ടിയാ ജയിക്കും... ഇനി എന്നാണാവോ‍ പത്താം തരം പരീക്ഷേം ഈ രീതിലാക്കണേ... കൂടുതല് സ്മെസ് കിട്ടണാള്ക്ക് ഒന്നാം സ്ഥാനം... പഠിച്ചില്ലേലും കൊഴപ്പില്ലാന്നാകും...”

“എന്തോന്നാ ഈ സ്മെസ്...?”

“ആ മൊഫീലീന്ന് അയക്കണ സാനം... അത് കിട്ടണതിനനുസരിച്ചാത്രെ ജയം...”


“ഉം... പിന്നെ നാ‍ട്ടില് കറിയാചേട്ടനെപ്പറ്റി അത്ര സുഖല്ല്യാത്ത സംസാരം നടക്കണ്ട്...”

“ഓ...അതെന്താ... ഇത്ര പ്രായായിട്ടും ആളോള് വിടണീല്ലേ...“

“അല്ല അവരെ പറഞ്ഞിട്ടും കാര്യല്ല്യ... കറിയാച്ചായന്‍ എന്തിനാ ആ വടക്കേതിലെ പയ്യന്റെ കല്യാണത്തിന്റെ പിന്നാലെ നടക്കണേ...“

“അവനിവിടുത്തെ പയ്യനല്ല്യോ... ഇവിടെ കളിച്ച് വളര്‍ന്നതാ...“

“എന്നാ നാട്ട്‌കാരതല്ല പറയണേ... അവന്‍ കറിയാച്ചന്റെ തനി ഛായയാന്നാ...“

“ഓ..അത് കുശുമ്പ്‌ള്ളോര് പറയണതല്ലേ....“

“അത് മാത്രല്ല ... ഇവിടുത്തെ ജോസൂട്ടിയ്ക്ക് ....“


“ജോസൂട്ടിയ്ക്ക്...?“

“നമ്മടെ ... തമ്പിചേട്ടന്റെ ഛായയില്ലേന്നും ഒരു..ഒരു....“

“അതൊക്കെ കേള്‍ക്കാനും പറയാനും നിന്നാല്‍ അതിനേ നേരം കാണൂ....”

“എന്നാലും അതല്ലല്ലോ ചേട്ടത്തി.... അവര് പറയുമ്പോ....“

“ഓ... അതിനൊക്കെ ഇപ്പൊ എന്നാ മറൂപടി പറയാനാ ദേവസ്സ്യേ... രണ്ട് കണ്ടോം അടുത്തടുത്തടത്തല്ലേ കിടക്കണേ... വിത്ത് വീശിയെറിഞ്ഞപ്പോ ചിലപ്പോ അങ്ങോട്ടുമിങ്ങോട്ടും വീണതാകും. എന്തായാലും വെളഞ്ഞു... പതിരാകാതിരിന്നാ മതി...“

ഇതും പറഞ്ഞ് ചേട്ടത്തി എണീ‍റ്റ് വീടിനകത്തേയ്ക്ക് നീങ്ങി....

വായും പൊളിച്ച് ദേവസ്സിയും....

തിരുമേനിടെ ഭാഷേ പറഞ്ഞാല്‍... “അന്തഃസ്യ കുന്തഃസ്യ ദേവസ്യ !“

“അന്തം വിട്ട് കുന്തം വിഴുങ്ങ്യ പോലെ ദേവസ്സി നിന്നൂന്ന് സാരം...!“

64 comments:

സഹയാത്രികന്‍ said...

“അന്തഃസ്യ കുന്തഃസ്യ ദേവസ്യ !“
:)

വാല്‍മീകി said...

ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ അവസ്ഥയും അതുപോലെ തന്നെ. ചേട്ടത്തി ഇത്ര പെട്ടെന്ന് അതും പറഞ്ഞ് അകത്തോട്ട് പോവുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല.
കലക്കി കുട്ടാ...

കുതിരവട്ടന്‍ :: kuthiravattan said...

എന്തമ്മോ. ഒരു ഒന്നര ഡയലോഗ് തന്നെ. :-)

മയൂര said...

“അന്തഃസ്യ കുന്തഃസ്യ ദേവസ്യ !“
നല്ല രസായി അവതരണം...:)

കൊച്ചുത്രേസ്യ said...

ഈഈഈശോ എന്തൊരു ഡയലോഗ്‌!!

ഞാന്‍ ചേടത്തീടെ ഫാനായീട്ടോ..

വാണി said...

യ്യോ... ഞാനും ചേടത്തീടെ ഫാനായി !

അവതരണം കലക്കി..

അനംഗാരി said...

എനിക്ക് “ഫാനാ”കാന്‍ പറ്റില്ല.വേണമെങ്കില്‍ ഒന്ന് ലൈനടിക്കാം:)

നിഷ്ക്കളങ്കന്‍ said...

ശ്ശോ! എന്നാ ഡ‌യ‌ലോഗ്. ന‌ല്ല തന്മ‌യത്വമുള്ള ഭാഷ.
ന‌ന്നായി മാഷേ.

സുമുഖന്‍ said...

ചേട്ടത്തി ഒരു ഒന്നന്നര ചേട്ടത്തി ആണല്ലോ..:-))

ശ്രീ said...

ചേട്ടത്തി കലക്കീലോ...

എത്ര സിമ്പിളായി കാര്യം പറഞ്ഞു...


ലളിതമായ...രസകരമായ അവതരണം...

:)

അപ്പു said...

സഹയാത്രികാ.. കുറെ ചിരിച്ചു. ഈ ചേട്ടത്തിയുടെ ഒരു കാര്യമേ.

ഓ.ടോ: ഈ “മ” സ്റ്റൈലിലല്ലാത്ത ബ്ലോഗ് ഡിസൈന്‍ കൊള്ളാംകേട്ടോ. ഇതുപോലൊന്നു ചെയ്തുതരുമോ?

അനൂപ്‌ തിരുവല്ല said...

ചേട്ടത്തി കൊള്ളാമല്ലോ

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സഹയാത്രീ, കൊള്ളാം....ഡയലോഗുകള് എല്ലാം സൂപ്പര് ...താങ്കള് ഒരു കോട്ടയം അച്ഛായനാണെന്നേ ആളുകള് വിചാരിക്കൂ..:)

ഹരിശ്രീ said...

ഓ... അതിനൊക്കെ ഇപ്പൊ എന്നാ മറൂപടി പറയാനാ ദേവസ്സ്യേ... രണ്ട് കണ്ടോം അടുത്തടുത്തടത്തല്ലേ കിടക്കണേ... വിത്ത് വീശിയെറിഞ്ഞപ്പോ ചിലപ്പോ അങ്ങോട്ടുമിങ്ങോട്ടും വീണതാകും. എന്തായാലും വെളഞ്ഞു... പതിരാകാതിരിന്നാ മതി...“

ഹ...ഹ..ഹ..

സഹയാത്രികാ,

ഞാന്‍ ബൂലോലത്തില്‍ ഏറ്റവും അധികം രസിച്ചു വായിക്കുന്നത് നിങ്ങള്‍ ഇടുന്ന പോസ്റ്റുകളാ‍ണ്.(മറ്റു ബ്ലോഗര്‍മാരെ കൊച്ചാക്കിയതല്ല.) ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ...

ആശംസകള്‍...

വേണു venu said...

എന്‍റീശോയേ ദേ ചേടത്തി....:)

ശ്രീഹരി::Sreehari said...

ഹ്ഹ ഹ രസകരമായി

പ്രയാസി said...

ഈഈഈഈഇശോ.... ദെന്താദ്... കുപ്സ്യാ....

കലക്കി കുട്ടാ.. ഇടക്കു റിയാലിറ്റിക്കും കൊട്ടി..
അവസാനം ചേട്ടത്തിക്കും കൊട്ടി.. ഇതെങ്ങനെ ഈ ഭാഷകള്‍ ഇത്ര നന്നായി എഴുതാന്‍ കഴിയുന്നു..!?

വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍..
"അന്തഃസ്യ കുന്തഃസ്യ ദേവസ്യ !"..;)

സി. കെ. ബാബു said...

പുള്ളങ്ങളു് ഒണ്ടാവാതിരി‍ക്കണോങ്കി അയലോക്കത്തെ സകല ആമ്പിറന്നോന്മാരും വാസെക്ടമി ചെയ്യണംത്രേ!

G.manu said...

അല്‍പ്പ നേരത്തിനു ശേഷം കണ്ണുകള്‍ നിറച്ചുകൊണ്ട് കര്‍ത്താവ് പറഞ്ഞത്രേ....,
“പിതാവേ, ഇദ്ദേഹം പറയുന്നതെന്തെന്ന് ഇദ്ദേഹം പോലും അറിയുന്നില്ല.... ഇദ്ദേഹത്തോട് നീ സദയം ക്ഷമിക്കേണമേ.....!“

hahah chirichu oru paruvam ayaolo ente yathrikaa

ഉപാസന | Upasana said...

സഹാ
:))))))
കലക്കി മാഷേ...
:)
ഉപാസന

കൃഷ്‌ | krish said...

ദേവസ്യക്ക് ചേട്ടത്തിയുടെ കൈയ്യില്‍ നിന്നും കണക്കിനു കിട്ടുമെന്ന് കരുതി. എന്തായാലും ചേട്ടത്തിയെ സമ്മതിക്കണം.
“വിത്ത് വീശിയെറിഞ്ഞപ്പോ ചിലപ്പോ അങ്ങോട്ടുമിങ്ങോട്ടും വീണതാകും.“
എന്താ ഡയലോഗ്.. എന്റെ ഈഈശോ‍ാ..

മുരളി മേനോന്‍ (Murali Menon) said...

എന്തിനും ഈ ഈ ഈ..ശ്വോന്ന് വിളിച്ച് ഈശ്വോനെ ദേഷ്യപ്പെടുത്ത്യാ ഇമ്മാതിരി ചോദ്യങ്ങളുമായ് ഈശ്വോ ആളോളെ അയക്കും. കലക്കി ട്ടാ...
പിന്നെ ആവശ്യമുള്ളതിനും ഇല്ലാത്തതിനും ദൈവത്തിനെ വിളിക്കുന്നത് എഴുതിക്കണ്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു കാര്യം, ഗുരുവായൂരപ്പനൊരിക്കല്‍ ദേഷ്യം വന്ന കഥയാണ്. അതിങ്ങനെ,
കോളേജില്‍ പഠിക്കുന്ന മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അമ്മ സ്വന്തം തലയില്‍ കൈവച്ച് ഇങ്ങനെ പറഞ്ഞു,
“ചതിച്ചല്ലോ നീ ഗുരുവായൂരപ്പാ”
അപ്പോള്‍ ദൈവത്തിനെ ആവശ്യത്തിനും അനാവശ്യത്തിനും വിളിക്കുന്നവരുടെ ശ്രദ്ധക്ക്...

മന്‍സുര്‍ said...

സഹാ....

ഞാന്‍ അല്‍പ്പം വൈകിയൊ എന്നൊരു സംശയം

ഓ എല്ലാരുമുണ്ടല്ലോ... ഇത്‌ എന്നതാ ഇവിടെ ഒരു ബളഹം
എന്റമ്മച്ചിയേ ഇതിയാന്‍ എന്നേം കൊണ്ടേ പോകത്തുള്ളൂ

മറ്റൊരു സൂപ്പര്‍ മെഗ.........അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

സണ്ണിക്കുട്ടന്‍ /Sunnikuttan said...

തകര്‍ത്തിട്ടുണ്ടല്ലോ ഇഷ്ട! !!! പോരട്ടങ്ങനെ പോരട്ടെ

ജാസൂട്ടി said...

കൊള്ളാം...ചേടത്തി കലക്കീലോ...:)

കുട്ടന്മേനോന്‍ said...

കിണ്ണങ്കാച്യായീണ്ട്..

ഈഈഈഈഇശോ....സാന്‍ഡോസെ നീയെവിടെ ?

P.R said...

സത്യം പറയാലോ, സഹാ..
ചേട്ടത്തിയായി എന്റെ മനസ്സില്‍ തെളിഞ്ഞുവന്നത് കെ.പി.എ.സി. ലളിത. ശരിയ്ക്കും അവരുടെ ശബ്ദത്ത്തിലായിരുന്നു ഡയലോ‍ാഗ് മുഴുവനും വായിച്ചത്!
സ്ലാങ് കലക്കി!

Sumesh Chandran said...

മ്മ്ടെ ഭാസീടെ ഏ സീടെ കാര്യം പറഞത് പരമസത്യം...

കഥ നന്നായി...ട്ടൊ..

അപ്പൊ, ശരി ട്ടാ, വെതയ്ക്കാന്‍ നേരായീ... :)

ഹരിശ്രീ (ശ്യാം) said...

കൊള്ളാം കലക്കി മറിച്ചു കളഞ്ഞു.
"ഭാസി ഏസിയിലിരുന്ന് പണിയണേന് പിസിയെന്തിനാ ഫീസ് കൊടുക്കണേ....! "
എനിക്കേറ്റവും ഇഷ്ടപ്പെട്ടത്ടു ഈ ഡയലോഗ്-ഉം പിന്നെ തലേക്കെട്ടും പിന്നെ അവസാനം ക്ലൈമാക്സും . എന്നാ പറയാനാ .. മൊത്തത്തില്‍ ഉഗ്രന്‍ സംഭവം.

Visala Manaskan said...

ഹഹഹ..

ഡാ പെരിയ സാമിയുടെ അനിയന്‍ കുപ്പു സാമീ...അലക്കീട്ട് ണ്ട്രാ.


:)

കുഞ്ഞന്‍ said...

ഹഹ..

സഹ y.. എന്റെ ഈ..ഈശൊ... എന്തൊരലക്കാ ചുള്ളാ, ഗൊള്ളാം ഒന്നന്നര ചേട്ടത്തി..!

മൂര്‍ത്തി said...

രസിച്ചു..പി.ആര്‍. പറഞ്ഞപോലെ കെ.പി.എ.സി ലളിതയായിരുന്നു മനസ്സില്‍..

ഈശോ..സൂസി...എന്ന ആ ഫേമസ് ഡയലോഗ്...

ചന്ദ്രകാന്തം said...

ഹൗ... ഡയലോഗെല്ലാം ഒന്നിനൊന്നു മെച്ചം. (ഏതെടുത്ത്‌ വീശണം..ന്നു...സംശ്യം.)

ചേടത്തിയുടെ 'കയ്യടക്കം' വായിച്ചിട്ട്‌, ഉള്ള അന്തം മുഴുവനും കൈവിട്ടുപോയി.
അടിപൊളി.

സഹയാത്രികന്‍ said...

വാല്‍മീകിമാഷേ... നന്ദി :)
കുതിരവട്ടന്‍ ചേട്ടോ... നന്ദി :)
മയൂരാജി നന്ദി :)
ത്രേസ്യാകൊച്ചേ... ഇനി ചേട്ടത്തിയ്ക്ക് സുഖായിരുന്ന് കാറ്റ് കൊള്ളാം... നന്ദി :)
വാണിജി നന്ദി :)
അനംഗാരി മാഷേ അപ്പൊ ലൈന്‍ വലിക്കാന്‍ തന്നാ ഉദ്ദേശല്ല്യോ... നടക്കട്ട്... നന്ദി :)
നിഷ്ക്കളങ്കന്‍ മാഷേ നന്ദി :)
സുമുഖന്‍ ചേട്ടോ നന്ദി :)
ശ്രീ നന്ദി :)
അപ്പ്വേട്ടാ നന്ദി :) ( ആ ‘മ’ മ്മക്കിട്ട് താങ്ങീതാല്ല്യോ... നന്ദി :) )
അനൂപ് ജി നന്ദി :)
ജിഹേഷ് ജി ഓ... അതിനിപ്പൊ എന്നാ പറയാനാന്നേ... അങ്ങ് കരുതട്ട്... നന്ദി :)
ഹരിശ്രീ സന്തോഷം... നന്ദി :)
വേണുവേട്ടാ നന്ദി :)
ശ്രീഹരി ഭായ് നന്ദി :)
പ്രയാസി... ഗൊച്ച് ഗള്ളാ നീ അത് കണ്ട് പിടിച്ചല്ലേ... നന്ദിണ്ട്ട്ടാ :)
ബാബുച്ചേട്ടോ... ഹി..ഹി..ഹി.. അങ്ങനെ പറയരുത്...ഇത് ചുമ്മാ ഒന്ന് തമാശിക്കാന്‍ നോക്കീതല്ലേ.. നന്ദി :)
മനുവേട്ടാ... നന്ദി :)
സുനിലേ നന്ദി :)
കൃഷ്ജി നന്ദി :)
മുരളിയേട്ടാ ഹ ഹ ഹ... അത് കലക്കി... പിന്നെ ഗുരുവായൂരപ്പന്‍ ചൂടാവാണ്ടിരിക്കോ... ഇപ്പൊ പ്രത്യേകിച്ച് പീഠനത്തിന്റെ കാലവും.
നന്ദി :)
മന്‍സൂ...താങ്ക്സൂ... :)
സണ്ണ്യേട്ടാ നന്ദി :)
ജാസൂട്ട്യേ നന്ദി :)
മേനോന്‍ ചേട്ടോ നന്ദി... :)
പീ.ആര്‍. ചേച്ചി,“ഈഈഈഈശോ ഒള്ളതാണോ കൊച്ചേ ഈ പറയുന്നേ“ നന്ദി
:)
സുമേഷേട്ടാ...നന്ദി :)
ശ്യാമണ്ണാ.. നന്ദി :)
വിശാലേട്ടാ... നന്ദിണ്ട്ട്ടാ..:)
കുഞ്ഞേട്ടാ.... നന്ദി :)
മൂര്‍ത്തി സാറേ... നന്ദി :)
ചന്ദ്രകാന്തം ചേച്ചീ ... അന്തഃസ്യ കുന്തഃസ്യ ചന്ദ്രസ്യ !... ചേച്ച്യേ നന്ദി :)

അലി said...

... എന്തായാലും വെളഞ്ഞു... പതിരാകാതിരിന്നാ മതി...

ഈഈഈശോയെ!
എന്നാ ഡയലോഗാ കാച്ചിയെ...

സഹയാത്രികാ... ഒരുപാടിഷ്ടപ്പെട്ടു.

അഭിനന്ദനങ്ങള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അന്തഃസ്യ കുന്തഃസ്യ ദേവസ്യ

കലക്കി ചേട്ടാ.ചേട്ടത്തി സൂപ്പര്‍!!!

Typist | എഴുത്തുകാരി said...

ചേടത്തി ആളൊരു രസികത്തി തന്നെ.
ചേടത്തിയുടെ വിശേഷങ്ങള്‍ ഇടക്കിടക്കു പറഞ്ഞോളൂ, ട്ടോ, ഞങ്ങളോട്.

..വീണ.. said...

ചേട്ടത്തി ശരിക്കും ഒറിജിനല്‍ ആള്‍ ആണോ? എന്തായാലും ആള്‍ ഒരു ‘പ്രസ്ഥാനം‘ തന്നെയാണേ!!

ധ്വനി said...

പിന്നേ സ്നേഹള്ളോളാ... ( ഉറങ്ങുമ്പോള്‍)....
ഇങ്ങനെ ഉറങ്ങുമ്പോള്‍ എന്നു ബ്രാക്കറ്റില്‍ ഇടുവൊന്നും വേണ്ട! ചിലര്‍ ഉറക്കത്തിലും തൊഴിച്ചു കൊണ്ടേ കിടക്കൂ!

അന്തഃസ്യ കുന്തഃസ്യ ദേവസ്യ !

വിനാശ കാലേലു പാമ്പേലു കഴുത്തേലു! :)

ഏ.ആര്‍. നജീം said...

“ഈഈഈശോ... ദേ യേശു...!“

ഹ ഹാ ഹാ... താടിയില്‍ കൈയ്യും കൊടുത്ത് ചേട്ടത്തിയുടെ നില്പും ചോദ്യവും ആദ്യം മനസില്‍ ഓര്‍ത്ത് കുറേ ചിരിച്ചു. പിന്നാ ബാക്കി വായിച്ചേ :)

ഈഈഈശോ... ദേ ഈ സഹ മനുഷേനേ ചിരിപ്പിക്കാനായിട്ടിറങ്ങിയേക്കുവാണോ..

കുറുമാന്‍ said...

“ഓ... അതിനൊക്കെ ഇപ്പൊ എന്നാ മറൂപടി പറയാനാ ദേവസ്സ്യേ... രണ്ട് കണ്ടോം അടുത്തടുത്തടത്തല്ലേ കിടക്കണേ... വിത്ത് വീശിയെറിഞ്ഞപ്പോ ചിലപ്പോ അങ്ങോട്ടുമിങ്ങോട്ടും വീണതാകും. എന്തായാലും വെളഞ്ഞു... പതിരാകാതിരിന്നാ മതി...“ - ഏറ്റവും ഇഷ്ടായത് ചേട്ടത്തീടെ ഈ വാചകം തന്നെ.......

രസായി എഴുതിയിരിക്കുന്നു.

SAJAN | സാജന്‍ said...

സഹ, മുന്നേ വായിച്ചിരുന്നു..
അപ്പൊ കമന്റാന്‍ കഴിഞ്ഞില്ല!
എല്ലാവരും എഴുതിയത് പോലെ അവസാനത്തെ ആ ഡയഗോല്‍ ഉണ്ടല്ലൊ അദാണ് അദാണ് അദാണ് അതിന്റെ ഒരു ഇത് :)

സഹയാത്രികന്‍ said...

അലിഭായ്... നന്ദി :)

പ്രിയാ.. നന്ദി :)

എഴുത്തുകാരി നന്ദി :)

വീണാ ജി...ഒറിജിനല്‍ അല്ല..വെറുതേ തല്ല് കൊള്ളിക്കല്ലേ പെങ്ങളേ... നന്ദി :)

ധ്വനി ഉറക്കത്തില്‍ തൊഴിക്കാഠ ചിലരെ പറ്റിയാകാം ഇത്.. :)

അവസാനലു പറഞ്ഞത്‌ലു മനസ്സിലായില്ലലൂ :)

നജിം ക്കാ... നന്ദി :)

കുറുമാന്‍ ജി നന്ദി :)

സാജന്‍ ഭായ് നന്ദി :)

pradeep said...

ഈ ചേടത്തി ഇപ്പോഴുമുണ്ടോ ?
നല്ല ചിത്രീകരണം.അഭിനന്ദനങ്ങള്‍

സഹയാത്രികന്‍ said...

പ്രദീപ് ജി... ഇങ്ങനേയും ചേട്ടത്തിമാര്‍ ഉണ്ടായേക്കാം...

:)

The Common Man | പ്രാരാബ്ദം said...

ന്റമ്മേ!!!!!!!![ ഒരു ഇരിങ്ങാലക്കുട ടച്ച്]

ക്ളൈമാക്സിന്റെ തരിപ്പു ഇതുവരെ മാറിയില്ല കേട്ടാ...

പേര്.. പേരക്ക!! said...

എഴുത്ത് കൊള്ളാല്ലോ? നന്നായി ചിരിച്ചു..
ഓ.ടോ: തലക്കെട്ടുകള്‍ മാറ്റിയത് ശ്രദ്ധിച്ചു. നന്നായിരിക്കുന്നു. ആ ഇംഗ്ഗ്ലീഷിലെഴുത്തു വേണോ?

Sul | സുല്‍ said...

ഹിഹിഹി
കൊള്ളാം ചേട്ടത്തി :)

-സുല്‍

Geetha Geethikal said...

കഥ കൊള്ളാം.
തലക്കെട്ട് അതിനേക്കളേറെ കൊള്ളാം.

ശ്രീ said...

സഹയാത്രികാ...

ഇതിലെ അമ്പതാം കമന്റായി, എന്റെ വക പുതുവത്സരാശംസകള്‍‌ ഇരിയ്ക്കട്ടേ...

:)

2008 ല്‍‌ നന്മകള്‍‌ മാത്രം നേരുന്നു.

Friendz4ever // സജി.!! said...

ഹഹ അത് കലക്കീ..
എതെ എനിക്ക് ഫാന്‍ ഒന്നും ആകാന്‍ പറ്റില്ലാ ചേട്ടത്തീടെ ഒരു കാര്യംമേ. വേണേല്‍ ഒരു എസി ആയേക്കാം :)

കാനനവാസന്‍ said...

മാഷെ ചേട്ടത്തി സൂപ്പറായി കേട്ടോ....

ഞാന്‍ ബൂലോകത്ത് അല്പം പുതുതാണ്..ബൂലോകം മൊത്തം കണ്ടുവരുന്നതേയുള്ളൂ.താങ്കള്‍ ഡിസൈന്‍ ചെയ്തുകൊടുത്ത തലക്കെട്ടുകളൊക്കെക്കണ്ടു..കലക്കന്‍....ആശംസകള്‍. :)

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

അപര്‍ണ്ണ said...

ഇതെവിടെപ്പോയി? കാണ്മാനില്ലാണ്ടായോ? :(
അതോ അവധിയിലാണോ? :)

ശ്രീ said...

വിഷു ആശംസകള്‍!
:)

ഇക്കാസോ said...

പാവം ദേവസിച്ചേട്ടന്‍. കുടുംബം ചെറുതായൊന്ന് കലക്കാലോന്ന് കരുതി വന്നതാവും.. അന്തഃസ്യ കുന്തഃസ്യ ദേവസ്യ !!

ശ്രീ said...

അഡ്വാന്‍സായി വിവാഹ മംഗളാശംസകള്‍!
:)

kilukkampetty said...

അന്തഃസ്യ കുന്തഃസ്യ ദേവസ്യ !“
:)
ഒന്നുമേപറയുന്നില്ല...........
എന്റെ കുട്ടനു വിവാഹ മംഗളാശംസകള്‍. മനസ്സു നിറഞ്ഞ പ്രാര്‍തഥനകള്‍... സുഖമായി ജീവിക്കു കുട്ടാ....

kilukkampetty said...

കൃഷ്ണപ്രഭയെയും കൂട്ടി ഈ വഴി വരണേ കുട്ടാ, ഞങ്ങള്‍ ബ്ലൊഗേര്‍സ് മുഴുവനും കാത്തിരിക്കുന്നു ഞങ്ങടെ സഹയാത്രികനെ....

Kichu & Chinnu | കിച്ചു & ചിന്നു said...

ചേടത്തി മാരകം !! :)

മന്‍സുര്‍ said...

സഹ...

ചുമ്മ ഒന്ന്‌ വന്നതാ...ഇവിടെയുണ്ടല്ലേ...അപ്പോ
വന്നിട്ട്‌ വിളിക്കാം

പിന്നെ ഒരു പണി തന്ന ചെയ്യ്‌ത്‌ തന്നൂടേ...ഞാനങ്ങോട്ട്‌ വരട്ടെ...കാണിച്ചു തരാം... :)

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍

ഹന്‍ല്ലലത്ത് ‍ said...

ഓ... അതിനൊക്കെ ഇപ്പൊ എന്നാ മറൂപടി പറയാനാ ദേവസ്സ്യേ... രണ്ട് കണ്ടോം അടുത്തടുത്തടത്തല്ലേ കിടക്കണേ... വിത്ത് വീശിയെറിഞ്ഞപ്പോ ചിലപ്പോ അങ്ങോട്ടുമിങ്ങോട്ടും വീണതാകും. എന്തായാലും വെളഞ്ഞു... പതിരാകാതിരിന്നാ മതി...“

ഈഈഈഈഇശോ...............നല്ല ഭാഷ മനോഹരമായ എഴുത്ത്....
ആശംസകള്‍.....

M A N U . said...

നല്ല രസമുള്ള ഭാഷാപ്രയോഗം......കുറേ ചിരിച്ചു മഷേ.....മുകളിലാരോ എഴുതിയതുപോലെ ചേട്ടത്തിയെ വായിച്ചറിഞ്ഞപ്പോള്‍ കെ.പി.എ.സി ലളിതയെയാണോര്‍മ്മ വന്നത്‌.

Arun Vasu said...

മം... മം...കലക്കനായിട്ടോണ്ട്!